പള്ളിക്കര: സ്കൂൾ ബസിൽനിന്ന് വിദ്യാർഥി വീഴാനിടയായ സംഭവത്തിൽ പെരുമ്പാവൂർ ജോ.ആർ.ടി.ഒ എ.കെ. പ്രകാശ് റിപ്പോർട്ട് സമർപ്പിച്ചു. വാഹനത്തിന് അകത്തുനിന്ന് ഹാൻഡിൽലോക് കവർ പൊട്ടിച്ച് തുറക്കാവുന്ന വിധത്തിലാണ് നിർമിക്കുന്നത്. എന്നാൽ, ഈ വാഹനത്തിന്റെ ഹാൻഡിലോക് കവർ പൊട്ടിപ്പോയതായി കണ്ടെത്തി.
ഈ കവറില്ലാത്തതിനാൽ കുട്ടികൾ ആരോ അബദ്ധത്തിൽ ഹാൻഡിൽ വലിച്ചതാകാം അപകടകാരണമെന്നാണ് നിഗമനം. വാഹനത്തിന്റെ തകരാർ പരിഹരിച്ച് പരിശോധനക്ക് ഹാജരാക്കിയ ശേഷം മാത്രമേ സർവിസ് നടത്താവൂ എന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ഈ സ്കൂളിന്റെ ഉടമസ്ഥതയിലുള്ള മറ്റു ബസുകൾ പരിശോധിച്ചതിൽ ഇത്തരം അപാകതകൾ കണ്ടെത്തിയില്ല. ബസ് ഇപ്പോൾ കുന്നത്തുനാട് പൊലീസ് കസറ്റഡിയിലാണ്. അപകടത്തിൽപെട്ട കുട്ടിക്ക് രക്ഷാപ്രവർത്തനം നടത്താതെ ഡ്രൈവർ കടന്ന് കളഞ്ഞത് ഗുരുതര അനാസ്ഥയാണ്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് വാഹനം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ടത് ഡ്രൈവറുടെ ചുമതലയാണ്.
ഇതിൽ വീഴ്ച വരുത്തിയതിനാൽ ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും മോട്ടോർ വാഹന വകുപ്പിന്റെ മേൽനോട്ടത്തിലുള്ള എടപ്പാൾ ഐ.ഡി.ടി.ആറിൽ ഒരു ദിവസത്തെ നിർബന്ധിത പരിശീലനത്തിന് ഹാജരാകാനും ജോ.ആർ.ടി.ഒ ഉത്തരവിട്ടു. സ്കൂൾ വാഹന പരിശോധന നടത്തുമെന്നും വീഴ്ചകണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ജോ.ആർ.ടി.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.