തൃശൂർ: റേഷൻ കാർഡുകൾ അനർഹമായി കൈവശംവെച്ചവരിൽനിന്ന് കമ്പോള വില ഈടാക്കുവാൻ പൊതുവിതരണ വകുപ്പിന്റെ ഉത്തരവ്. 2021 ജൂലൈ 18 മുതൽ 2022 മാർച്ച് 31വരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അനർഹമായി മുൻഗണന കാർഡ് കൈവശംവെച്ച് സബ്സിഡിയോടെ ഭക്ഷ്യവസ്തുക്കൾ വാങ്ങിയവരാണ് പിഴ നൽകേണ്ടത്. ഈ കാലയളവിനുശേഷം കാർഡുകൾ സ്വമേധയാ തിരിച്ചേൽപിച്ചവരും പിഴ നൽകണം.
രണ്ടരലക്ഷം കാർഡുകളാണ് ഇതുവരെ പരിശോധനയിലൂടെയും മറ്റും കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. അശരണരായവർക്ക് നൽകുന്ന അന്ത്യോദയ കാർഡിന് (മഞ്ഞ) 30 കിലോ അരിയും നാലുകിലോ ഗോതമ്പും ഒരു കിലോ ആട്ടയുമാണ് സൗജന്യമായി നൽകുന്നത്. മുൻഗണന കാർഡിന് (പിങ്ക്) നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും രണ്ടുരൂപ നിരക്കിൽ അംഗത്തിന് അനുസരിച്ചുമാണ് നൽകുന്നത്. കമ്പോളവില അനുസരിച്ച് പിഴ ഈടാക്കുമ്പോൾ അരിക്ക് കിലോക്ക് 40 രൂപയും ഗോതമ്പിന് 29 രൂപയും ഈടാക്കുന്നതിനാണ് നിർദേശം.
രണ്ടരലക്ഷം കാർഡിൽനിന്ന് കൃത്യമായി പിഴ ഈടാക്കിയാൽ കോടികൾ ഈ ഇനത്തിൽ വകുപ്പിന് ലഭിക്കും. അതേസമയം, അനർഹമായി കാർഡ് കൈവശം വെച്ചവരിൽ അധികവും ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമപെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ റേഷൻ വസ്തുക്കൾ വാങ്ങാത്തവരാണ് അധികവും. എന്നാൽ, തുടർച്ചയായ മൂന്നുമാസം റേഷൻ വാങ്ങാത്തവരെ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന നിർദേശം ഉദ്യോഗസ്ഥർ അട്ടിമറിച്ചതിനാൽ ഈ വിഷയത്തിൽ എന്തുചെയ്യുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. നേരത്തേ 2021 ജൂൺ 30വരെ അനർഹർക്ക് സ്വമേധയാ കാർഡ് തിരിച്ചേൽപിക്കാൻ അവസരം കൊടുത്തിരുന്നു. ജൂലൈ 18 മുതലാണ് ഇത്തരക്കാർക്ക് എതിരെ നടപടി എടുക്കാൻ തുടങ്ങിയത്. സർക്കാർ, അർദ്ധസർക്കാർ, സഹകരണ മേഖല ഉദ്യോഗസ്ഥരും പെൻഷൻകാരും ആദായനികുതി അടക്കുന്നവർ അടക്കം അനർഹമായി കാർഡുകൾ കൈവശം വെച്ചിരുന്നു. പിഴയൊടുക്കൽ കർശനമായി നടപ്പാക്കുകയാണെങ്കിൽ ഗുണഭോകൃത പട്ടിക തീർത്തും ശുദ്ധീകരിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.