കണ്ണൂര്‍: പെരിങ്ങത്തൂരിൽ സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും കൗണ്ടറിലെ ചില്ലുകളും യുവാവ് അടിച്ചുതകര്‍ത്തു. ഗുരുജിമുക്ക് സ്വദേശി ജമാലാണ് കഴിഞ്ഞദിവസം രാത്രി ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 8.45ഓടെയാണ് ജമാല്‍ മഴുവുമായി ടൗണിലെ സഫാരി സൂപ്പർ മാര്‍ക്കറ്റിലെത്തിയത്. സ്ഥാപനം അടയ്ക്കാനുള്ള സമയമായതിനാല്‍ പ്രധാന ഷട്ടര്‍ മാത്രമേ തുറന്നിരുന്നുള്ളൂ. ഈ സമയം അക്രമാസക്തനായി എത്തിയ യുവാവ് കൗണ്ടറിലെ ചില്ലുകള്‍ അടിച്ചുതകർത്തു. ഇതോടെ കൗണ്ടറിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റിനകത്ത് കയറിയ യുവാവ് ഷെല്‍ഫിലുണ്ടായിരുന്ന സാധനങ്ങൾ തകര്‍ത്തു. ശേഷം ഫ്രിഡ്ജിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത ശേഷം ഇതിലുണ്ടായിരുന്ന ചോക്ലേറ്റുകളില്‍ രണ്ടെണ്ണം കൈയിലെടുത്ത് പുറത്തേക്കിറങ്ങിപ്പോയി.
ബഹളം കേട്ട് നാട്ടുകാര്‍ കടയ്ക്ക് മുന്നിലെത്തിയെങ്കിലും ഇയാള്‍ ആയുധം വീശി ഭീഷണിപ്പെടുത്തി. ഇയാളെ പിടിച്ചുവെയ്ക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്ക് മഴു വീശുന്നതിനിടെ നിസാര പരിക്കേറ്റു.
വിവരമറിഞ്ഞെത്തിയ ചൊക്ലി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ദിവസങ്ങൾക്കുമുമ്പും ജമാൽ പെരിങ്ങത്തൂർ ടൗണിൽ അക്രമം അഴിച്ചുവിടാൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സൂപ്പർ മാർക്കറ്റ് ആക്രമണത്തിന് ശേഷം, ജമാലിന്റെ ബജാജ് ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചതായി കണ്ടെത്തി. സംഭവത്തിന് പിന്നിൽ ആരാണെന്നു വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.