കൊച്ചി: സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്നുള്ള വരുമാന നികുതി (ടി.ഡി.എസ്) പിടിക്കുന്നതിൽ അപാകതയില്ലെന്ന് ൈഹകോടതി. ഭരണഘടനയുടെ 25ാം അനുഛേദ പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിെൻറ ഭാഗമായി ടി.ഡി.എസ് ഇളവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്നും സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന ബൈബിൾ വാക്യം ഉദ്ധരിച്ച് ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ടി.ഡി.എസ് പിടിക്കുന്നതിനെതിരെ നൽകിയ ഹരജി സിംഗിൾബെഞ്ച് തള്ളിയതിനെതിരെ സിസ്റ്റർ മേരി ലൂസിറ്റയടക്കം നൽകിയ 49 അപ്പീൽ ഹരജികൾ തള്ളിയാണ് കോടതിയുടെ ഉത്തരവ്.
1944 മുതൽ 2014 വരെ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിന് ടി.ഡി.എസ് ബാധകമാക്കിയിരുന്നില്ലെന്നായിരുന്നു അപ്പീൽ ഹരജിയിലെ വാദം. 2014ലാണ് സർക്കാർ, എയ്ഡഡ് അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിന് ടി.ഡി.എസ് ബാധകമാക്കാൻ ഇൻകം ടാക്സ് ട്രഷറി വിഭാഗത്തിന് നിർദേശം നൽകിയത്. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്യസ്തർ സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്യസ്ത സഭയിലേക്കാണ് പോകുന്നതെന്നും അതിനാൽ നികുതി ഇൗടാക്കരുതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
എന്നാൽ, സർക്കാർ ശമ്പളം പറ്റുന്ന വൈദികരെയും കന്യാസ്ത്രീകളെയും സർക്കാർ ജീവനക്കാരായി കണക്കാക്കണമെന്നായിരുന്നു നികുതി വകുപ്പിെൻറ വാദം. ശമ്പളം, പെൻഷൻ, ഗ്രാറ്റുവിറ്റി തുടങ്ങിയവയെല്ലാം അവർക്കു കിട്ടുന്നുണ്ട്. മറ്റേതെങ്കിലും തരത്തിൽ നികുതിയിളവിന് അർഹതയുണ്ടെങ്കിലും ടി.ഡി.എസ് ഒഴിവാക്കാനാവില്ല. പിന്നീട് റീഫണ്ട് ചെയ്തെടുക്കാം. 1944ലെയും 1977 ലെയും സർക്കുലറുകൾ ശമ്പളത്തിന് നികുതിയിളവ് നൽകിക്കൊണ്ടുള്ളതല്ലെന്നും നികുതി വകുപ്പ് വാദിച്ചു.
വരുമാനം കിട്ടുന്ന വേളയിലാണ് ടി.ഡി.എസ് ബാധകമാകുന്നതെന്നിരിക്കെ വിനിയോഗ രീതി നോേക്കണ്ടതില്ലെന്ന് ശമ്പള വരുമാനം പൂർണമായും സന്യസ്ത സഭയിലേക്ക് പോകുന്നുവെന്ന വാദം തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി.
സന്യസ്ത വ്രതം എടുക്കുന്നതോടെ വൈദികനും കന്യാസ്ത്രീക്കും 'സിവിൽ ഡെത്ത്' സംഭവിക്കുന്നുവെന്ന കാനോനിക നിയമം എല്ലാ ജീവിത സാഹചര്യങ്ങളിലും ബാധകമല്ല. ഇത് ആദായ നികുതി നിയമത്തിൽ അംഗീകരിച്ചിട്ടില്ല. രാജ്യത്തെ നിയമത്തിനാണ് വ്യക്തിഗത നിയമത്തെക്കാൾ പ്രാധാന്യം. കന്യാസ്ത്രീകളും വൈദികരും ജോലി ചെയ്യുന്നതിന് ശമ്പളം ലഭിക്കുന്നുണ്ട്. സഞ്ചാരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും തൊഴിലവകാശവുമടക്കം നിയമപരവും ഭരണഘടനാപരവുമായ എല്ലാ അവകാശങ്ങളും സന്യസ്തരും അനുഭവിക്കുന്നുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഇവർ നടത്തുന്നുണ്ട്. ജീവിതാന്തസ്സിെൻറ അടിസ്ഥാനത്തിൽ ടി.ഡി.എസ് ഇളവ് അനുവദിച്ചിട്ടില്ല. മിഷണറിമാരുടെ ഫീസിന് ബാധകമാക്കി 1977ൽ പുറപ്പെടുവിച്ച സർക്കുലർ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി ചെയ്ത് ശമ്പളം പറ്റുന്നവർക്ക് ബാധകമല്ല. 76 വർഷം ടി.ഡി.എസ് ഈടാക്കിയിരുന്നില്ല എന്നത് പ്രത്യേക അവകാശമാക്കി മാറ്റാനാവില്ല. ദീർഘകാലം സംഭവിച്ചുകൊണ്ടിരുന്ന തെറ്റ് ഉടനെ തിരുത്തുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.