ഷൊർണൂർ: നഗരസഭ കഴിഞ്ഞ ഓണത്തിന് നടത്തിയ ഫെസ്റ്റിൽ വ്യാപക ക്രമക്കേടുണ്ടെന്ന പരാതിയിൽ വിജിലൻസ് പരിശോധന നടത്തി. നഗരസഭാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇന്റേണൽ വിജിലൻസ് വിഭാഗമാണ് പരിശോധന നടത്തിയത്. നഗരസഭ ഓഫിസിലെത്തി പരാതിക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
ഇന്റേണൽ വിജിലൻസ് ഓഫിസർ വി.കെ. ഹരിദാസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നഗരസഭയുടെ ആഭിമുഖ്യത്തിൽ 10 ദിവസം നീണ്ട ആഘോഷ പരിപാടികളാണ് നടത്തിയത്. ഇതിനായി സീസൺ ടിക്കറ്റ് പ്രിന്റ് ചെയ്തതിലുൾപ്പെടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
500 രൂപയുടെ സീസൺ ടിക്കറ്റ് ബുക്ക് നമ്പറോ, രശീതി നമ്പറോ അച്ചടിക്കാതെയാണ് നൽകിയത്. ഇതിനാൽ എത്ര ബുക്ക് പ്രിന്റ് ചെയ്തെന്നോ, എത്ര വിറ്റുവെന്നോ പോലും മനസ്സിലാക്കാനാകില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നു.വിശദ അന്വേഷണത്തിനും വിവരശേഖരണത്തിനും ശേഷം നിയമ നടപടികൾക്കായി റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് ഓഫിസർപറഞ്ഞു.കുറച്ച് വർഷങ്ങളായി നഗരസഭ ഓണം ഫെസ്റ്റ് നടത്താറുണ്ടെങ്കിലും ഇത്തരം ആരോപണമുയരുന്നത് ആദ്യമാണ്. നികുതിയിനത്തിൽ ലഭിക്കേണ്ട തുകയിലും ഇതിനാൽ വെട്ടിപ്പ് നടന്നിട്ടുണ്ടാകുമെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.