ന്യൂഡൽഹി: തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരെ പരാമർശവുമായി സുപ്രീംകോടതി. കേസിൽ കേരള സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വസ്തുതാപരമായ തെറ്റുകളുണ്ടെന്ന ആന്റണി രാജുവിന്‍റെ അഭിഭാഷകൻ ദീപക് പ്രകാശിന്‍റെ വാദത്തിനിടെയാണ് കോടതി പരാമർശം നടത്തിയത്.
വസ്തുത തീരുമാനിക്കുന്ന ആന്‍റണി രാജുവാണോ എന്ന് കോടതി ചോദിച്ചു. കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ പിന്നീട് നിലപാട് മാറ്റിയതല്ലേ പ്രശ്നമായതെന്ന് ആന്‍റണി രാജുവിന്‍റെ അഭിഭാഷകനോട് കോടതി ആരാഞ്ഞു.
സർക്കാർ സത്യവാങ്മൂലത്തിൽ വസ്തുതാപരമായ പിശകുണ്ടെന്നും പിശക് മാറ്റാൻ സർക്കാറിന് അവസരം നൽകണമെന്നും ന്‍റണി രാജുവിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, സർക്കാറിന് പിഴവ് തിരുത്താൻ അവസരം നൽകണമെന്ന് എങ്ങനെ എതിർ കക്ഷിക്ക് പറയാൻ കഴിയുമെന്ന് കോടതി ചോദിച്ചു.
തങ്ങളുടെ സത്യവാങ്മൂലത്തിൽ പിഴവുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടി കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യുകയാണ് വേണ്ടതെന്ന് സർക്കാറിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് സർക്കാറിന്റെ നിലപാട് മാറ്റം കോടതി പരാമർശിച്ചത്. ഹരജി മേയ് ഏഴിന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.
മുൻ ഗതാഗത മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജു മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശപൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്ന ആരോപണം ഗുരുതരമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ബോധിപ്പിച്ചത്. അഭിഭാഷകനായിരുന്ന ആന്റണി രാജുവിന്‍റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള കേസാണ് ഇതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.
സംഭവത്തിൽ പുനരന്വേഷണത്തിനെതിരായ ആന്റണി രാജുവിന്‍റെ ഹരജി തള്ളണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാർ വൈകിയതിൽ സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തിയതിനു ശേഷമാണ് ആന്റണി രാജുവിനെതിരായ നിലപാട് കേരളം അറിയിച്ചത്.
1990 ഏപ്രില്‍ നാലിന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ ആസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ കോടതിയിലിരുന്ന തൊണ്ടിമുതല്‍ മാറ്റിയെന്നാണ് കേസ്. സെഷന്‍സ് കോടതി ശിക്ഷിച്ച പ്രതിയെ ഹൈകോടതിയിൽ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രം മാറ്റിവെച്ചുവെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റാരോപണം.
മാറ്റിവെച്ച അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്നു കണ്ട് ആസ്ട്രേലിയൻ പൗരനെ ഹൈകോടതി വെറുതെവിടുകയും ചെയ്തു. ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ഇതില്‍ പുനരന്വേഷണം നടത്തുന്നതിനെതിരെ ആന്റണി രാജു സമർപ്പിച്ച ഹരജിയിലാണ് സംസ്ഥാന സര്‍ക്കാറിന്റെ എതിര്‍സത്യവാങ്മൂലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.