തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ശിക്ഷ വർധിപ്പിച്ചും കൂടുതൽ വിഭാഗങ്ങളെ ‘ആരോഗ്യപ്രവർത്തകർ’ എന്ന പരിഗണനയിൽ ഉൾപ്പെടുത്തിയും ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ് ഇറങ്ങി. അതിക്രമങ്ങൾക്ക് പരാമവധി ഏഴുവർഷം വരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയും ലഭിക്കും വിധത്തിലാണ് 2012 ലെ കേരള ആരോഗ്യരക്ഷ സേവന പ്രവർത്തകരും ആരോഗ്യരക്ഷ സേവന സ്ഥാപനങ്ങളും’ ഭേദഗതി ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചത്. നിലവിൽ പരമാവധി മൂന്നു വർഷംവരെ തടവും 50000 രൂപ വരെ പിഴയുമായിരുന്നു.
അക്രമം നടത്തുകയോ അക്രമത്തിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ ആറു മാസത്തിൽ കുറയാതെയും പരമാവധി അഞ്ചുവർഷം വരെയും തടവ് കിട്ടാമെന്നാണ് ഭേദഗതി. ഒപ്പം കുറഞ്ഞത് 50,000 രൂപയും പരമാവധി രണ്ട് ലക്ഷം രൂപവരെയും പിഴയും വിധിക്കാം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 320ാം വകുപ്പിൽ പറയും വിധം ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള കഠിനമായ ദേഹോപദ്രവത്തിനാണ് ഒരു വർഷത്തിൽ കുറയാതെയും പരമാവധി ഏഴു വർഷം വരെയും തടവ്. ഒപ്പം ലക്ഷം രൂപയിൽ കുറയാതെയും പരമാവധി അഞ്ചു ലക്ഷം രൂപവരെ പിഴയും. സി.സി.ടി.വി കാമറ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ പൊതുസുരക്ഷയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചട്ടപ്രകാരം നിർണയിക്കുന്നതിനും വ്യവസ്ഥയുണ്ട്. ഭേദഗതിയിൽ വിട്ടുപോയ കാര്യങ്ങളോ മാറ്റം വരുത്തേണ്ട കാര്യങ്ങളോ ഉണ്ടെങ്കിൽ തുടങ്ങിയ നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ പരിഗണിക്കും.
ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള ആക്രമണങ്ങൾ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരാകും അന്വേഷിക്കുക. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 60 ദിവസത്തിനകം അന്വേഷണം പൂർത്തീകരിക്കും. വിചാരണ നടപടിക്രമങ്ങൾ ഒരു വർഷത്തിനുള്ളിലും. വേഗത്തിലുള്ള വിചാരണക്ക് ഹൈകോടതി അനുമതിയോടെ ഓരോ ജില്ലയിലും സ്പെഷൽ കോടതി നിശ്ചയിക്കും. ഇത്തരം കേസുകളുടെ നടത്തിപ്പിന് ഓരോ ജില്ലയിലും സ്പെഷൽ പ്രോസിക്യൂട്ടറെയും നിയോഗിക്കും. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ. വന്ദന ദാസ് രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെതുടർന്ന് ചേർന്ന ഉന്നതതല യോഗമാണ് ഓർഡിനൻസ് ഇറക്കാൻ നിർദേശിച്ചത്. ആരോഗ്യ, ആഭ്യന്തര, നിയമ വകുപ്പുകളുടെയും ആരോഗ്യ, ശാസ്ത്ര സർവകലാശാലകളുടെയും പ്രതിനിധികൾ അടങ്ങിയ സമിതിയാണ് കരട് ഓർഡിനൻസ് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.