കോഴിക്കോട്: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ (കെ.എസ്.എഫ്.ഇ) വിവിധതരം ക്രമക്കേടുണ്ടെന്നും ഇ.ഡിയെ വരുത്തരുതെന്നും സി.പി.എം നേതാവും കെ.എസ്.എഫ്.ഇ ഓഫിസേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റുമായ എ.കെ. ബാലന്റെ മുന്നറിയിപ്പ്. യൂനിയന്‍ സംസ്ഥാന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗത്തിനിടെ, ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ വേദിയിലിരുത്തിയായിരുന്നു ബാലന്റെ മുന്നറിയിപ്പ്.
കെ.എസ്.എഫ്.ഇയില്‍ 6062 കോടി രൂപയാണ് പൊള്ളച്ചിട്ടിയുടെ ഭാഗമായി ലിക്വിഡിറ്റി കുറവുവരുന്നത്. കള്ള ഒപ്പും പേരുമിട്ട് കള്ളച്ചെക്ക് വാങ്ങി എണ്ണം തികക്കാന്‍ പൊള്ളച്ചിട്ടികള്‍ ഉണ്ടാക്കി. ഇത് തുടരാനാവില്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിക്കും. സ്ഥാപനത്തിന്റെ നിലനില്‍പ്പാണ് ഇല്ലാതാവുക. അശാസ്ത്രീയമായി തുറക്കുന്ന കെ.എസ്.എഫ്.ഇ ശാഖകള്‍കൊണ്ട് ഫലമില്ല.
കരുവന്നൂര്‍ ബാങ്കിലെ പോലെ ഇവിടത്തെ ചെയ്തികൾക്ക് നാളെയോ മറ്റന്നാളോ ഏജന്‍സികൾ വന്നേക്കാം. കരുവന്നൂരിലെ പ്രശ്നങ്ങൾ കെ.എസ്.എഫ്.ഇയിലും ഉണ്ടായിരുന്നു. കെ.എസ്.എഫ്.ഇ കോഓപറേറ്റിവ് സൊസൈറ്റിയില്‍ 25 കോടിയുടെ വെട്ടിപ്പ് നടന്നു. 24 പ്രതികളില്‍ 21 പേരും നിങ്ങളുടെ കൂട്ടക്കാരാണ്. ഒരു സ്ഥാപനത്തെയാണ് ഇല്ലാതാക്കിയത്. കരുവന്നൂര്‍ തുടങ്ങുന്നതിനുമുമ്പ് നമ്മൾ തുടക്കം കുറിച്ചു. അതിന് ഇപ്പോൾ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും എ.കെ. ബാലന്‍ പറഞ്ഞു.
പഴയ കാര്യങ്ങളാണ് പറഞ്ഞതെന്നും ഈ സാമ്പത്തിക വര്‍ഷം പൊള്ളച്ചിട്ടി കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുക മാത്രമാണുണ്ടായതെന്നും ബാലന്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇ.ഡി ധനകാര്യ സ്ഥാപനങ്ങളില്‍ ഇടപെടുന്ന കാര്യമാണ് ബാലന്‍ പറഞ്ഞതെന്നും ഇ.ഡി ഉപദ്രവിക്കുന്നതിനെപ്പറ്റിയാവും ഉദ്ദേശിച്ചതെന്നും മന്ത്രി ബാലഗോപാലും മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.