തിരുവനന്തപുരം: വെയിറ്റിങ് ലിസ്റ്റ് കുരുക്കിൽ സാധാരണക്കാർ വട്ടം കറങ്ങുമ്പോഴും റെയൽവേയുടെ പരിഗണന ‘വന്ദേഭാരത്’ അടക്കം പ്രീമിയം കച്ചവടത്തിൽ മാത്രം. ബജറ്റിൽ പുതിയ ട്രെയിനുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് മാത്രമല്ല, യാത്രക്കാർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധി നേരിടാൻ പരിഹാരവും മുന്നോട്ടുവെക്കുന്നില്ല.
കേരളത്തിനുള്ളിൽ പ്രതിദിന ട്രെയിനുകളിൽ പോലും അടുക്കാനാകാത്ത വിധമാണ് വെയിറ്റിങ് ലിസ്റ്റുകളുടെ നീളം. ദീർഘദൂര ട്രെയിനുകളുടെ കാര്യം അതിലും സങ്കീർണം. നാല് മാസം മുമ്പ് മുതൽ ബുക്കിങ് ആരംഭിക്കുമെങ്കിലും വളരെവേഗം സീറ്റുകൾ തീരുകയാണ്.
കേരളത്തിൽ യാത്രാ പ്രതിസന്ധിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ‘പുതിയ ട്രെയിനുകളില്ലെങ്കിലും ഓടുന്നവയുടെ വേഗം കൂട്ടിയില്ലേ’ എന്നതാണ് ഡിവിഷനൽ അധികൃതരുടെ വിശദീകരണം. യാത്രാ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതുതായി നിർമിക്കുന്ന 2500 ജനറൽ കോച്ചുകൾ ഡിവിഷനുകൾക്ക് വീതം വെക്കുമെന്നും പറയുന്നു. സ്ലീപ്പർ കോച്ചുകളുടെ കാര്യത്തിലും മൗനമാണ്. അതേസമയം സ്ലീപ്പർ കോച്ചുകളുള്ള വന്ദേഭാരതിനെ കുറിച്ച് ചർച്ചകൾ സജീവവുമാണ്.
വെയിറ്റിങ് ലിസ്റ്റ് പൂർണമായി ഇല്ലാതാക്കാൻ ട്രിപ്പുകളുടെ എണ്ണത്തിൽ 30 ശതമാനം വർധന വേണമെന്ന് റെയിൽവേ സമ്മതിക്കുന്നു. വെയിറ്റിങ് ലിസ്റ്റുകൾ കുറയ്ക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും ഇതിനുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ഇതൊന്നും റെയിൽവേയുടെ പരിഗണനയിലില്ലെന്നാണ് സമീപകാല ബജറ്റുകൾ ചൂണ്ടിക്കാട്ടുന്നത്.
2019 മുതൽ 2023 വരെയുള്ള കാലയളവിൽ 10.07 കോടി വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ റദ്ദാക്കപ്പെട്ടിരുന്നില്ല. ഒരു രൂപ പോലും യാത്രക്കാരന് നൽകാതെ ഈ ഇനത്തിൽ റെയിൽവേയുടെ പെട്ടിയിലെത്തിയത് 5000 കോടിയും. 2019ൽ 1489 കോടിയും 2020ൽ 299 കോടിയും 2021ൽ 713 കോടിയും 2022ൽ 1604 കോടിയും രൂപയുടെ ടിക്കറ്റുകളാണ് റദ്ദാക്കപ്പെടാതെ പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.