കോഴിക്കോട്: കോവിഡ് മുൻകരുതലിൽ കേസുവിളിക്കലും വിചാരണയുമൊക്കെ നാമമാത്രമായ കാലത്ത് അഭിഭാഷകരും ന്യായാധിപരും തമ്മിലുള്ള പിണക്കം രൂക്ഷമായി. ഇതിെൻറ ഭാഗമായി കേസുകളിൽ തീർപ്പാക്കാൻ ശനിയാഴ്ച കോടതികളിൽ നടത്താൻ നിശ്ചയിച്ച ഇ-അദാലത്തുകൾ സംസ്ഥാന വ്യാപകമായി ബഹിഷ്കരിക്കാൻ അഭിഭാഷകർ തീരുമാനിച്ചു.
ബാർകൗൺസിൽ, ബാർ അസോസിയേഷൻ, ബാർ ഫെഡറേഷൻ എന്നിവയുടെ പിന്തുണയോടെയാണ് നടപടി. അഭിഭാഷകരുമായി കൂടിയാലോചിക്കാതെ സ്വകാര്യ ഏജൻസികളെ ഇ-അദാലത്തുകൾ നടത്താൻ ചുമതലപ്പെടുത്തിയതടക്കമുള്ള കാര്യങ്ങളിലുള്ള പ്രതിഷേധം ബഹിഷ്കരണ കാരണമാണ്.
2019 നവംബറിൽ തിരുവനന്തപുരത്ത് മജിസ്ട്രേറ്റുമായുണ്ടായ പ്രശ്നത്തെ തുടർന്നുള്ള പ്രതിഷേധത്തിെൻറ തുടർച്ചയും പുതിയ സംഭവങ്ങൾക്ക് കാരണമാണ്.
കഴിഞ്ഞ നവംബർ 30ന് കോഴിക്കോട്ട് കേരള മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ സെൻറർ നടത്താൻ തീരുമാനിച്ച റിഫ്രഷർ കോഴ്സ് തിരുവനന്തപുരം സംഭവത്തിലുള്ള പ്രതിഷേധ ഭാഗമായി മീഡിയേറ്റർമാരായ അഭിഭാഷകർ ബഹിഷ്കരിച്ചിരുന്നു. ബാർ അസോസിയേഷൻ തീരുമാനപ്രകാരമായിരുന്നു നടപടി. കോഴ്സിൽ പങ്കെടുക്കാതിരുന്ന കോഴിക്കോട്ടെ 28 അഭിഭാഷകരായ മീഡിയേറ്റർമാർക്കെതിരെ ശിക്ഷാനടപടികളെടുക്കുകയും മീഡിയേഷൻ കോഒാഡിനേറ്ററായ അഡ്വ.പി.കുമാരൻ കുട്ടിയെ പുറത്താക്കുകയും ചെയ്തു.
പല തവണ ചർച്ചകൾ നടന്നിട്ടും ന്യായാധിപൻമാർക്ക് മേൽകൈയുള്ള സെൻറർ നടപടികൾ പിൻവലിക്കാത്തതിനെതിരെ കൂടിയാണ് കോഴിക്കോട്ട് എല്ലാ അഭിഭാഷക സംഘടനകളും ഉൾപ്പെട്ട ആക്ഷൻ കമ്മിറ്റി മുൻകൈയെടുത്ത് നാളത്തെ ബഹിഷ്കരണം. കോടതി പരിസരത്തും ബാർ അസോസിയേഷൻ പരിസരങ്ങളിലും കോവിഡ് പ്രോട്ടോകോൾ മാനദണ്ഡം പാലിച്ച് ധർണയും നടത്തും.
സംഘടന തീരുമാനപ്രകാരം വിട്ടുനിന്നതിനെതിരായ നടപടി സംഘടനാ സ്വാതന്ത്ര്യത്തിനെതിരായ നീക്കമാണെന്നും കോവിഡ് മറയാക്കി പ്രതിഷേധങ്ങൾ അടിച്ചമർത്തുന്ന രീതി തന്നെയാണ് നീതിന്യായമേഖലയിലും നടപ്പാക്കാൻ നോക്കുന്നതെന്നും മുതിർന്ന അഭിഭാഷകർ ആരോപിക്കുന്നു. ഇതടക്കം വിവിധ പ്രശ്നങ്ങളിൽ അഭിഭാഷകരെ അവഗണിക്കുന്നതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.