പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി തൂണുകളിലെ അനധികൃത കേബ്ളുകൾ അടിയന്തരമായി നീക്കാൻ കെ.എസ്.ഇ.ബി വിതരണ മേഖല ഉന്നതതല യോഗം തീരുമാനിച്ചു. ജനുവരി അവസാനിക്കുന്നതിന് മുമ്പ് അനധികൃത കേബ്ളുകളുടെ കണക്കെടുത്ത് ഫെബ്രുവരി ഒന്ന് മുതൽ ഇവ നീക്കുന്ന പ്രവൃത്തി ആരംഭിക്കാനാണ് നിർദേശം.
വൻകിട കമ്പനികളുടെയടക്കം കേബ്ളുകളാണ് സംസ്ഥാനത്തുടനീളം വലിച്ചിട്ടുള്ളത്. പലയിടങ്ങളിലും കേബ്ളുകൾ തൂങ്ങിക്കിടന്ന് അപകടം പതിവാണ്. രണ്ട് വർഷം മുമ്പ് തൂങ്ങിക്കിടന്ന കേബ്ളിൽ വാഹനം കുടുങ്ങി മരണം സംഭവിച്ചതോടെ അനധികൃത കേബ്ളുകൾ നീക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. ജീവനക്കാരുടെ അപര്യാപ്തതയായിരുന്നു അതിന് കാരണം. അതിനാൽ ഈ പ്രവൃത്തിക്ക് മുഴുസമയ ശ്രദ്ധ നൽകി പുറംപണിക്കാരെ ഉൾപ്പെടെ ഉപയോഗിച്ച് നടപടി പൂർത്തീകരിക്കാനാണ് നിർദേശം. ഇതിനായി ആക്ഷൻ പ്ലാൻ തയാറാക്കണം. ഇലക്ട്രിക്കൽ ഡിവിഷൻ തലത്തിൽ സബ് എൻജിനീയറും ഓവർസിയറും അടങ്ങുന്ന പ്രത്യേക സ്ക്വാഡുകളാക്കി പ്രവൃത്തി തുടങ്ങാനും വിതരണ വിഭാഗം ചീഫ് എൻജിനീയർമാർ പങ്കെടുത്ത യോഗത്തിൽ തീരുമാനമായി.
ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ പുരോഗതി വിലയിരുത്തണം. അതിന് മുമ്പ് എല്ലാ കേബ്ൾ ടി.വി ഓപറേറ്റർമാർക്കും നിർദേശം നൽകണം. ജില്ല കലക്ടർമാർക്കും പൊലീസ് സൂപ്രണ്ടിനും വിവരം കൈമാറിയിട്ട് വേണം പ്രവൃത്തി തുടങ്ങാനെന്നും വിതരണ വിഭാഗം ഡയറക്ടർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.