കഴക്കൂട്ടം: കുളത്തൂർ പോസ്റ്റോഫിസിലെ ജീവനക്കാരുടെ അനാസ്ഥ കാരണം ആറ്റുനോറ്റിരുന്ന ജോലി നഷ്ടമായതായി യുവതിയുടെ പരാതി.
വിവിധ വകുപ്പുകളിൽനിന്ന് നിശ്ചിതദിവസം ആഭിമുഖത്തിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അയച്ച രണ്ട് ഇൻറർവ്യൂ ലെറ്ററുകളും യുവതിക്ക് നൽകാതെ തപാൽ വകുപ്പ് ജീവനക്കാർ ഗുരുതരവീഴ്ച വരുത്തിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. കുളത്തൂർ പുതുവൽ മണക്കാട് ബീന ഭവനിൽ ഷാജിമോെൻറ ഭാര്യ ടി.പി. ബീജയാണ് ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറിൽ ക്ലർക്ക്, കേരള സംസ്ഥാന ലോട്ടറി ഡിപ്പാർട്ട്മെൻറിൽ ക്ലർക്ക് എന്നീ പോസ്റ്റുകളിലേക്കാണ് ജില്ലാ എംപ്ലോയ്‌മെൻറ് ഓഫിസിൽനിന്ന് അഭിമുഖത്തിന് ആഴ്ചകൾക്ക് മുമ്പേ ലെറ്റർ അയച്ചത്. എന്നാൽ, ചില ജീവനക്കാർ ക്വാറൻറീനിൽ ആയതിനാൽ കുളത്തൂർ പോസ്‌റ്റോഫിസിൽ തപാൽ ഉരുപ്പടികൾ കെട്ടിക്കിടക്കുകയായിരുന്നു.
ചില ജീവനക്കാരെത്തിയതോടെ തിങ്കളാഴ്ചമുതലാണ് മേൽവിലാസക്കാർക്ക് വിതരണം ചെയ്തു തുടങ്ങിയതെന്നും ഓരോരുത്തർക്കും എത്തുന്ന ലെറ്ററുകളുടെ പ്രാധാന്യം അറിയില്ലെന്നും കുളത്തൂർ പോസ്റ്റ് മാസ്റ്റർ ജയലക്ഷ്മി പറഞ്ഞു.
എന്നാൽ, അഭിമുഖം പോലുള്ള പ്രധാനപ്പെട്ട ലെറ്ററുകൾ പെട്ടെന്ന് തിരിച്ചറിയാമെന്നിരിക്കെ പോസ്റ്റ്മാസ്റ്ററുടെ വാദം ശരിയല്ലെന്നും ഈ പറയുന്ന ദിവസങ്ങളിലെല്ലാം കുളത്തൂർ പോസ്റ്റോഫിസ് പ്രവർത്തിച്ചിരുന്നതായും യുവതി പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.