ഐ.എൻ.എൽ പിളർന്നു; കാസിം ഇരിക്കൂറിനെ പുറത്താക്കി​യെന്ന്​ വഹാബ്​

കൊച്ചി: കൈയ്യാങ്കളിയിൽ പിരിഞ്ഞ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന്​ പിന്നാലെ ഐ.എൻ.എൽ (ഇന്ത്യൻ നാഷനൽ ലീഗ്​) പിളർന്നു. ജന. സെക്രട്ടറി കാസിം ഇരിക്കൂറിനെ പാർട്ടിയിൽനിന്ന്​ പുറത്താക്കിയതായി സംസ്​ഥാന പ്രസിഡന്‍റ്​ എ.പി. അബ്ദുൽ വഹാബ്​ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിലെ വർക്കിങ്​ പ്രസിഡന്‍റിനാണ്​ താൽക്കാലിക ചുമതല. പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഐ.എൻ.എൽ ദേശീയ നേതൃത്വം കാസിം ഇരിക്കൂറി​െനാപ്പമാണ്​. 

യോജിച്ച് മുന്നോട്ട് പോകാനാവാത്ത വിധം ഇരുപക്ഷവും നേരത്തെ തന്നെ അകന്നുകഴിഞ്ഞിരുന്നു. അതിന്‍റെ ​പൊട്ടിത്തെറിയാണ്​ ഇന്ന്​ രാവിലെ കൊച്ചിയിൽ നടന്ന കൂട്ടത്തല്ലിലൂടെ പരസ്യമായത്​. സാധാരണ പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ഇടപെട്ട് പരിഹരിച്ചിരുന്നത് അഖിലേന്ത്യ അധ്യക്ഷനായിരുന്നു. എന്നാൽ, അഖിലേന്ത്യ പ്രസിഡണ്ടിനും ഒന്നിപ്പിക്കാൻ കഴിയാത്തവിധം ഇരു ഗ്രൂപ്പുകളും വിഘടിച്ചു. മുസ്ലിം ലീഗിൽ പാണക്കാട് തങ്ങൾക്കുള്ള പോലെ അധികാരമാണ് ഐ.എൻ.എല്ലിൽ അഖിലേന്ത്യ പ്രസിഡണ്ടിനുള്ളത്.

പാർട്ടി രൂപവത്കരണ കാലത്ത് നെടുംതൂണായിരുന്നു ഇബ്രാഹിം സുലൈൻമാൻ സേട്ടിന് നൽകിയിരുന്ന അധികാരങ്ങൾ തുടർന്നുള്ള പ്രസിഡണ്ടുമാർക്കുമുള്ളതിനാൽ സംഘടനതലത്തിലെ പ്രശ്നങ്ങളിൽ അന്തിമ വാക്ക് അഖിലേന്ത്യ അധ്യക്ഷെൻറതാണ്. അഖിലേന്ത്യ പ്രസിഡണ്ടുമായി കൂടുതൽ അടുത്തവർ മേൽക്കൈ നേടുന്ന സാഹചര്യമാണ് ഐ.എൻ.എല്ലിൽ നിലനിൽക്കുന്നത്. കാസിം ഇരിക്കൂർ ജന. െസക്രട്ടറിയായ ശേഷം അഖിലേന്ത്യ നേതൃത്വത്തിൽ പിടിമുറുക്കി ഏകാധിപത്യ പ്രവർത്തനം നടത്തുന്നതായാണ് വഹാബ് പക്ഷത്തിെൻറ ആരോപണം. തീരുമാനങ്ങളെടുക്കുന്നതിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. അതേസമയം, സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്നും അധികാരമോഹികളായ ചിലരുടെ പ്രവർത്തനങ്ങളാണ് പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും കാസിം ഇരിക്കൂർ പക്ഷവും പറയുന്നു.

നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നാണ് പാർട്ടിയിൽ കാലുഷ്യം രൂക്ഷമായത്. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ യുവനേതാവ് എൻ.കെ. അബ്ദുൽ അസീസ് ഉൾപ്പെടെ ചിലർ കണ്ണുവെച്ചിരുന്നു. എന്നാൽ, അഹമ്മദ് ദേവർകോവിലിന് നറുക്ക് വീഴുകയും അദ്ദേഹം നിയമസഭ അംഗമായി തെരഞ്ഞെടുക്കപ്പെടുകയും മന്ത്രിയാവുകയും ചെയ്തതോടെ പ്രശ്നങ്ങൾ ആളിക്കത്താൻ തുടങ്ങി. അഹമ്മദ് ദേവർകോവിലിെൻറ വലംകൈയ്യായി കാസിം ഇരിക്കൂർ നിലയുറപ്പിച്ചതോടെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ ഏകാഭിപ്രായത്തിലെത്താനായില്ല. അതിനിടെ, ദേവർകോവിലിനെ തോൽപിക്കാൻ ചരടുവലി നടത്തിയതിെൻറ പേരിൽ എൻ.കെ. അബ്ദുൽ അസീസ് ഉൾപ്പെടെയുള്ളവർക്കെതിരെ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് വിളിക്കണമെന്ന ആവശ്യവുമായി പ്രസിഡണ്ട് എ.പി.എ. വഹാബ് രംഗത്തുവന്നത്. ഇതിന് കാസിം ഇരിക്കൂർ തയ്യറാവാതിരുന്നതോടെ ഉടലെടുത്ത പ്രശ്നം അഖിലേന്ത്യ പ്രസിഡണ്ട് ഇടപെട്ട് പരിഹരിച്ചെങ്കിലും നേരത്തെ നീറിക്കൊണ്ടിരുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ ആളിക്കത്തിയത്.

പാർട്ടിയുടെ നെടുംതൂണായിരുന്ന പി.എം.എ. സലാം ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ട് മുസ്ലിം ലീഗിലേക്ക് ചേക്കേറിയപ്പോൾ പിടിച്ചുനിന്ന പാർട്ടി ഇപ്പോഴുണ്ടായ നേതൃത്വ ഭിന്നതയിൽ ആടി ഉലയുകയാണ്. നേരത്തെ ഐ.എൻ.എൽ പ്രശ്നങ്ങൾ ഇടതു മുന്നണിക്കും സർക്കാരിനും തലവേദനയുണ്ടാക്കിയപ്പോൾ മുന്നണി നേതൃത്വം നേതാക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. കിട്ടിയ മന്ത്രിസ്ഥാനം വിനയായ സാഹചര്യമാണ് ഇപ്പോൾ പാർട്ടിക്കുള്ളത്. 

Tags:    
News Summary - Indian national league splits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.