ഐ.എൻ.എൽ: വഹാബിനെയും നാസർകോയ തങ്ങളെയും ആറു വർഷത്തേക്ക് പുറത്താക്കി

കോഴിക്കോട്: ഐ.എൻ.എൽ അഡ്ഹോക് കമ്മിറ്റി അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ പ്രഫ. എ.പി. അബ്ദുല്‍ വഹാബിനെയും മുൻ സംസ്ഥാന സെക്രട്ടറി സി.പി. നാസര്‍ കോയ തങ്ങളെയും ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയിൽനിന്ന് പുറത്താക്കാന്‍ ഐ.എന്‍.എല്‍ ദേശീയ നിർവാഹക സമിതി തീരുമാനിച്ചു. ഗുരുതര അച്ചടക്കലംഘനം നടത്തുകയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്തെന്ന അഡ്ഹോക് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തീരുമാനം ഏകകണ്ഠമായിരുന്നു​വെന്ന് അഡ്ഹോക് കമ്മിറ്റി കൺവീനർ അറിയിച്ചു. ഫെബ്രുവരി 13ന് ചേര്‍ന്ന ദേശീയ സമിതി യോഗം 10 മാസം മുമ്പ് കാലാവധി തീര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയും കൗണ്‍സിലും പിരിച്ചുവിട്ട് വഹാബടക്കം ഏഴു പേര്‍ അടങ്ങുന്ന അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഈ തീരുമാനം തള്ളിക്കളയുകയും സമാന്തര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്ത പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഇരുവരും മറുപടി നല്‍കിയിരുന്നില്ലെന്നും ദേശീയ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് പരസ്യ പ്രസ്താവന നടത്തുകയും ചെയ്തെന്ന് യോഗം വിലയിരുത്തി.

പാര്‍ട്ടിയുടെ പേരോ പതാകയോ മറ്റു ചിഹ്നങ്ങളോ ഉപയോഗിക്കുന്നതില്‍നിന്നു ഇവരെ ദേശീയ നേതൃത്വം വിലക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ പേരില്‍ പൊതു ഇടങ്ങളില്‍നിന്ന് സംഭാവനയോ മറ്റോ പിരിക്കരുതെന്നും കോഴിക്കോട്ടെ പാര്‍ട്ടി ആസ്ഥാനത്തോ മറ്റു പാര്‍ട്ടി ഓഫിസുകളിലോ പ്രവേശിക്കരുതെന്നും യോഗം താക്കീത് നല്‍കി. രാഷ്ട്രീയമായി ഇവരുമായി സഹകരിക്കരുതെന്നും നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിക്കുന്നത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കി ആറു വര്‍ഷത്തേക്ക് അവര്‍ക്ക് അംഗത്വം നൽകില്ലെന്നും അച്ചടക്ക നടപടിക്ക് വിധേയമാകുമെന്നും പാര്‍ട്ടി അണികളെ ഓര്‍മപ്പെടുത്തുന്നതായി യോഗാനന്തരം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കൺവീനർ വിശദീകരിച്ചു.

ഓൺലൈനിൽ നടന്ന യോഗത്തിൽ ദേശീയ പ്രസിഡന്‍റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജന. സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി മുസമ്മില്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു. കേരളത്തില്‍നിന്ന് അഹമ്മദ് ദേവര്‍കോവിലിന് പുറമെ, ഡോ. എ.എ. അമീന്‍, കെ.എസ്. ഫക്രുദ്ദീന്‍, കാസിം ഇരിക്കൂര്‍, ബി. ഹംസ ഹാജി, എം.എം. മാഹീന്‍, എം.എ. ലത്തീഫ്, സി.പി. അന്‍വര്‍ സാദാത്ത്, കുഞ്ഞാവൂട്ടി കാദർ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - INL: Wahab and Nazar Koya expelled from the party for six years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.