കൊച്ചി: ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിന് സംസ്ഥാനത്ത് മൂന്നിടങ്ങളിലായി സംയോജിത പുനരധിവാസ ഗ്രാമങ്ങൾ സ്ഥാപിക്കുന്നു. സാമൂഹികനീതി വകുപ്പിന് കീഴിലാണ് തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ പ്രത്യേക ഭിന്നശേഷി കേന്ദ്രങ്ങൾ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഡി.പി.ആർ തയാറാക്കുന്നതിനായി സാമൂഹികനീതി വകുപ്പ് സർക്കാർ അംഗീകൃത ഏജൻസികളിൽനിന്ന് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാർക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ഒരു കേന്ദ്രത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, രക്ഷാകർത്താക്കൾക്കുള്ള ക്ഷേമപദ്ധതികൾ എന്നിവയുൾപ്പെടെയാണ് പദ്ധതിയിലുള്ളത്.
തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ പഞ്ചായത്തിലുള്ള രണ്ടേക്കറാണ് പദ്ധതിക്കായി കണ്ടെത്തിയ ഇടങ്ങളിലൊന്ന്. കമ്യൂണിറ്റി അസിസ്റ്റിവ് ലിവിങ് വില്ലേജുകൾ എന്ന പേരിലാണ് ഇവിടെ പുനരധിവാസ ഗ്രാമം നിർമിക്കുക. കൊല്ലം പുനലൂർ നഗരസഭയിലെ വാളക്കോട് വില്ലേജിലെ 1.62 ഏക്കർ ഭൂമിയും സഹജീവന സ്നേഹഗ്രാമം എന്ന പേരിൽ പദ്ധതിക്കായി കണ്ടെത്തിയതാണ്. ഇവിടെ മിനി ഇൻകുബേഷൻ സെന്റർ ആൻഡ് പ്രൊഡക്ഷൻ യൂനിറ്റ്, ഡേകെയർ സംവിധാനം, റെസ്പിറ്റ് കെയർ സംവിധാനം തുടങ്ങിയവ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. മലപ്പുറം കുറുമ്പത്തൂർ വില്ലേജിലെ മൂന്നേക്കറും ഇതേ പദ്ധതിക്കായി കണ്ടെത്തുകയും കമ്യൂണിറ്റി അസിസ്റ്റഡ് ലിവിങ് വില്ലേജുകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. നിഷിന്റെ എക്സ്റ്റൻഷൻ സെൻററും ഇതോടൊപ്പമുണ്ടാകും.
ആറുമുതൽ 10 വരെ വ്യക്തികൾക്ക് ഒരുമിച്ച് താമസിക്കാവുന്ന വിധത്തിലുള്ള കോട്ടേജുകൾ, രക്ഷാകർത്താവിനൊപ്പം താമസിക്കേണ്ടിവരുന്ന ഭിന്നശേഷിക്കാർക്കായി സിംഗ്ൾ ബെഡ്റൂം അപ്പാർട്ട്മെൻറുകൾ, ഡേകെയർ, സാമൂഹികാധിഷ്ഠിത പുനരധിവാസ ഇടപെടൽ സേവനങ്ങൾ, തൊഴിൽപരിശീലന യൂനിറ്റുകൾ, കാൻറീൻ, ഹോർട്ടിതെറപ്പി, ജീവനക്കാർക്കുള്ള താമസസൗകര്യം, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് തുടങ്ങിയവയാണ് ഇത്തരം വില്ലേജുകളിൽ ഉണ്ടാവുക.
ഭിന്നശേഷിത്വം നേരത്തേ കണ്ടെത്തുന്ന സംവിധാനം മുതൽ പ്രാരംഭ ഇടപെടൽ, തെറപ്പി സൗകര്യങ്ങൾ, പ്രത്യേക വിദ്യാലയം, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, വരുമാനദായക തൊഴിൽ ഇടങ്ങൾ സൃഷ്ടിക്കൽ, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള താമസസൗകര്യം ഒരുക്കൽ എന്നിവ പുനരധിവാസ ഗ്രാമത്തിലുൾപ്പെടുന്നു. ഈ മാസം 29 വരെയാണ് താൽപര്യപത്രം സമർപ്പിക്കാനുള്ള സമയം. ചൊവ്വാഴ്ചക്കകം ഇതുസംബന്ധിച്ച പ്രപ്പോസൽ സമർപ്പിക്കുകയും വേണം. തെരഞ്ഞെടുക്കപ്പെടുന്ന ഏജൻസികൾക്ക് നാലുമാസം ഡി.പി.ആർ തയാറാക്കാനായി അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.