ഷവര്‍മ കടകളിൽ പരിശോധന; 148 സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു
text_fieldsതിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഷവര്‍മ കടകളിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന. 1287 സ്ഥാപങ്ങളിൽ നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ച 148 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. 308 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയുള്ള നോട്ടീസ് നൽകി.
മയോണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. ആവശ്യമായ മാറ്റങ്ങൾ വരുത്തി ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധനക്ക് വീണ്ടും വിധേയമാകാൻ 178 സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. 88 സ്‌ക്വാഡുകളാണ് വിവിധ ജില്ലകളിലായി പരിശോധനക്കിറങ്ങിയത്.
പാക്ക് ചെയ്ത് നല്‍കുന്ന ഷവര്‍മയുടെ ലേബലില്‍ ‘പാകം ചെയ്തതുമുതല്‍ ഒരു മണിക്കൂര്‍ വരെ ഉപയോഗിക്കാം’ എന്ന് വ്യക്തമായി ചേര്‍ക്കണമെന്ന നിബന്ധനയുണ്ടെങ്കിലും ഇത് വ്യാപകമായി ലംഘിക്കുന്നുവെന്നാണ് കണ്ടെത്തൽ.
ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നയിടവും പാകം ചെയ്യുന്ന ഇടവും വൃത്തിയുള്ളതാകണമെന്ന നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പരിശോധനയിൽ താക്കീത് നൽകി. കാറ്റും പൊടിയും കയറുന്ന രീതിയില്‍ തുറന്ന സ്ഥലങ്ങളില്‍ ഷവര്‍മ കോണുകള്‍ വെക്കാന്‍ പാടില്ലെന്ന് നേരത്തെ തന്നെ നിർദേശിച്ചിരുന്നു. ഷവർമക്കൊപ്പമുള്ള മയോണൈസിനായി പാസ്ച്വറൈസ് ചെയ്ത മുട്ടകളോ അല്ലെങ്കില്‍ പാസ്ച്വറൈസ്ഡ് മയോണൈസോ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെങ്കിലും ഇതും ലംഘിക്കുന്നതാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.