കോഴിക്കോട്: പാളയത്തെ ഐ.എൻ.എൽ. സംസ്ഥാന കമ്മിറ്റി ഓഫിസിൽ എ.പി.അബ്ദുൽ വഹാബ് വിഭാഗം കയറുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള കേസ് പിൻവലിക്കാൻ ഔദ്യോഗിക വിഭാഗം അപേക്ഷ നൽകി. ഹരജിയിൽ ഇരു വിഭാഗത്തിെൻറയും വാദം കേട്ട കോടതി വിധിപറയാൻ മാറ്റി. വെള്ളിയാഴ്ച ഹരജിയിൽ വിധി പറഞ്ഞേക്കും.
ഇന്ത്യൻ നാഷനൽ ലീഗ് സംസ്ഥാന കമ്മിറ്റിയെ ഒന്നാം കക്ഷിയും പ്രസിഡൻറ് ബി. ഹംസ ഹാജി, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവരെ മറ്റ് രണ്ട് പരാതിക്കാരുമായി രണ്ടാം പ്രിൻസിപ്പൽ മുൻസിഫ് ഉബൈദുല്ല മുമ്പാകെ നൽകിയ ഹരജിയിലാണ് നടപടി.
മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുവെന്നും അതിന് കേസ് തടസ്സമായതിനാൽ വീണ്ടുമൊരു പ്രശ്നം ഉണ്ടായാൽ ഇതേ കോടതിയെ സമീപിക്കാൻ അനുമതി നൽകിക്കൊണ്ട് കേസ് പിൻവലിക്കാൻ അനുമതി നൽകണമെന്നുമാണ് ഔദ്യോഗിക വിഭാഗം വാദം. എന്നാൽ, ഉപാധികളില്ലാതെ തന്നെ കേസ് പിൻവലിക്കണമെന്ന് മറുവിഭാഗവും വാദിച്ചു. ഉപാധികൾ െവച്ചുള്ള പിൻവലിക്കലിെൻറ നിയമ സാധുതയെപ്പറ്റിയും വാദമുണ്ടായി.
ഔദ്യോഗിക വിഭാഗത്തിനായി അഡ്വ. മുദസർ അഹമ്മദ്, അഡ്വ. കെ.എം. മുഹമ്മദ് ഇഖ്ബാൽ, അഡ്വ. മുനീർ അഹമ്മദ് എന്നിവരും എതിർ വിഭാഗത്തിന് വേണ്ടി അഡ്വ. പി.എസ്. മുരളി, അഡ്വ. പി.ടി. രാജേഷ് എന്നിവരും ഹാജരായി.
പാർട്ടി മുൻ പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ്, നാസർകോയ തങ്ങൾ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഔദ്യോഗിക വിഭാഗം ഹരജി നൽകിയത്. ഐ.എൻ.എൽ.സംസ്ഥാന സെക്രേട്ടറിയറ്റംഗം എൻ.കെ. അബ്ദുൽ അസീസ്, മുഹമ്മദ് ബഷീർ, അഡ്വ. ഒ. കുഞ്ഞിക്കോയ തങ്ങൾ, സുധീർ കോയ, ഷാജഹാൻ, ഇ. ഹാരിസ് എന്നീ ആറ് പേർ പിന്നീട് കക്ഷി ചേരുകയായിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ഒത്തുതീർപ്പിനെപ്പറ്റി കോടതി ആരാഞ്ഞിരുന്നുവെങ്കിലും കേസ് പിൻവലിക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്ന് ഔദ്യോഗിക വിഭാഗം അഭിഭാഷകൻ അറിയിച്ചിരുന്നു. എതിർവിഭാഗം ഓഫിസിൽ കയറുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.