കൽപറ്റ: കഴിഞ്ഞ ദിവസം കോഴിക്കോട് മേഖലയിലെ മറ്റു ഡിപ്പോകൾക്കൊപ്പം നിശ്ചയിച്ചിരുന്ന ടാർജറ്റ് കലക്ഷനു മുകളിൽ നേടിയ രണ്ടു കെ.എസ്.ആർ.ടി.സി ഡിപ്പോകളാണ് ബത്തേരിയും മാനന്തവാടിയും. കൽപറ്റ ഡിപ്പോയും നിശ്ചയിച്ചിരുന്ന കലക്ഷന് അടുത്തുവരെ നേടി. എന്നാൽ, കലക്ഷനിൽ റെക്കോഡ് ഇടുമ്പോഴും വയനാട്ടിലെ ജനങ്ങൾ ആനവണ്ടിയെ ഇരുകൈയും നീട്ടി സ്വീകരിക്കുമ്പോഴും കാര്യങ്ങൾ അത്ര സുഖകരമല്ല. ബസുകളുടെ കാലപ്പഴക്കവും ഷെഡ്യൂളുകൾ ക്രമീകരിക്കുന്നതിലെ പോരായ്മകളുമെല്ലാം ഡിപ്പോകളുടെയും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പൂജ, ഗാന്ധിജയന്തി അവധിക്കുശേഷം ചൊവ്വാഴ്ച കോഴിക്കോട്, തലശേരി, മാനന്തവാടി, കാസർകോഡ്, കണ്ണൂർ, സുൽത്താൻ ബത്തേരി, കാഞ്ഞങ്ങാട് യൂനിറ്റുകളാണ് നിശ്ചയിച്ച ടാർജറ്റിന് മുകളിൽ കലക്ഷൻ നേടിയത്. തിങ്കളാഴ്ച വൈകീട്ടു മുതലുള്ള സ്പെഷ്യൽ സർവിസുകളും മറ്റു സർവിസുകളും നടത്തിയാണ് മികച്ച വരുമാനം ഈ ദിവസം നേടിയെടുക്കാനായത്.
കോഴിക്കോട് മേഖലയിൽ ഒരു കോടിയിലധികം വരുമാനം കൈവരിക്കുകയും ചെയ്തു. 10,86,856 രൂപയാണ് മാനന്തവാടി ഡിപ്പോയുടെ കലക്ഷൻ ടാർജറ്റായി നിശ്ചയിച്ചിരുന്നതെങ്കിൽ കെ.എസ്.ആർ.ടി.സിയും കെ.യു.ആർ.ടി.സിയും കