ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ; ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി ഇഴകീറി പരിശോധിക്കും -എം.വി. ഗോവിന്ദൻ

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവി സി.പി.എം ഇഴകീറി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലെ നേർവഴി പക്തിയിലെ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ. ജനങ്ങൾ നൽകുന്ന മുന്നറിയിപ്പ് പരിഗണിച്ച് തിരുത്തേണ്ടത് തിരുത്തി മുന്നോട്ടു പോകും. ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ സജീവമായി ഏറ്റെടുത്ത് അവരോടൊപ്പം ചേർന്ന് എൽ.ഡി.എഫ് പ്രയാണം തുടരുമെന്നും എം.വി. ഗോവിന്ദൻ പറയുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റാണ് എൽ.ഡി.എഫിന് ലഭിച്ചത്. ഇത്തവണയും ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. 2019ൽ ആലപ്പുഴയാണെങ്കിൽ ഇക്കുറി ആലത്തൂരാണെന്ന് മാത്രം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിനാണ് കേരളത്തിൽ മുൻതൂക്കം ലഭിക്കാറുള്ളത്.

1984ന് ശേഷം നടന്ന 11 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒമ്പത് തവണയും യു.ഡി.എഫിനായിരുന്നു മുൻതൂക്കം. അടിയന്തരാവസ്ഥക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ ഇടതുപക്ഷത്തിന് 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിരുന്നില്ല.

ഇപ്പോഴത്തെ തോൽവിയെ ചെറുതായി കാണുന്നില്ല. ഇടതുപക്ഷം ഒരു സീറ്റിൽ മാത്രം ഒതുങ്ങിയതും ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിച്ചതും ഗൗരവമേറിയ വിഷയമാണ്. മൂവാറ്റുപ്പുഴയിലും നേമത്തും നേരത്തെ ബി.ജെ.പി ജയിച്ചിട്ടുണ്ട്. ബി.ജെ.പി വിജയം ആവർത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം എൽ.ഡി.എഫിന് ഒരുക്കുമെന്നും എം.വി. ഗോവിന്ദൻ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - In a democracy, the people are the masters; Defeat in the Lok Sabha elections will be closely examined - M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.