കോഴിക്കോട്: ഐ.എൻ.എൽ അഖിലേന്ത്യ നേതൃത്വത്തെ തള്ളി പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ് പക്ഷം. സംസ്ഥാന പ്രസിഡൻറിനെ പുറത്താക്കാൻ അഖിലേന്ത്യ പ്രസിഡൻറിന് ഭരണഘടനാപരമായി അവകാശമില്ലെന്ന വാദമുയർത്തിയാണ് ഔദ്യോഗിക പാർട്ടി തങ്ങളുടേതാണെന്ന കാസിം ഇരിക്കൂർ പക്ഷത്തിെൻറ അവകാശവാദത്തെ അവർ ഖണ്ഡിക്കുന്നത്.
നിലവിലെ അഖിലേന്ത്യ കമ്മിറ്റി ഭരണഘടനാപരമായ ഉപാധികളാൽ തിരഞ്ഞെടുക്കപ്പെട്ടതല്ലെന്നാണ് അവരുടെ വാദം. 25,000 അംഗങ്ങൾക്ക് ഒരു കൗൺസിലർ എന്ന നിലയിലാണ് ദേശീയ കമ്മിറ്റി ഉണ്ടാകേണ്ടത്. 2018-21 കാലത്ത് ഒരു ദേശീയ കൗൺസിലറും കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലും മെംബർഷിപ് കാമ്പയിൻ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ നിലവിലെ അഖിലേന്ത്യ പ്രസിഡൻറ് ഭരണഘടനാപരമായി സാധ്യതയില്ലെന്നും വഹാബ് പക്ഷം ചൂണ്ടിക്കാട്ടുന്നു.
ആഗസ്റ്റ് മൂന്നിന് കോഴിക്കോട് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ പുനഃസംഘടന നടത്തി മെംബർഷിപ് കാമ്പയിനുമായി മുന്നോട്ടുപോകാനാണ് വഹാബ് ഗ്രൂപ്പിെൻറ പദ്ധതി. ഇതിനിടയിൽ ഔദ്യോഗിക പക്ഷമെന്ന അവകാശവാദമുയർത്തി മറുപക്ഷം പ്രവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, പാർട്ടി ഭരണഘടന ഉയർത്തിക്കാട്ടിയാണ് കാസിം പക്ഷം ഇതിനെ പ്രതിരോധിക്കുന്നത്. സംസ്ഥാന പ്രസിഡൻറിനെയും മറ്റു ഭാരവാഹികളെയും നീക്കാനും കമ്മിറ്റി പിരിച്ചുവിടാനുമുള്ള അധികാരം ഭരണണഘടനപ്രകാരം അഖിലേന്ത്യ പ്രസിഡൻറിനുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഇരുവിഭാഗവും ഔദ്യോഗികപക്ഷമെന്ന വാദമുയർത്തി നിയമനടപടികളിലേക്ക് നീങ്ങി പ്രശ്നം ഇനിയും സങ്കീർണമായാൽ ഇടതുമുന്നണി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നതിലാണ് ഇരുപക്ഷത്തിെൻറയും ഭാവി. എതിർ വിഭാഗത്തിനെതിരെ കടുത്ത വിമർനമുയർത്തി പാർട്ടി പ്രവർത്തകരുടെ ഇടയിലേക്ക് ഇറങ്ങുകയാണ് പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ്. കാസിം ഇരിക്കൂറിെൻറ ഏകാധിപത്യ പ്രവർത്തനങ്ങളാണ് മുഴുവൻ പ്രശ്നങ്ങളുടെയും കാതലെന്ന് വഹാബ് 'മാധ്യമ'ത്തോട് പറഞ്ഞു. 2018 മുതൽ പാർട്ടിയിൽ ജനാധിപത്യപരമായ ചർച്ചകൾ നടക്കുന്നില്ല. വ്യക്തികൾ തമ്മിലെ തർക്കമല്ല പാർട്ടിയിലുള്ളതെന്നും നിലപാടുകളുടെ പ്രശ്നമാണെന്നും പ്രവർത്തകർ തങ്ങൾക്കൊപ്പമാണെന്നും വഹാബ് കൂട്ടിച്ചേർത്തു.
പാർട്ടിയെ താൻ പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് സുലൈമാെൻറ വാദം അസംബന്ധമാണ്. പാർട്ടിയെ ദുരുപയോഗം ചെയ്യുന്നതിനെ താൻ തടയുകയായിരുന്നു. പാർട്ടിക്ക് മുന്നണിപ്രവേശനവും ഭരണപങ്കാളിത്തവും ലഭിക്കുമെന്നുറപ്പായപ്പോൾ പാർട്ടിയിൽ ചേക്കേറിയയാളാണ് പാർട്ടിയെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചത്. പാർട്ടി ആരുടെയും സ്വകാര്യ സ്വത്തല്ല. പാർട്ടി ഓഫിസുകൾ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നും വഹാബ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.