ഗോശ്രീ പാലം തങ്ങളെ അവഗണിച്ച് കടന്നുപോയപ്പോൾ മുതൽ ‘താന്തോണി തുരുത്തിന് പകരം പാലം’ എന്ന ആവശ്യമുയരുന്നതാണ്. പക്ഷേ, പിന്നീട് ഇവർക്ക് ഒരു പരിഗണനയും ലഭിച്ചില്ല. ഇപ്പോഴും ഭക്ഷ്യവസ്തുക്കൾക്കടക്കം ദിനേന വേണ്ട സാധനങ്ങൾ വാങ്ങണമെങ്കിൽ കരയിലെത്തണം.
മത്സ്യം വിൽക്കാൻ എന്തായാലും കരയിലെത്തണമെന്നിരിക്കെ വീട്ടുസാധനങ്ങളും വാങ്ങി ആളുകൾ വരുന്നതിനാൽ ഇവിടെ കടകൾ തുറന്നാലും പ്രയോജനമില്ലെന്നാണ് റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി പി.പി. അബാസിന്റെ അഭിപ്രായം. ഒരിക്കൽ തുറന്ന കട താമസിയാതെ പൂട്ടി. വീടുകൾക്ക് പുറമെ ആകെയുള്ളത് ഒരു ക്ഷേത്രം മാത്രമാണ്.
വർഷംതോറും ഇവിടെ ഉത്സവം നടത്തുന്നുണ്ട്. പൊതുസ്ഥാപനങ്ങളൊന്നുമില്ല. ഒരു അംഗൻവാടിയുണ്ടായിരുന്നതും പ്രവർത്തിക്കുന്നില്ല. കുരുന്നുകൾക്കുപോലും പച്ചാളത്തോ മുളവുകാടോ എറണാകുളത്തോ പോയി വേണം അക്ഷരം പഠിക്കാൻ.
റേഷൻ വാങ്ങണമെങ്കിലും തുരുത്തുകാർക്ക് കായൽ കടക്കണം. കായൽ കടന്ന് പഠിച്ച് വളർന്നവരാകട്ടെ താന്തോണി തുരുത്ത് വിട്ടുപോയി. കുടിവെള്ളം പോലും മറുകരയിലെത്തി ശേഖരിച്ചിരുന്ന കാലമുണ്ടായിരുന്നു. വെളിച്ചവും വെള്ളവും ലഭിച്ചപ്പോൾ ജീവിതം കുറേക്കൂടി നന്നാവേണ്ടതാണ്. പക്ഷേ, ദുരിതം കൂടുതൽ കനക്കുകയാണിവിടെ. ചുറ്റിലും ആകാശം മുട്ടുന്ന ബഹുനില കെട്ടിടങ്ങളുയരുന്നത് തങ്ങളുടെ ജീവിതത്തെ കൂടുതൽ ദുഷ്കരമാക്കുന്നതായും ഇവർ തിരിച്ചറിയുന്നു.
ഗോശ്രീ വികസനത്തിന്റെ പേരിൽ കായലിൽനിന്ന് മണ്ണെടുത്ത് കുറേ ഭാഗം നികത്തി ബഹുനില കെട്ടിടങ്ങൾ പണിയും വരെ അല്ലലില്ലാതെ കിടന്നുറങ്ങാനെങ്കിലും തുരുത്തുകാർക്ക് കഴിഞ്ഞിരുന്നു. കായലിന്റെ ഒരു ഭാഗത്തുനിന്ന് മണ്ണ് മാറിയപ്പോൾ മറുഭാഗത്തുനിന്ന് താഴ്ന്ന സ്ഥലത്തേക്ക് മണ്ണ് ഒഴുകിപ്പോകാൻ തുടങ്ങി. ചളിയടിഞ്ഞും കായലിന്റെ ആഴവും പരപ്പും കുറഞ്ഞും മത്സ്യസമ്പത്തും കുറഞ്ഞു. ഇല്ലാതായ മത്സ്യസമ്പത്ത് പുനഃസ്ഥാപിക്കാൻ ഒരു പദ്ധതിയും വന്നില്ല. ദിവസം മുഴുവൻ മീൻ പിടിക്കാൻ പോയാലും 200 രൂപക്കപ്പുറം കിട്ടാത്ത അവസ്ഥയാണെന്നും അറിയാത്ത തൊഴിലുകൾ ചെയ്തും ഇടക്കിടെ പട്ടിണി കിടന്നുമാണ് ജീവിതം മുന്നോട്ട് നീക്കുന്നതെന്നും മത്സ്യത്തൊഴിലാളിയായ സതീശൻ പറയുന്നു.
