കൊച്ചി: സംസ്ഥാനത്ത് റോഡപകടങ്ങളുടെയും അപകടത്തിൽ ജീവൻ പൊലിയുന്നവരുടെയും എണ്ണം നാൾക്കുനാൾ വർധിക്കുന്നു. 2019 മുതൽ 2023 വരെയുള്ള അഞ്ചുവർഷത്തിനിടെ ഉണ്ടായ രണ്ടുലക്ഷത്തോളം അപകടങ്ങളിലായി നഷ്ടമായത് 19,245 ജീവനാണ്, 2023ൽ മാത്രം നിരത്തിൽ ജീവനറ്റത് 4080 പേർക്കും. മരിക്കുന്നതിലും എത്രയോ ഇരട്ടിയാണ് ഓരോ വർഷവും പരിക്കേൽക്കുന്നവരുടെ എണ്ണം. അഞ്ചുവർഷത്തിനിടെ നടന്ന അപകട മരണങ്ങളിൽ 1366 പേർ മരിക്കാനിടയായ അപകടത്തിന് കാരണമെന്തെന്നത് അജ്ഞാതമാണ്. 2023ൽ 411 പേർ അജ്ഞാത അപകട കാരണത്താൽ മരിച്ചു. 2022ൽ 321 പേരും 2021ൽ 235 പേരും 2020ൽ 173 പേരും 2019ൽ 965 പേരും നിരത്തിൽ മരിച്ചതിനുപിന്നിലെ കാരണവും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് രേഖകൾ പറയുന്നത്.
ഏറ്റവും കൂടുതൽ പേർ മരിക്കാൻ കാരണം അപകടത്തിൽപെടുന്ന വാഹനത്തിന്റെ ഡ്രൈവറുടെ പിഴവാണ്. ഓരോ വർഷവും രണ്ടായിരത്തിലേറെപ്പേർ ഇത്തരത്തിൽ മരിക്കുന്നുണ്ട്. യാത്രക്കാരന്റെ പിഴവും കാൽനടക്കാരന്റെ പിഴവും മോശം കാലാവസ്ഥയും ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിക്കുന്നതും വെളിച്ചക്കുറവും റോഡിന്റെ ശോച്യാവസ്ഥയുമെല്ലാം നിരവധി വിലപ്പെട്ട ജീവനുകൾ ഇല്ലാതാക്കുന്നുണ്ട്.
റോഡിൽ യാത്ര ചെയ്യുന്നതിനിടെ പാറക്കല്ലുകൾ പതിച്ച് ജീവനുകൾ നഷ്ടപ്പെടുന്ന സംഭവവും കഴിഞ്ഞ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2023ൽ മാത്രം ഇത്തരത്തിൽ മൂന്ന് മരണങ്ങളുണ്ടായി. 2022ൽ നാല്, 2020ൽ രണ്ട്, എന്നിങ്ങനെയാണ് മരണസംഖ്യ. തെരുവുനായ്പോലുള്ള അലഞ്ഞുതിരിയുന്ന മൃഗങ്ങൾ മൂലമുണ്ടായ അപകടത്തിൽ 132 പേർക്ക് അഞ്ചു വർഷത്തിനിടെ ജീവൻ നഷ്ടമായി.
മദ്യപിച്ച് വണ്ടിയോടിച്ചതുമൂലമുണ്ടായ അപകടങ്ങളിൽ 2023ൽ 25 പേരും 2022ൽ 33 പേരും 2021ൽ 16 പേരും 2020ൽ 22 പേരും 2019ൽ 23 പേരും മരിച്ചു. 2023ൽ മൂന്ന്, 2022ൽ ആറ്, 2021ൽ രണ്ട്, 2020ൽ രണ്ട് എന്നിങ്ങനെയാണ് ഡ്രൈവർ മൊബൈൽഫോണിൽ സംസാരിച്ചതുമൂലമുള്ള അപകടത്തിലൂടെ മരിച്ചവരുടെ എണ്ണം.
2024 ജനുവരി ഒന്നുമുതൽ മേയ് അവസാനം വരെ കേരളത്തിലെ റോഡുകളിലുണ്ടായത് 21,581 അപകടങ്ങളാണ്. ഇതിൽ 1715 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 24,146 പേർക്കാണ് ഇത്രയും അപകടങ്ങളിലായി പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.