തിരുവനന്തപുരം: ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വാദം പൂർത്തിയായി. വിധി ആഗസ്റ്റ് 27ന്. ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി എസ്. വിജയൻ സമർപ്പിച്ച ഹരജി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് പരിഗണിക്കുന്നത്. ചാരക്കേസ് അട്ടിമറിക്കാനും കേസിൽനിന്ന് രക്ഷപ്പെടാനും സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥർക്ക് നമ്പി നാരായണൻ ഭൂമി കൈമാറിയെന്നാണ് ഹരജിയിലെ പ്രധാന ആരോപണം.
സി.ബി.ഐ മുൻ ഡിവൈ.എസ്.പി ഹരി വത്സെൻറ സഹോദരിക്ക് നമ്പി നാരായണൻ ഭൂമി കൈമാറിയെന്നതുൾപ്പെടെ രേഖകൾ വിജയൻ കോടതിയിൽ ഹാജരാക്കി. 1994ൽ ചാരക്കേസ് സി.ബി.ഐക്ക് കൈമാറിയപ്പോൾ നമ്പി നാരായണനും മറ്റൊരു ഉദ്യോഗസ്ഥനായ ശശികുമാറിനുമെതിരെ അനധികൃത സ്വത്ത് സമ്പാദിച്ചതിന് അഴിമതി നിരോധന നിയമപ്രകാരം മുൻ ഡിവൈ.എസ്.പി ഹരി വത്സൻ കേസെടുത്തിരുന്നു. ഈ കേസും സി.ബി.ഐ എഴുതിത്തള്ളിയെന്ന് വിജയൻ വാദിച്ചു.
എന്നാൽ, പ്രതിയായ ഒരാൾ എങ്ങനെയാണ് ഇത്തരം ഹരജിയുമായി കോടതിയെ സമീപിക്കുന്നതെന്നും ഹരജികൾ ക്രിമിനൽ ചട്ടപ്രകാരം നിലനിൽക്കില്ലെന്നും സി.ബി.ഐ മറുപടി നൽകി.
ഇരുവരുടെയും വാദം കേട്ടശേഷമാണ് സി.ബി.ഐ ജഡ്ജി സനിൽകുമാർ കേസിൽ വിധി പറയാൻ മാറ്റിയത്. സി.ബി.ഐ മുൻ ഉദ്യോഗസ്ഥന്മാരായ ഡി.ഐ.ജി രാജേന്ദ്രനാഥ് കൗൾ, ഡിവൈ.എസ്.പി ഹരി വത്സൻ, തിരുവനന്തപുരം സി.ബി.ഐ യൂനിറ്റ് നിലവിലെ എസ്.പി എന്നിവരാണ് കേസിലെ എതിർകക്ഷികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.