തിരുവനന്തപുരം: ജയിൽ സംവിധാനത്തിൽ തടവുപുള്ളികൾ അനുഭവിക്കുന്ന നീതിനിഷേധവും പീഡനവും പഠിക്കാൻ അലൻ സുഹൈബും ത്വാഹ ഫസലും. ഒന്നാം പിണറായി വിജയൻ സർക്കാർ മാവോവാദി എന്നാരോപിച്ച് യു.എ.പി.എ ചുമത്തിയ ഇരുവരും ഇപ്പോൾ സർക്കാർ ഉയർത്തിയ എല്ലാ പ്രതിബന്ധങ്ങളും താൽക്കാലികമായെങ്കിലും മറികടന്ന് ജാമ്യത്തിൽ സ്വാതന്ത്ര്യം അനുഭവിക്കുകയാണ്.
വരുംനാളുകളിൽ കേസ് വിചാരണ ആരംഭിക്കാനിരിക്കെയാണ് വിദ്യാർഥികളായ അലനും ത്വാഹയും തങ്ങൾ തടവിൽ കണ്ടതും നേരിട്ട് അനുഭവിച്ചതുമായ സംവിധാനത്തെയും അതിൽ കുടുങ്ങിക്കിടക്കുന്നവരെയും കുറിച്ച് സ്വതന്ത്ര പഠനത്തിന് ഒരുങ്ങുന്നത്. സുഹൃത്തുക്കൾക്ക് നൽകിയ ഒരു ചെറിയ കുറിപ്പിലൂടെയാണ് ഇരുവരും തങ്ങളുടെ ഉദ്ദേശ്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
'ജയിൽ എന്നത് ഒരു മനുഷ്യനെ മാനസികമായും ശാരീരികമായും മറ്റു പല തരത്തിലും ബാധിക്കുന്ന ഒന്നാണെ'ന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പ്, ഒട്ടനവധി അനാവശ്യ നിയമക്കുരുക്കുകളും, മറ്റു പ്രശ്നങ്ങളുമായി ജയിൽ ഒരു നരകമായി അനുഭവപ്പെട്ടിട്ടുണ്ട് എന്ന് വിശദീകരിക്കുന്നു. ഞങ്ങളെക്കാൾ ദുരനുഭവമുള്ള മനുഷ്യരുടെ അവസ്ഥ നേരിട്ട് കണ്ടിട്ടുണ്ട്.
ഒരുപാട് മനുഷ്യാവകാശലംഘനങ്ങൾ അവിടെ നടക്കുന്നുണ്ട്. ഞങ്ങൾ ജയിലിൽ കഴിഞ്ഞ കാലഘട്ടത്തിൽ ഇത്തരം പല അനുഭവങ്ങളിലൂടെ കടന്നു പോവുകയുണ്ടായി. ഈ അനുഭവങ്ങൾ ഞങ്ങളെ ഒരുപാട് ചോദ്യങ്ങളിലേക്കാണ് നയിച്ചതെ'ന്നും അവർ പറയുന്നു. സംസ്ഥാനത്തെ ജയിലുകളിൽ എത്രത്തോളം പരിഷ്കരണമാണ് നടക്കുന്നത്.
രാഷ്ട്രീയ തടവുകാരുടെ പദവിയെ എന്തുകൊണ്ടാണ് കേരള ജയിൽ ചട്ടങ്ങളിൽ ഉൾപ്പെടുത്താത്തത് തുടങ്ങിയ വിഷയങ്ങളിലാവും പഠനം. സ്വന്തം അനുഭവത്തിനു പുറമേ, മുമ്പ് ജയിലിൽ കഴിഞ്ഞവരുടെ അനുഭവം, ഈ മേഖലയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെയടക്കം കണ്ടും ഗവേഷണ ഗ്രന്ഥങ്ങൾ പരിശോധിച്ചും അക്കാദമിക് സ്വഭാവമുള്ള പഠനമാണ് തങ്ങൾ നടത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കി. ശേഷം ഇതു പൊതുസമൂഹത്തിനു മുന്നിൽ വെക്കും. സർക്കാറിന് മുന്നിലും നിർദേശം സമർപ്പിക്കും.
അലൻ സുഹൈബ് 300ൽ കൂടുതൽ ദിവസമാണ് യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കിടന്നതെങ്കിൽ ത്വാഹ ഫസൽ 570 ദിവസം തടവറയിൽ കിടന്നു. 2019 നവംബർ ഒന്നിനാണ് സി.പി.എം അംഗങ്ങളായ ഇരുവരെയും കോഴിക്കോട് പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത് യു.എ.പി.എ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.