കൊച്ചി: വന്യജീവി-മനുഷ്യ സംഘർഷം അടിക്കടി വർധിക്കുന്ന സാഹചര്യത്തിൽ ഹൈടെക് തന്ത്രങ്ങളിലൂടെ പ്രതിരോധമൊരുക്കാൻ വനം, വന്യജീവി വകുപ്പ്. ഇതിന്‍റെ ഭാഗമായി നിലവിെല സ്നേക് അവയർനെസ് റെസ്ക്യൂ ആന്‍ഡ് പ്രൊട്ടക്ഷൻ (സർപ) ആപ് പരിഷ്കരിക്കും. സ്മാർട്ട് റെയിൽ വേലി നിർമാണവും എ.ഐ കാമറ സ്ഥാപിക്കലും സജീവമായി പരിഗണിക്കുന്നുണ്ട്.
പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാൻ പരിശീലനം സിദ്ധിച്ച വിദഗ്ധരെ ഉൾപ്പെടുത്തി 2021 ജനുവരിയിൽ ആവിഷ്കരിച്ച മൊബൈൽ ആപ്ലിക്കേഷനാണ് ‘സർപ’. പാമ്പുകളെ കണ്ടാൽ ജി.പി.എസ് മുഖേന പ്രവർത്തിക്കുന്ന ആപ് വഴി വിവരം അറിയിച്ച് വിദഗ്ധരുടെ സേവനം തേടാം. ഇതിന്‍റെ ഭാഗമായി സംസ്ഥാനമൊട്ടാകെ ആയിരത്തോളം സ്നേക് റസ്ക്യൂവർമാർ പ്രവർത്തിക്കുന്നുണ്ട്. ആന, കടുവ, മനുഷ്യർക്ക് ഭീഷണിയാകുന്ന മറ്റ് വന്യജീവികൾ എന്നിവയെക്കൂടി ഉൾപ്പെടുത്തി ആപ് പരിഷ്കരിക്കാനാണ് പദ്ധതി. ആപ് ഡൗൺലോഡ് ചെയ്തവർക്ക് ഇത്തരം ജീവികളുടെ നീക്കത്തെക്കുറിച്ച് യഥാസമയം സന്ദേശമെത്തും.
കാട്ടാനയോ കടുവയോ ഇറങ്ങിയാൽ അതുസംബന്ധിച്ച വിവരവും ജാഗ്രതാ നിർദേശവും ഇതിലൂടെ ലഭിക്കും. ഓരോ ദിവസവും എവിടെയെല്ലാം വന്യജീവികളിറങ്ങി, എത്രയെണ്ണത്തെ തുരത്തി തുടങ്ങിയ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ ഡാഷ്ബോർഡും സജ്ജീകരിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് തടയാൻ ലക്ഷ്യമിട്ടാണ് സ്മാർട്ട് റെയിൽ വേലി സ്ഥാപിക്കാനുള്ള ആലോചന. വന്യജീവികൾ വേലിക്കടുത്തെത്തുമ്പോൾതന്നെ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുകയും ദ്രുത പ്രതികരണ സംഘത്തിന് (ആർ.ആർ.ടി) സന്ദേശം ലഭിക്കുകയും ചെയ്യും. വന്യജീവി ശല്യമുള്ള എല്ലാ പ്രദേശങ്ങളിലും ഘട്ടംഘട്ടമായി വേലി സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതിനുപുറമെ, പ്രശ്നമുള്ള സ്ഥലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) കാമറകൾ സ്ഥാപിക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. വയനാട്ടിൽ മാത്രം 250ഓളം കാമറ സ്ഥാപിക്കും. വന്യജീവി ശല്യം നേരിടാൻ തമിഴ്നാടും കർണാടകവുമായി യോജിച്ച് പദ്ധതികൾ ആവിഷ്കരിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി മൂന്ന് സംസ്ഥാനത്തെയും വനം മന്ത്രിമാർ മാർച്ച് 10ന് ബന്ദിപ്പൂരിൽ യോഗം ചേരും.
കർണാടകവുമായി യോജിച്ച് പദ്ധതികൾ ആവിഷ്കരിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി മൂന്ന് സംസ്ഥാനത്തെയും വനം മന്ത്രിമാർ മാർച്ച് 10ന് ബന്ദിപ്പൂരിൽ യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.