കൊച്ചി: വ്യാഴാഴ്ച കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം നടത്തുന്നതിനാൽ ഫുട്ബാൾ ആരാധകർക്ക് സുഗമമായി യാത്ര ചെയ്യാൻ 30 അധിക സർവിസുകളൊരുക്കി കൊച്ചി മെട്രോ.നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആൻഡ് പാർക്ക് സൗകര്യം ഉപയോഗിക്കാം. തൃശൂർ, മലപ്പുറം ഭാഗത്ത്നിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് ബസുകളും കാറുകളും പാർക്ക് ചെയ്തശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്രചെയ്യാനാകും.
50 കാറുകളും 10 ബസുകളും പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്. പറവൂർ, കൊടുങ്ങല്ലൂർ വഴി ദേശീയപാത 66ൽ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്ത് മെട്രോയിൽ ജെ.എൽ.എൻ സ്റ്റേഡിയം സ്റ്റേഷനിലേക്കെത്താം.
15 ബസുകളും 30 കാറുകളും ഇടപ്പള്ളിയിൽ പാർക്ക് ചെയ്യാം. ആലപ്പുഴ, തിരുവനന്തപുരം ഭാഗത്ത്നിന്ന് റോഡ് മാർഗം വരുന്നവർക്ക് വൈറ്റിലയിൽനിന്ന് കൊച്ചി മെട്രോയിൽ യാത്രചെയ്ത് സ്റ്റേഡിയത്തിലേക്കെത്താം. കോട്ടയം, ഇടുക്കി മേഖലയിൽനിന്ന് വരുന്നവർക്ക് എസ്.എൻ ജങ്ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകളിൽനിന്ന് മെട്രോ സേവനം ഉപയോഗിക്കാം.
രാത്രി 10 മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ഉണ്ടായിരിക്കും. മത്സരം കാണാൻ മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാൻ സാധിക്കും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. കൊച്ചിയിൽ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30വരെ മെട്രോ അധിക സർവിസ് ഏർപ്പെടുത്തുന്നുണ്ട്.
കൊച്ചി: വ്യാഴാഴ്ച ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.എസ്.എൽ മത്സരങ്ങളോട് അനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി പൊലീസ്. നിർദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്ത് പരമാവധി മെട്രോയടക്കമുള്ള പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി കാണികൾ സ്റ്റേഡിയത്തിൽ എത്തണം.
പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽനിന്ന് കളി കാണാനെത്തുന്നവർ വാഹനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിൽ ചാത്യാത്ത് റോഡിൽ പാർക്ക് ചെയ്യണം. പറവൂർ, തൃശൂർ, മലപ്പുറം മേഖലകളിൽനിന്ന് വരുന്നവരുടെ വാഹനങ്ങൾ ആലുവ ഭാഗത്തും കെണ്ടയ്നർ റോഡിലും അപകടരഹിതമായും ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിലും പാർക്ക് ചെയ്യണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങിയ കിഴക്കൻ മേഖലകളിൽനിന്ന് വരുന്നവരുടെ വാഹനങ്ങൾ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിൽ പാർക്ക് ചെയ്യണം. ആലപ്പുഴ അടക്കമുള്ള തെക്കൻ മേഖലകളിൽനിന്നും വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിൽ പാർക്ക് ചെയ്യണം. കാണികളുമായി എത്തുന്ന ഹെവി വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശനം ഉണ്ടാവില്ല.
വൈകീട്ട് അഞ്ചിനുശേഷം എറണാകുളം ഭാഗത്തുനിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി - മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയിൽ എത്തണം.വൈകീട്ട് അഞ്ചിനുശേഷം ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജങ്ഷൻ, എസ്.എ റോഡ് വഴി പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.