ഐ.എസ് ബന്ധം: ഹനീഫിന് എതിരായ പരാതി പൊലീസ് സമ്മര്‍ദത്തെ തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍

മുംബൈ: യുവാക്കളെ ഭീകരവാദത്തിലേക്ക് വഴിതെറ്റിച്ചതിന് പടന്നയിലെ സലഫി മസ്ജിദ് ഇമാം വയനാട് സ്വദേശി ഹനീഫ് അടക്കം മൂന്നുപേരെ യു.എ.പി.എ ചുമത്തി ജയിലിലടക്കാന്‍ കാരണമായ പരാതി മുംബൈ പൊലീസിന്‍െറ സമ്മര്‍ദംമൂലമാണ് നല്‍കിയതെന്ന് പരാതിക്കാരന്‍െറ വെളിപ്പെടുത്തല്‍. 

കേരളത്തില്‍നിന്ന് കാണാതായ ഐ.എസ് ബന്ധം ആരോപിക്കപ്പെട്ട പടന്ന സ്വദേശി അഷ്ഫാഖിന്‍െറ പിതാവ് അബ്ദുല്‍ മജീദാണ് പരാതി നല്‍കിയത്. എന്നാല്‍, പരാതി നല്‍കുകയായിരുന്നില്ല, മകനിലെ പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് നല്‍കിയ മൊഴിയില്‍ മുംബൈ പൊലീസിന്‍െറ സമ്മര്‍ദംമൂലം ഒപ്പിടുകയായിരുന്നുവെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. 

സുന്നി വിശ്വാസാചാരങ്ങളില്‍നിന്ന് സലഫിസത്തിലേക്ക് അഷ്ഫാഖ് മാറിയതുമായി ബന്ധപ്പെട്ടാണ് മുംബൈ പൊലീസിന് മൊഴി നല്‍കിയത്. 
അതില്‍ നാട്ടിലെ സലഫി മസ്ജിദിനും ഹനീഫിനുമുള്ള പങ്കിനെക്കുറിച്ചാണ് പറഞ്ഞത്. എന്നാല്‍, പൊലീസ് തയാറാക്കിയ പരാതിയില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. എഫ്.ഐ.ആര്‍ വായിച്ചു കേള്‍പ്പിക്കണമെന്നത് അടക്കമുള്ള ചട്ടം പാലിച്ചിട്ടില്ല. പകര്‍പ്പും തന്നില്ല.

 അന്ന് നിയമത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. നഗരത്തില്‍ ലോഡ്ജ് നടത്തുന്ന തനിക്ക് പൊലീസിനു വഴങ്ങാതെ നിര്‍വാഹമുണ്ടായിരുന്നില്ല. എന്നാല്‍, തന്‍െറ പേരില്‍ നിരപരാധിയായ യുവാവ് ജയിലില്‍ കഴിയുന്നത് കുറ്റബോധമുണ്ടാക്കി. അതിനാലാണ് ഇപ്പോള്‍ തുറന്നുപറയുന്നത് -മജീദ് പറഞ്ഞു. 

പരാതി പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് നിയമം അറിയില്ളെന്നും എന്തുചെയ്യണമെന്ന് വ്യക്തമല്ളെന്നുമാണ് മജീദ് പറയുന്നത്. തന്നെ കോടതി വിളിപ്പിച്ചാല്‍ ജഡ്ജിക്കു മുമ്പാകെ സത്യം പറയും. ഇനി പൊലീസിനെ പേടിയില്ല. അവര്‍ തൂക്കിക്കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ -മജീദ് പറയുന്നു. മകന്‍ ഐ.എസില്‍ ചേര്‍ന്നെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. 

അഷ്ഫാഖും ഭാര്യയും കുഞ്ഞും മാതൃ സഹോദരിയുടെ മകന്‍ ഡോ. ഇല്യാസും അഫ്ഗാനിസ്താനില്‍ ക്ളിനിക്ക് നടത്തുകയാണ്.  ഇക്കാര്യം അഷ്ഫാഖ് ഉമ്മയെ വിളിച്ചുപറഞ്ഞതാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് അബ്ദുല്‍ മജീദിന്‍െറ പരാതിയില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരില്‍നിന്ന് മുംബൈ പൊലീസ് ഹനീഫിനെ അറസ്റ്റ് ചെയ്തത്. പീസ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ അധ്യാപകനായ അബ്ദുല്‍ റാഷിദ്, സാകിര്‍ നായിക്കിന്‍െറ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനുമായി ബന്ധമുള്ള അര്‍ശി ഖുറൈശി, രിസ്വാന്‍ ഖാന്‍ എന്നിവരും കേസില്‍ പ്രതികളാണ്.  

റാഷിദ് ഒഴികെയുള്ളവര്‍ മുംബൈയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ എന്‍.ഐ.എ ഏറ്റെടുത്തിരിക്കുകയാണ്.  ഇവരുടെ ജാമ്യവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പ്രത്യേക എന്‍.ഐ.എ കോടതി വിധി പറഞ്ഞേക്കും.

Tags:    
News Summary - is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.