തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരം സി.ജെ.എം കോടതി അംഗീകരിച്ചു. വിചാരണ തുടങ്ങുന്നതിനു മുന്നോടിയായി അഞ്ച് പ്രതികൾക്ക് നോട്ടിസ് അയച്ചു. മറുപടി ലഭിച്ച ശേഷമാകും വിചാരണയിലേക്ക് കടക്കുക. പ്രതികൾ ജൂലൈ 26ന് നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ചാരക്കേസിൽ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെതിരെ ഗൂഢാലോചന നടന്നതു സംബന്ധിച്ച് അന്വേഷിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഡി.കെ.ജയിൻ സമിതി ശുപാർശ ചെയ്തതനുസരിച്ചാണ് കേസ് 2020ൽ സി.ബി.ഐക്കു വിട്ടത്.
നേരത്തെ കേസിൽ 18 പേരെ പ്രതി ചേർത്തിരുന്നു. എന്നാൽ നിലവിൽ പ്രധാന പ്രതികളായ അഞ്ച് പേർക്കെതിരെയാണ് കുറ്റപത്രം നൽകിയത്. മുൻ ഡി.ജി.പി സിബി മാത്യൂസ്, മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി ശ്രീകുമാർ, മുൻ ഇൻസ്‌പെക്ടർ എസ്. വിജയൻ, മുൻ ഡി.എസ്.പി കെ.കെ ജോഷ്വ, മുൻ അസിസ്റ്റന്റ് സെൻട്രൽ ഇന്‍റലിജൻസ് ഓഫീസർ പി.എസ് ജയപ്രകാശ് എന്നിവർക്കെതിരെയാണ് കുറ്റപത്രം. ബാക്കിയുള്ളവർക്കെതിരെ സി.ബി.ഐ അധിക കുറ്റപത്രം നൽകുമെന്നാണ് വിവരം.
ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമച്ച് ഒരാളെ പ്രതിയാക്കൽ, വ്യാജ തെളിവുണ്ടാക്കൽ, മനഃപൂർവം മുറിവുണ്ടാക്കൽ, ബലം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കസ്റ്റഡിൽവച്ച് നമ്പി നാരായണനെ മർദിച്ചിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഗൂഢാലോചനയിൽ അഞ്ച് പേർക്കും പങ്കുള്ളതായി പരാമർശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.