കൊച്ചി: സംസ്ഥാനത്തെ മുഴുവൻ പശുക്കളെയും സമഗ്ര ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂനിയൻ (കെ.എൽ.ഐ.യു) 10ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പശുക്കളെ ഇൻഷുർ ചെയ്യാത്തതിനാൽ മരണപ്പെട്ടാൽ അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാത്ത സ്ഥിതിയുണ്ട്. പദ്ധതി നടപ്പാകുന്നതോടെ കിടാരി നഷ്ടപ്പെടുന്ന ക്ഷീരകർഷകന് നഷ്ടപരിഹാരം ലഭിക്കാൻ വഴിയൊരുങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.
ഫീൽഡ് സാങ്കേതികവിഭാഗം ജീവനക്കാരായ കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ളവരുടെ കടമകളും കർത്തവ്യങ്ങളും സംബന്ധിച്ച് വ്യക്തത വേണമെന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ച് അക്കാര്യത്തിൽ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ, അതിലും ചില പോരായ്മകൾ ശ്രദ്ധയിൽപെട്ടതിനാൽ അവ പുനഃപരിശോധിക്കും.
സീനിയോറിറ്റി ലിസ്റ്റ് വൈകാതെ പ്രസിദ്ധപ്പെടുത്തും. ഓൺലൈൻ സ്ഥലംമാറ്റം 2024 വർഷം കണക്കാക്കി നടപ്പാക്കും. കോടതിയിൽ കേസ് നിലവിലുള്ളതിനാൽ അന്തിമനടപടി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാകുമെന്നും മന്ത്രി പറഞ്ഞു. പാൽ ഉൽപാദനത്തിൽ ഒരു വർഷത്തിനുള്ളിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഘാടക സമിതി ചെയർമാനും സി.പി.ഐ ജില്ല സെക്രട്ടറിയുമായ കെ.എം. ദിനകരൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.