ഷവര്‍മ കടകളിൽ പരിശോധന; 148 സ്ഥാപനങ്ങൾക്ക്​ പൂട്ടിട്ടു

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഷവര്‍മ കടകളിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന. 1287 സ്​ഥാപങ്ങളിൽ നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ച 148 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. 308 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയുള്ള നോട്ടീസ്​ നൽകി.

മയോണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. ആവശ്യമായ മാറ്റങ്ങൾ വരുത്തി ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധനക്ക്​ വീണ്ടും വിധേയമാകാൻ 178 സ്ഥാപനങ്ങളോട്​ നിർദേശിച്ചിട്ടുണ്ട്​. 88 സ്‌ക്വാഡുകളാണ്​ വിവിധ ജില്ലകളിലായി പരിശോധനക്കിറങ്ങിയത്​.

പാക്ക് ചെയ്ത് നല്‍കുന്ന ഷവര്‍മയുടെ ലേബലില്‍ ‘പാകം ചെയ്തതുമുതല്‍ ഒരു മണിക്കൂര്‍ വരെ ഉപയോഗിക്കാം’ എന്ന് വ്യക്തമായി ചേര്‍ക്കണമെന്ന നിബന്ധനയുണ്ടെങ്കിലും ഇത്​ വ്യാപകമായി ലംഘിക്കുന്നുവെന്നാണ്​ കണ്ടെത്തൽ.

ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നയിടവും പാകം ചെയ്യുന്ന ഇടവും വൃത്തിയുള്ളതാകണമെന്ന നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങൾക്ക്​ പരിശോധനയിൽ താക്കീത്​ നൽകി. കാറ്റും പൊടിയും കയറുന്ന രീതിയില്‍ തുറന്ന സ്ഥലങ്ങളില്‍ ഷവര്‍മ കോണുകള്‍ വെക്കാന്‍ പാടില്ലെന്ന്​ നേരത്തെ തന്നെ നിർദേശിച്ചിരുന്നു. ഷവർമക്കൊപ്പമുള്ള മയോണൈസിനായി പാസ്ച്വറൈസ് ചെയ്ത മുട്ടകളോ അല്ലെങ്കില്‍ പാസ്ച്വറൈസ്ഡ് മയോണൈസോ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ​വെങ്കിലും ഇതും ലംഘിക്കുന്നതാണ്​ കണ്ടെത്തൽ.

Tags:    
News Summary - Inspection in shawarma shops; 148 shops closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.