പമ്പുകളിലെ ക്രമക്കേട്: 385 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തുവെന്ന് ജി.ആർ. അനിൽ

തിരുവനന്തപുരം: പമ്പുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 385 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി ജി.ആർ. അനിൽ. 9,12,500 രൂപ പിഴ ഈടാക്കുകയും ചെയ്തുവെന്ന് ടി. സിദ്ദിഖിന് നിയമസഭയിൽ മറുപടി നൽകി. പെട്രോൾ പമ്പുകളിലെ അളവുതൂക്കവുമായി ബന്ധപ്പെട്ട് 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിലായി 160 പരാതികളാണ് ലഭിച്ചത്.

വിവിധ പമ്പുകളിൽ നടത്തിയ പരിശോധനകളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ വ്യത്യാസം കണ്ട നോസിലുകളിലൂടെയുള്ള വിതരണം നിർത്തിവച്ചിട്ടുണ്ട്. അനുവദനീയമായ പരിധിയിൽ കൂടുതൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ദിവസവും എല്ലാ നോസിലുകളിലെയും അളവിൻറെ കൃത്യത ഉറപ്പുവരുത്തണമെന്ന് നിർദേശം നൽകി.

ഉപഭോക്താക്കൾക്ക് പമ്പുകളിൽ സൂക്ഷിച്ചിരിക്കുന്ന അഞ്ച് ലിറ്റർ അളവ് പാത്രം ഉപയോഗിച്ച് നോസിലുകളിലൂടെയുള്ള വിതരണത്തിന്റെ അളവ് പരിശോധിക്കുന്നതിനും പുന:പരിശോധന നടത്തി മുദ്ര ചെയ്തതിൻറെ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനും സൗകര്യമൊരുക്കുന്നതിനും നിർദേശം നൽകി. പരിശോധന നടത്തുന്ന സ്ഥാപനങ്ങളുടെ എണ്ണവും കണ്ടെത്തുന്ന കേസുകളുടെ എണ്ണവും മാസംതോറും കൺട്രോളർക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പെട്രോളിയം ട്രേഡേഴ്‌സ്‌ വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി, ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്‌ എന്നീ സംഘടനകൾ കൺട്രോളർക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ ഒരു വകുപ്പുതല കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 

Tags:    
News Summary - Irregularity at pumps: Action taken against 385 establishments, says GR Anil.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.