കടുത്ത വേലിയേറ്റവും കനത്ത മഴക്കാലവും താന്തോണി തുരുത്തുകാരുടെ ഉറക്കം കെടുത്താതിരുന്ന ഒരു കാലമുണ്ടായിരുന്നു. വീടിനകം പോലെ മണൽ നിറഞ്ഞ മുറ്റവും ഉണങ്ങി മനോഹരമായി കിടന്നിരുന്നു.
ഇതെല്ലാം ഇന്ന് മാറി. മറുകരയിൽ കെട്ടിടം പണിയാൻ ഏഴര മീറ്ററോളം താഴ്ത്തി കായൽ കുഴിച്ചപ്പോൾ തുരുത്തിനെ സംരക്ഷിച്ച് നിർത്തിയിരുന്ന അടിമണ്ണിന്റെ കരുത്ത് ചോർന്നു. കായലിന്റെ ആഴം കൂട്ടിയപ്പോൾ ആ ഭാഗത്തേക്ക് ഒഴുകിപ്പോയത് മറുഭാഗത്തുള്ള താന്തോണിത്തുരുത്തുകാരുടെ വീടുകൾക്കടിയിലെ മണ്ണാണ്.
അന്ന് മുതലേ ഈ ഭാഗത്തെ വീടുകൾ മണ്ണിലേക്ക് ഇടിഞ്ഞു താഴ്ന്നുകൊണ്ടിരിക്കുകയാണ്. വീടുകളുടെ അടിഭാഗം ദിവസം ചെല്ലുന്തോറും പൊള്ളയാകുന്നു. ഇതിനിടയിലാണ് തുരുത്തിനെ കവർന്നെടുത്ത മഹാപ്രളയമുണ്ടായത്.
ഇതോടെ ഭൂമിയും കായലിലേക്ക് താഴാൻ തുടങ്ങി. ഇവിടത്തെ പല വീടുകളുടെയും അടിത്തറ മണ്ണിനടിയിലായി കഴിഞ്ഞതായി സ്വന്തം വീട് ചൂണ്ടിക്കാട്ടി നാട്ടുകാരനായ ടി.എൻ. റെജി പറഞ്ഞു.
ഇപ്പോൾ ചെറിയ വേലിയേറ്റത്തിൽപോലും വെള്ളം വീടുകൾക്കകത്തേക്ക് അടിച്ചുകയറുന്ന അവസ്ഥയാണ്. മണലിന് പകരം ചളി നിറഞ്ഞ മുറ്റങ്ങൾ രാവും പകലും കുതിർന്നു കിടക്കുന്നു. വീടുകളിലേക്ക് ഉപ്പുജലം കയറുന്നു. ഓരോ വേലിയേറ്റം കഴിയുമ്പോഴും വീടിനകത്ത് അടിഞ്ഞുകൂടിയ അഴുക്കും വെള്ളവും കോരി വറ്റിച്ചാലേ അകത്തേക്ക് കയറാനെങ്കിലും പറ്റൂ. അപകടം തൊട്ടുമുന്നിൽ കണ്ടിട്ടും ഈ വീടുകളിൽതന്നെ കഴിഞ്ഞുകൂടാനേ ഇവർക്ക് കഴിയുന്നുള്ളൂ. അന്നന്നത്തെ ജീവിതം നയിക്കാൻപോലും പാടുപെടുന്ന തുരുത്തുകാരെ സംബന്ധിച്ച് പുതിയൊരു വീടിനെക്കുറിച്ചുള്ള ചിന്തപോലും ആഡംബരമാണ്.
ഇല്ലാത്ത പണമുണ്ടാക്കി തറ നിരപ്പ് ഉയരം കൂട്ടി പുതിയ വീടുകൾ പണിത് ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ചിലർ. എന്നാൽ, വീട് വെക്കണമെങ്കിൽ ഇരട്ടിയിലേറെ തുകയാണ് ചെലവ്. നിർമാണ സാമഗ്രികൾ കായലോരത്തിറക്കി അവിടെനിന്ന് ജോലിക്കാരെ വെച്ച് പണി സ്ഥലത്തേക്ക് എത്തിക്കണം. അടിത്തറ കൂടുതൽ കരുത്തുള്ളതാവണമെങ്കിൽ നിർമാണത്തിന്റെ ആദ്യ ഘട്ടത്തിൽതന്നെ ഇരട്ടി തുക ചെലവഴിക്കേണ്ട സാഹചര്യവുമുണ്ട്.
(പാലത്തിനൊപ്പം വീടുകളിലേക്ക് വെള്ളം ഇരച്ചു കയറുന്നത് തടയാൻ ഔട്ടർ ബണ്ടെന്ന ആവശ്യം പതിറ്റാണ്ടായി ദ്വീപ് വാസികൾ ഉന്നയിക്കുന്നു. പാലത്തിന്റെ കാര്യത്തിലെന്നപോലെ ഔട്ടർ ബണ്ടും സ്വപ്നമായി അവശേഷിക്കുകയാണ് - ഇതേക്കുറിച്ച് നാളെ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.