കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ഷണ്ടിങ്ങിനിടെ കണ്ണൂര്‍-ആലപ്പുഴ (16308) എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ കോച്ചുകള്‍ പാളംതെറ്റിയതിൽ ഒഴിവായത് വൻ ദുരന്തം. പാറക്കണ്ടി ഭാഗത്ത് പഴയ ബസ് സ്റ്റാൻഡിലെ അടിപ്പാതക്ക് സമീപമാണ് െട്രയിൻ പാളം തെറ്റിയത്. മീറ്ററുകൾ നീങ്ങിയിരുന്നെങ്കിൽ പാലത്തിൽനിന്ന് റോഡിലേക്ക് കോച്ചുകൾ പതിക്കുമായിരുന്നു. സിഗ്നൽ ബോക്സിൽ തട്ടിയാണ് കോച്ചുകൾ നിന്നത്. സിഗ്നൽ സംവിധാനത്തിലുണ്ടായ സാങ്കേതികപ്പിഴവാണ് പാളംതെറ്റാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ദക്ഷിണ റെയിൽവേ റിപ്പോർട്ട് തേടിയിട്ടുണ്ട്. മംഗളൂരുവിൽനിന്ന് എത്തിച്ച ഹൈഡ്രോളിക് ലിഫ്റ്റിന്റെയും റെയിൽവേ ജീവനക്കാരുടെയും സഹായത്തോടെ ഏഴുമണിക്കൂർ പ്രയത്നത്തിനൊടുവിലാണ് കോച്ചുകൾ തിരിച്ച് ട്രാക്കിൽ കയറ്റിയത്. പാളംതെറ്റലും കല്ലേറും കത്തിക്കലും അടക്കം കണ്ണൂര്‍-ആലപ്പുഴ (16308) എക്സിക്യൂട്ടിവ് എക്സ്പ്രസിന് ദുരിതകാലമാണെന്നാണ് യാത്രക്കാരുടെ പക്ഷം.
2016ൽ ഷണ്ടിങ്ങിനിടെ കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ എൻജിന് ഇരട്ടക്കണ്ണന്‍ പാലത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞിരുന്നു. അന്ന് ലോക്കോ പൈലറ്റ് പരിക്കുകളില്ലാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കനത്ത മഴയിൽ സർവിസ് നടത്താനായി പ്ലാറ്റ്ഫോമിലേക്ക് മാറ്റുമ്പോഴായിരുന്നു അപകടം. 2014 ഒക്ടോബര്‍ 20ന് പുലർച്ച 4.30ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എക്സിക്യൂട്ടിവ് എക്സ്പ്രസിൽ തമിഴ്നാട് സ്വദേശി തീകൊളുത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശിനി ഫാത്വിമ എന്ന പാത്തു മരിച്ച സംഭവം ഞെട്ടിക്കുന്നതായിരുന്നു. ജില്ലയിൽ തീവണ്ടികൾക്കുനേരെ ഏറ്റവും കൂടുതൽ അക്രമം നടന്നത് കഴിഞ്ഞവർഷമാണ്. അവയിലേറെയും കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിന് നേരെയായിരുന്നു. ഏപ്രിൽ രണ്ടിന് ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്സിക്യൂട്ടിവ് എക്സ്പ്രസില്‍ ന്യൂഡൽഹി ഷഹീൻബാഗ് സ്വദേശി ഷാരൂഖ് സൈഫി (27) യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തി. സംഭവത്തില്‍ മൂന്നുപേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജൂൺ ഒന്നിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഇതേ െട്രയിനിന്റെ ഒരു ബോഗി കൊൽക്കത്ത സ്വദേശി കത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.