തിരുവനന്തപുരം: സർക്കാർ സർവിസിൽ ആശ്രിത നിയമനത്തിന് നിയന്ത്രണമേർപ്പെടുത്തുന്നത് പരിഗണനയിൽ. ജീവനക്കാർ മരിച്ച് ഒരു വർഷത്തിനകം യോഗ്യത നേടുന്ന ആശ്രിതർക്ക് മാത്രം നിയമനം നൽകാനും അല്ലാത്തവർക്ക് 10 ലക്ഷം രൂപ ആശ്വാസ സഹായം നൽകാനുമാണ് നിർദേശം. സർക്കാർ ഓഫിസുകൾക്ക് മാസത്തിലെ നാലാം ശനിയാഴ്ച അവധി നൽകാനും സർക്കാർ ആലോചിക്കുന്നു. സെക്രട്ടറി തല സമിതിയുടെ ഈ നിർദേശങ്ങൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വി.പി. ജോയ് സർവിസ് സംഘടനകളുടെ യോഗം വിളിച്ചു. ജനുവരി 10നാണ് യോഗം.
ശനിയാഴ്ച അവധിയാക്കാനും മറ്റ് പ്രവൃത്തിദിനങ്ങളിലെ സമയത്തിൽ വർധന വരുത്താനും നേരത്തേ നിർദേശമുണ്ടായിരുന്നു. കേന്ദ്ര ഓഫിസുകൾക്ക് ശനിയാഴ്ച അവധിയാണ്. രണ്ടാം ശനിയാഴ്ച സംസ്ഥാനത്തും നിലവിൽ അവധിയാണ്. ബാങ്കുകളുടെ മാതൃകയിൽ നാലാം ശനിയാഴ്ച കൂടി അവധി നൽകുന്നതാണ് പരിഗണിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന സെക്രട്ടറിമാരുടെ യോഗത്തിൽ വന്ന നിർദേശം ഇതിനകം മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കൂടി നിർദേശ പ്രകാരമാണ് സർവിസ് സംഘടനകളുമായി ചർച്ച നടത്തുന്നത്. നാലാം ദിനം കൂടി അവധി നൽകിയാൽ സർക്കാറിന് സാമ്പത്തിക ലാഭമുണ്ടെന്നും ഇന്ധനച്ചെലവ്, വൈദ്യുതി-വെള്ളം എന്നിവ ലാഭിക്കാമെന്നുമാണ് അഭിപ്രായം. ജോലി സമയത്തിലും ചെറിയ മാറ്റം പരിഗണിക്കും. നിലവിൽ രാവിലെ 10.15 മുതൽ വൈകീട്ട് 5.15 വരെയാണ് പ്രവൃത്തി സമയം. എല്ലാ ശനിയാഴ്ചയും അവധി നൽകണമെന്നാണ് ചില സംഘടനകളുടെ ആവശ്യം.
സർവിസിലിരിക്കെ മരിച്ചവരുടെ ആശ്രിതരിൽ ഒരു വർഷത്തിനകം ജോലി സ്വീകരിക്കാവുന്നവർക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതും പരിഗണിക്കുന്നു. ഇതിന് കഴിയുന്നില്ലെങ്കിൽ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായമായി നൽകും. ഈ ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. ആശ്രിത നിയമനം നിലവിലുള്ള ഒഴിവുകളുടെ അഞ്ച് ശതമാനമായി പരിമിതപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.