തിരുവനന്തപുരം: ഫോക്കസ് ഏരിയ സമ്പ്രദായം പൂർണമായും ഒഴിവാക്കിയുള്ള ഹയർസെക്കൻഡറി പരീക്ഷയിൽ വിജയ ശതമാനത്തിൽ കുറവ് വന്നെങ്കിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ വർധന. ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ചതാണ് എ പ്ലസുകാരുടെ എണ്ണത്തിൽ വർധന വരാൻ കാരണമായത്. കഴിഞ്ഞ വർഷം 28,450 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചപ്പോൾ ഇത്തവണയത് 33,815 ആയി (5365 പേർ കൂടുതൽ) ഉയർന്നു. കഴിഞ്ഞ വർഷം 53 വിദ്യാർഥികൾക്ക് മുഴുവൻ മാർക്കും (1200 മാർക്ക്) ലഭിച്ചത് ഇത്തവണ 71 ആയി ഉയർന്നു. ഗ്രേസ് മാർക്ക് പരമാവധി 90 ശതമാനം മാർക്ക് (എ പ്ലസ്) നേടാൻ വരെയാണ് പരിഗണിക്കുക. നൂറുശതമാനം നേടിയ സ്കൂളുകളുടെ എണ്ണം കഴിഞ്ഞ വർഷം 78 ആയിരുന്നത് 77 ആയി കുറഞ്ഞു. ഇതിൽ എട്ടെണ്ണം സർക്കാർ സ്കൂളുകളും 25 എണ്ണം എയ്ഡഡ് മേഖലയിലും 32 എണ്ണം അൺഎയ്ഡഡും 12 എണ്ണം സ്പെഷൽ സ്കൂളുകളുമാണ്.
എ പ്ലസ് നേട്ടത്തിൽ മലപ്പുറം ജില്ല തന്നെയാണ് മുന്നിൽ; 4897 പേർ. കഴിഞ്ഞ വർഷം ഇത് 4283 ആയിരുന്നു. രണ്ടാം സ്ഥാനത്ത് കോഴിക്കോട് ആണ്; 3774. മറ്റ് ജില്ലകളിൽ എ പ്ലസ് നേടിയവർ: തിരുവനന്തപുരം 2898, കൊല്ലം 2957, പത്തനംതിട്ട 808, ആലപ്പുഴ 1707, കോട്ടയം 2123, ഇടുക്കി 1027, എറണാകുളം 3121, തൃശൂർ 3351, പാലക്കാട് 2238, വയനാട് 738, കണ്ണൂർ 3067, കാസർകോട് 943. ഗൾഫിൽ 57 പേർക്കും ലക്ഷദ്വീപിൽ 19 പേർക്കും മാഹിയിൽ 90 പേർക്കും എ പ്ലസ് ലഭിച്ചു. സ്കോൾ കേരളയിൽ 494 പേർക്ക് എ പ്ലസുണ്ട്. കഴിഞ്ഞ വർഷം 583 പേർക്കായിരുന്നു ഈ നേട്ടം. ടെക്നിക്കൽ ഹയർസെക്കൻഡറിയിൽ 98 പേർക്കാണ് എ പ്ലസ്. വി.എച്ച്.എസ്.ഇയിൽ 373 പേർക്കാണ് എ പ്ലസ് വിജയം. കഴിഞ്ഞ വർഷം ഇത് 178 ആയിരുന്നു. വി.എച്ച്.എസ്.ഇയിൽ 12 സർക്കാർ സ്കൂളുകളും എട്ട് എയ്ഡഡ് സ്കൂളുകളും നൂറുശതമാനം വിജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.