കൊച്ചി: ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ മഴ പെയ്യിച്ചപ്പോൾ കോളടിച്ചത് കൊച്ചി മെട്രോക്ക്. മത്സരം കാണാനെത്താൻ കൂടുതൽ ഫുട്ബാൾ പ്രേമികളും തെരഞ്ഞെടുത്തത് കൊച്ചി മെട്രോയെയാണ്. വ്യാഴാഴ്ച രാത്രി 12 വരെ 1,25,950 പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. യാത്രകൾക്കായി കൂടുതൽ പേർ കൊച്ചി മെട്രോയെ ആശ്രയിക്കുന്നത് സ്വാഗതാർഹമാണെന്ന് അധികൃതർ പ്രതികരിച്ചു.
2023ൽ ഇതുവരെ 24 തവണയാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. സെപ്റ്റംബറിലെ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 91,742 ആണ്. 30 അധിക സർവിസുകളാണ് വ്യാഴാഴ്ച കൊച്ചി മെട്രോ ഒരുക്കിയത്. മെട്രോ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
കൊച്ചി മെട്രോയുടെ പേ ആൻഡ് പാർക്ക് സൗകര്യവും മികച്ച രീതിയിൽ ഉപയോഗിക്കപ്പെട്ടു. രാത്രി 10 മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും ഏർപ്പെടുത്തിയിരുന്നു. കൊച്ചിയിൽ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സർവിസ് ഏർപ്പെടുത്തുന്നുണ്ട്. ജനങ്ങൾക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്ബാൾ ആരാധകർക്കും മെട്രോ സർവിസ് പ്രയോജനപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.