വിജയവാഡ: സി.പി.ഐ ദേശീയ കൗൺസിലിൽ കേരളത്തിൽനിന്ന് ഏഴ് പുതുമുഖങ്ങൾ. മന്ത്രിമാരായ കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ്, ചിഞ്ചുറാണി, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, രാജാജി മാത്യു തോമസ്, പി.പി. സുനീർ എന്നിവരാണ് ദേശീയ കൗൺസിലിൽ എത്തിയത്. സത്യൻ മൊകേരി കൺട്രോൾ കമീഷൻ അംഗം.
കെ.ഇ. ഇസ്മയിൽ, പന്ന്യൻ രവീന്ദ്രൻ, എൻ. അനിരുദ്ധൻ, ടി.വി. ബാലൻ, സി.എൻ. ജയദേവൻ, എൻ. രാജൻ എന്നിവർ ദേശീയ കൗൺസിലിന് പുറത്തായി. കൺട്രോൾ കമീഷൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ പന്ന്യൻ, ദേശീയ കൗൺസിലിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് ദേശീയ നേതൃത്വത്തോട് അഭ്യർഥിച്ചിരുന്നു.
ദേശീയ കൗൺസിലിൽ പുതിയമുഖങ്ങൾക്ക് അവസരം നൽകാനാണിതെന്ന് അദ്ദേഹം പാർട്ടിയോട് വിശദീകരിച്ചു.
എന്നാൽ, പ്രായപരിധി തർക്കമാണ് അതിലേക്ക് നയിച്ചതെന്നാണ് സൂചന.
കേരളത്തിൽനിന്ന് ഏഴു പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ച ദേശീയ കൗൺസിലിൽ സംസ്ഥാന പ്രാതിനിധ്യം 11ൽനിന്ന് 13 പേരായി ഉയർന്നു. അതേസമയം, വി.എസ്. സുനിൽ കുമാർ ദേശീയ കൗൺസിലിൽ എത്തുന്നത് സംസ്ഥാനനേതൃത്വം തടഞ്ഞു. സുനിൽ കുമാറിന്റെ പേര് ടി.ആർ. രമേശ് കുമാർ നിർദേശിച്ചെങ്കിലും സംസ്ഥാനനേതൃത്വം പിന്തുണച്ചില്ല. സംസ്ഥാനനേതൃത്വം കൈവിട്ടതായി കണ്ടപ്പോൾ അദ്ദേഹത്തെ പിന്തുണക്കാൻ ആരും തയാറായില്ല. ടി.ടി. ജിസ്മോൻ കാൻഡിഡേറ്റ് അംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.