ആലുവ: സ്കൂൾ ബസിന്‍റെ എമർജൻസി വാതിൽ ശരിയായി ഉറപ്പിക്കാത്തതിനെ തുടർന്ന് വിദ്യാർഥി റോഡിൽ തെറിച്ചുവീണ സംഭവത്തിൽ സ്‌കൂൾ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് മോട്ടോർ വാഹന വകുപ്പ്. എമർജൻസി വാതിലിലെ സുരക്ഷ ഗ്ലാസ് ഷീൽഡ് നഷ്ടപ്പെട്ടിരുന്നതായാണ് പരിശോധനയിൽ കണ്ടെത്തി.
പേങ്ങാട്ടുശ്ശേരി അല്‍-ഹിന്ദ് സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനി, ചുണങ്ങംവേലി ആശാരിക്കുടി വീട്ടിൽ എ.എം. യൂസുഫിന്‍റെ മകൾ ഹൈസ ഫാത്തിമയാണ് സ്കൂള്‍ ബസിൽനിന്ന് പുറത്തേക്കുവീണത്. ഈ സമയം എത്തിയ മറ്റൊരു ബസ് പെട്ടെന്നു നിര്‍ത്തിയതിനാല്‍ അപകടമൊഴിവാകുകയായിരുന്നു.
42 സീറ്റുള്ള ബസിൽ 61കുട്ടികളെയുമായി വീട്ടിലേക്കുള്ള യാത്രമധ്യേയാണ് അപകടമെന്ന് ആലുവ ജോ. ആർ.ടി.ഒയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എമർജൻസി വാതിലിനോട് ചേർന്നുനിന്ന രണ്ടുപേരിൽ ഒരാളാണ് തുറന്ന വാതിലിലൂടെ താഴേക്ക് വീണത്.
പരിശോധനയിൽ വാഹന നിർമാണ കമ്പനി എമർജൻസി വാതിലിന്‍റെ ലോക്കിന്‍റെ മുന്നിൽ ഘടിപ്പിച്ച സുരക്ഷ ഗ്ലാസ് ഷീൽഡ് നഷ്ടപ്പെട്ടതായി കണ്ടെത്തി. ഈ സംവിധാനം പരിപാലിക്കുന്നതിൽ ഡ്രൈവർക്കും സ്കൂൾ മാനേജറിനും വീഴ്ച പറ്റിയെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. ബസ് ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുത്തിട്ടുണ്ട്. വാഹനത്തിന്‍റെ ഫിറ്റ്നസ് റദ്ദാക്കാനും നടപടി സ്വീകരിച്ചു.
പരിശോധനയിൽ സ്കൂളിന്‍റെ ഒമ്പത് വാഹനങ്ങളിൽ ആറെണ്ണത്തിലും അപാകത കണ്ടെത്തി. എമർജൻസി എക്സിറ്റ് ലോക്കിന്‍റെ സുരക്ഷ ഗ്ലാസ് ഷീൽഡ് സംവിധാനം കുറ്റമറ്റ രീതിയിൽ ഘടിപ്പിച്ച ശേഷം മാത്രമേ സർവിസ് നടത്താവൂ എന്ന കർശന നിർദേശവും മോട്ടോർ വാഹനവകുപ്പ് നൽകി.
ആലുവ: 'റോഡിൽ തെറിച്ചുവീണപ്പോൾ വേദനകൊണ്ട് ഞാൻ മൂത്രമൊഴിച്ചുപോയി'. പേങ്ങാട്ടുശ്ശേരി അല്‍-ഹിന്ദ് സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനി ചുണങ്ങംവേലി ആശാരിക്കുടി വീട്ടിൽ എ.എം. യൂസുഫിന്‍റെ മകൾ ഹൈസ ഫാത്തിമക്ക് അപകടത്തെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും ഭീതിയാണ്.
കൂട്ടുകാരികളൊത്ത് കളിചിരികളുമായി വീട്ടിലേക്ക് മടങ്ങവെയാണ് അപ്രതീക്ഷിതമായി അപകടം നടന്നത്. കയറ്റമുള്ള ഭാഗത്തുവെച്ച് എമർജൻസി ഡോർ തുറന്നുപോകുകയും റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നെന്ന് ഹൈസ 'മാധ്യമ'ത്തോട് പറഞ്ഞു. ആസമയം ആ ഭാഗത്തുണ്ടായിരുന്ന ചിലരാണ് റോഡിൽനിന്ന് എടുത്തത്.
