തൃശൂര്‍: തൃശൂരിൽ വീണ്ടും നിക്ഷേപത്തട്ടിപ്പ് ആരോപണം. കോൺഗ്രസ് നേതാവ് എം.ഡിയായുള്ള ധനകാര്യ സ്ഥാപനത്തിന് മുന്നിൽ നിക്ഷേപകർ പ്രതിഷേധ സമരം നടത്തി. തൃശൂരിലെ ധനകാര്യ സ്ഥാപനമായ ഹീവാൻസ് ഫിനാൻസിന് മുന്നിലാണ് നിക്ഷേപകരുടെ പ്രതിഷേധ സമരം നടന്നത്. 19 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. തൃശൂർ കോർപറേഷൻ മുൻ കൗൺസിലറും കെ.പി.സി.സി സെക്രട്ടറിയുമായ സി.എസ്. ശ്രീനിവാസനാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. ഈ സ്ഥാപനം തങ്ങൾ നിക്ഷേപിച്ച പണം തിരികെ നൽകുന്നില്ലെന്നാണ് നിക്ഷേപകര്‍ പരാതി ഉന്നയിക്കുന്നത്. സ്ഥാപനത്തിനെതിരെ തൃശൂരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നിലവിലുണ്ട്. അതേസമയം, നിക്ഷേപകരുടെ പണം ഗഡുക്കളായി തിരിച്ച് നൽകുമെന്ന് സി.എസ്. ശ്രീനിവാസൻ വാർത്തകുറിപ്പിൽ അറിയിച്ചു. കമ്പനി 18.64 കോടി രൂപ സ്വീകരിക്കുകയും 12 കോടിയോളം പലിശയിനത്തിൽ നൽകുകയും ചെയ്തിട്ടുണ്ട്. 18.74 കോടി രൂപ മുതലും പലിശയുമായി കമ്പനിക്ക് കിട്ടാനുണ്ട്. കോവിഡ്കാലത്ത് വായ്പ തിരിച്ചടവ് മുടങ്ങിയതാണ് നിക്ഷേപത്തിൽനിന്നും പലിശ നൽകേണ്ട അവസ്ഥയിൽ എത്തിച്ചത്. സ്ഥലങ്ങൾ വിറ്റ് കിട്ടുന്ന തുകയും വായ്പ തിരിച്ചടവും ലഭിച്ചാൽ നിക്ഷേപകരുടെ പണം നൽകാനാവുമെന്നും ശ്രീനിവാസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.