കോഴിക്കോട്: പാർട്ടി പ്രവർത്തകർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കുകയും മാധ്യമങ്ങൾക്കു മുന്നിൽ നേതൃത്വത്തെ താറടിച്ചുകാണിക്കുകയും ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരെ ബി.ജെ.പി ദേശീയ നേതൃത്വത്തിന് പരാതി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും നേതൃത്വം നൽകുന്ന പക്ഷമാണ് പരാതി നൽകിയത്.
ശോഭയുടെ പരസ്യപ്രതികരണങ്ങൾ അവസാനിപ്പിക്കണമെന്നും അച്ചടക്ക നടപടിക്ക് അനുമതി വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടത്. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്ദേക്കർ എന്നിവർക്കാണ് പരാതി നൽകിയത്. സുരേന്ദ്രനെതിരെ നേരത്തേ ശോഭയും ഇവർക്ക് പരാതി നൽകുകയും പ്രഭാരിയെ ഒന്നിലേറെ തവണ നേരിട്ടു കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തിരുന്നു. പ്രഭാരിയുമായി സംഘടനയിലെ വിഷയങ്ങൾ ചർച്ചചെയ്തെന്ന് നേരത്തേ ശോഭതന്നെ വ്യക്തമാക്കിയിരുന്നു. ഇരുപക്ഷവും പരാതി നൽകിയതോടെ സംസ്ഥാന കമ്മിറ്റിയിലെ പോര് രൂക്ഷമാവുകയും കീഴ്ഘടകങ്ങളിലേക്കും വ്യാപിക്കുകയുമാണ്.
പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, പാർട്ടി വിജയപ്രതീക്ഷ പുലർത്തുന്ന സീറ്റുകളിലൊന്ന് വാങ്ങിയെടുക്കുകയാണ് ശോഭയുടെ ലക്ഷ്യമെന്നാണ് സുരേന്ദ്രൻ പക്ഷം ചൂണ്ടിക്കാട്ടുന്നത്. സ്ഥാനാർഥികളെ പാർട്ടി നിശ്ചയിച്ചിട്ടില്ല. കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. വിലപേശൽ രാഷ്ട്രീയം അംഗീകരിക്കാനാവില്ലെന്നും അവർ പറയുന്നു. പാർട്ടി പുനഃസംഘടനയിൽ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി വൈസ് പ്രസിഡന്റാക്കിയതുമുതൽ വിട്ടുനിൽക്കൽ സമീപനമാണ് ശോഭ സ്വീകരിക്കുന്നത്. നേതാക്കളാരും അനുനയത്തിന് സമീപിക്കാത്തതോടെയാണ് വീണ്ടും സജീവമായതും വിമർശനങ്ങൾ തുടങ്ങിയതും.
കോഴിക്കോട് മെഡിക്കൽ കോളജിൽ സമരം നടത്തുന്ന ഹർഷിനക്ക് പിന്തുണയർപ്പിക്കാനെത്തിയപ്പോൾ മാധ്യമങ്ങൾക്കു മുന്നിൽ വി. മുരളീധരനെ ‘വരദാനമായി കൊടുത്ത സീറ്റിലൂടെ മന്ത്രിയായ ആൾ’ എന്ന് വിശേഷിപ്പിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾക്കായി നടത്തിയ രാപ്പകൽ സമരത്തിനെത്തി, യുവമോർച്ച നേതാവ് കെ.കെ. രാജന്റെ കുടുംബസഹായ ഫണ്ടിലേക്ക് കൊടകര കുഴൽപണക്കേസിൽ ആരോപണങ്ങൾ നേരിട്ട എ.കെ. ധർമരാജിൽനിന്ന് പണം വാങ്ങിയത് സൂചിപ്പിച്ച് കെ. സുരേന്ദ്രനെയും മാധ്യമങ്ങൾക്കു മുന്നിൽ വിമർശിച്ചു. ഇതെല്ലാമാണ് ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചത്. അതേസമയം, ശോഭയുമായി പി.കെ. കൃഷ്ണദാസ് പക്ഷം കൂടുതൽ അടുക്കുകയാണ്. കൃഷ്ണദാസ് പക്ഷം നേതൃത്വം നൽകുന്ന കോഴിക്കോട് ജില്ല കമ്മിറ്റി ശോഭക്ക് കൂടുതൽ വേദികൾ നൽകുന്നുവെന്ന പരാതിയും ഉയർന്നു.
ഇതാണ് ‘എതിരാളികള്‍ക്ക് അടിക്കാനുള്ള വടികൊടുക്കുകയും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുകയും ചെയ്യുന്ന നേതാക്കളെ എന്തിന് കൊണ്ടുനടക്കണം’ എന്ന് ശോഭക്കെതിരെ വിമർശനമുന്നയിച്ച് ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ പ്രതികരണം വരാനിടയാക്കിയത്. സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച് പാർട്ടിക്കു പുറത്ത് ചർച്ചയാക്കിയാണ് ശോഭയെ അനുകൂലിക്കുന്നവർ ഇതിന് തിരിച്ചടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.