തിരികെ ബസിൽ കയറിയപ്പോഴും പേടിയായിരുന്നു. ശരീരമാകെ ഇപ്പോഴും വേദനയുണ്ടെന്ന് ഹൈസ പറയുന്നു. സ്‌കൂൾ അധികൃതരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ആരോപിച്ച പിതാവ് യൂസുഫ്, അപകട ശേഷവും അധികൃതർ അനാസ്ഥ തുടരുകയാണെന്ന് പറഞ്ഞു. ബസിന്‍റെ തകരാറാണ് അപകടത്തിനിടയാക്കിയത്.
തെറിച്ചുവീഴുന്നതുകണ്ട നാട്ടുകാരാണ് കുട്ടിയെ എടുത്തത്. ആശുപത്രിയിൽ കൊണ്ടുപോകാൻ ബസ് ഡ്രൈവറോടും സഹായിയോടും ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. കുട്ടിയെ വളരെ വൈകിയാണ് വീട്ടിലെത്തിച്ചത്. സ്‌കൂളിൽനിന്ന് അധികം അകലെയല്ലാതെയാണ് അപകടമുണ്ടായത്.
എന്നിട്ടും സ്‌കൂൾ അധികൃതർ തിരിഞ്ഞുനോക്കിയില്ല. ഇതുവരെ സ്‌കൂൾ മാനേജ്‌മെന്‍റ് അധികൃതർ മകളുടെ വിവരം അന്വേഷിച്ചിട്ടില്ല. ചില അധ്യാപകർ ഇടക്ക് വിളിച്ചിരുന്നു. ബസിന്‍റെ ഡ്രൈവറടക്കം ചിലർ നേരിട്ടെത്തി വിവരങ്ങൾ തിരക്കുക മാത്രമാണുണ്ടായത്. സ്‌കൂളിൽ ചേർത്ത സമയത്ത് മെഡിക്കൽ ഇനത്തിൽ സ്‌കൂൾ അധികൃതർ പൈസ അടപ്പിച്ചിട്ടുണ്ട്. കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് താനാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും യൂസുഫ് 'മാധ്യമ'ത്തോട് പറഞ്ഞു.
ആലുവ: എടത്തലയില്‍ എൽ.കെ.ജി വിദ്യാര്‍ഥിനി എമര്‍ജൻസി വാതിലിലൂടെ തെറിച്ചുവീണ സംഭവത്തില്‍ ജില്ല കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും എടത്തല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ക്കും ജില്ല കലക്ടര്‍ ഡോ. രേണുരാജ് നിര്‍ദേശം നല്‍കി.
വീട്ടിലെത്തിയശേഷം കുട്ടി ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ ദേഹത്ത് ചതവുകളുണ്ടായിട്ടുണ്ട്. ഭയപ്പെട്ട കുട്ടിയെ ആശ്വസിപ്പിക്കാനും ബസ് ജീവനക്കാര്‍ തയാറായില്ലെന്നും ആരോപണമുണ്ട്.
റിപ്പോര്‍ട്ട് ലഭിച്ചശേഷം സ്കൂള്‍ ബസുകളില്‍ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകളെയും അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെയും സംബന്ധിച്ച് സ്കൂള്‍ അധികൃതരുമായി യോഗം ചേരുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
ആലുവ: എടത്തലയില്‍ വിദ്യാര്‍ഥിനി എമര്‍ജൻസി വാതിലിലൂടെ തെറിച്ചുവീണ സംഭവത്തില്‍ ബാലാവകാശ കമീഷൻ കേസെടുത്തു. വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിക്കാൻ സ്കൂള്‍ അധികൃതരോ ബസ് ജീവനക്കാരോ തയാറായില്ല എന്നാരോപിച്ച് മാതാപിതാക്കള്‍ എടത്തല പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാധ്യമങ്ങളിലൂടെ വിഷയം ശ്രദ്ധയില്‍പെട്ട ബാലാവകാശ കമീഷൻ കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.