തിരുവനന്തപുരം: എൽഎൽ.ബി പരീക്ഷക്ക് കോപ്പിയടിച്ചതിന് സർവകലാശാല സ്ക്വാഡ് പിടികൂടിയ സി.ഐക്കെതിരെ അന്വേഷണം. പൊലീസ് ട്രെയിനിങ് കോളജിലെ സീനിയർ ലോ ഇൻസ്പെക്ടർ ആദർശിനെതിരെയാണ് അന്വേഷണം. സംഭവത്തിൽ പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ജോൺകുട്ടിയോട് ഡി.ജി.പി അനിൽ കാന്ത് റിപ്പോർട്ട് തേടിയിരുന്നു. സി.ഐക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് വിവരം.
കേരള ലോ അക്കാദമി ലോ കോളജിൽ നടന്ന എൽഎൽ.ബി പബ്ലിക് ഇന്റർനാഷനൽ പേപ്പറിന്റെ പരീക്ഷക്കിടെയാണ് സർവകലാശാല പരിശോധക സംഘം കോപ്പിയടിച്ചതിന് ആദർശിനെ പിടികൂടിയത്. പരീക്ഷ ആരംഭിച്ച് അരമണിക്കൂറിനുള്ളിൽ സർവകലാശാല സ്ക്വാഡ് നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിനിടെയാണ് വിവിധ ഹാളുകളിൽനിന്നായി നാലുപേർ പിടിയിലായത്. കോളജ് അധികൃതർ നിയോഗിച്ച ഇൻവിജിലേറ്റർമാർ നോക്കിനിൽക്കെയാണ് പരീക്ഷാ ഹാളിൽ കോപ്പിയടി നടന്നത്. കോപ്പിയടിക്ക് പിടിയിലായ മറ്റു മൂന്നുപേരുടെ വിവരങ്ങൾ സർവകലാശാലയോ ലോ അക്കാദമി അധികൃതരോ പുറത്തുവിട്ടിട്ടില്ല.
കോപ്പിയടിക്കാൻ ഉപയോഗിച്ച ബുക്കും ആദർശിൽനിന്ന് പിടികൂടിയിരുന്നു. ലോ അക്കാദമിയിൽ ഈവനിങ് കോഴ്സ് വിദ്യാർഥിയാണ് പൊലീസ് ട്രെയിനിങ് കോളജിലെ സീനിയർ ലോ ഇൻസ്പെക്ടർ ആദർശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.