തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ കൂടുതൽ കേസുകളിൽ പ്രതിചേർക്കാനും അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുമുള്ള നീക്കത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ലക്ഷ്യമിട്ട് നീക്കങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. രവീന്ദ്രന് കോവിഡ് ബാധിച്ചിരുന്നോയെന്നതുൾപ്പെടെ കാര്യങ്ങൾ പരിശോധിക്കാനും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്ദേശിക്കുന്നുണ്ടെന്നാണ് വിവരം.
രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന വിലയിരുത്തലും ഇ.ഡിക്കുണ്ട്. അതിനുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസം രവീന്ദ്രനെ ചോദ്യംചെയ്യുമെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന വിവരം.
അതിനിടെ, നിലവിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കെറ കൂടുതൽ കേസുകളിൽ പ്രതിചേർക്കാനും അന്വേഷണ ഏജൻസികൾ ഉദ്ദേശിക്കുന്നുണ്ട്.
കസ്റ്റംസ് രജിസ്റ്റർ ചെയ്ത ഡോളർ കടത്ത്, ഇൗന്തപ്പഴ ഇറക്കുമതി കേസുകളിൽ ശിവശങ്കറെ പ്രതിചേർക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. കസ്റ്റഡിയിലുള്ള ശിവശങ്കർ, സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരെ കൊച്ചി ഓഫിസിൽ ഒരുമിച്ചിരുത്തി ചോദ്യംചെയ്തു. ഡോളർ കടത്തിന് സഹായിച്ചവർ ആരൊക്കെയെന്ന മൊഴിയാണ് സ്വപ്നയിൽനിന്നും സരിത്തിൽനിന്നും കസ്റ്റംസ് തേടിയത്.
ഇന്ത്യൻ കറൻസി ഡോളറാക്കി മാറ്റാൻ ശിവശങ്കറിെൻറ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യംചെയ്യൽ. സി.എം. രവീന്ദ്രന് കോവിഡ് വന്നിട്ടുണ്ടോയെന്ന പരിശോധന നടത്തുന്നതുൾപ്പെടെ കാര്യങ്ങൾ ഇ.ഡിയുടെ പരിഗണനയിലുണ്ട്. രവീന്ദ്രനെ എന്നായാലും ഇ.ഡി ചോദ്യംചെയ്യുമെന്ന വിലയിരുത്തലിൽ സി.പി.എമ്മും എത്തി.
രവീന്ദ്രൻ ഇ.ഡിക്ക് മുമ്പാകെ ഹാജരാകാതെ മാറി നിൽക്കുന്നത് സർക്കാറിനെയും സംശയത്തിെൻറ നിഴലിലേക്ക് കൊണ്ടുവരുന്നെന്ന വിലയിരുത്തലുമുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്തന്മാരിലൊരാളായ രവീന്ദ്രനെ ചോദ്യംചെയ്യുന്നതോടെ പല നിർണായക വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇ.ഡി. രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായാണ് ബിനാമി ഇടപാടുകൾ സംബന്ധിച്ച പരിശോധന ഇ.ഡി ആരംഭിച്ചിട്ടുള്ളത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രെൻറ ആശുപത്രി വാസത്തിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തി. എൻഫോഴ്സ്മെൻറിെൻറ ചോദ്യംചെയ്യലിൽനിന്ന് തുടർച്ചയായി ഒഴിയുന്നത് പൊതുസമൂഹത്തിൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇട നൽകുമെന്ന് വെള്ളിയാഴ്ചത്തെ സംസ്ഥാന സെക്രേട്ടറിയറ്റിൽ വിമർശനമുയർന്നു.
കേന്ദ്ര ഏജൻസി ചോദ്യംചെയ്യാൻ നോട്ടീസ് നൽകുേമ്പാൾ ദീർഘമായി വിട്ടുനിൽക്കാനോ ഒഴിഞ്ഞുമാറാനോ സാധിക്കില്ല. അതേസമയം രവീന്ദ്രെൻറ ആരോഗ്യസ്ഥിതി മോശമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. തെറ്റ് ചെയ്യുന്നവർ ആരായാലും സംരക്ഷിക്കേണ്ടതില്ലെന്നും സെക്രേട്ടറിയറ്റ് വിലയിരുത്തി.
സി.പി.എം നേതൃത്വത്തിെൻറ വിലയിരുത്തലിന് പിന്നാലെ കോവിഡ് അനുബന്ധ ചികിത്സയിലായിരുന്ന സി.എം. രവീന്ദ്രൻ ആശുപത്രി വിട്ടു. താമസിയാതെ തന്നെ ചോദ്യംചെയ്യലിന് ഹാജരാവുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.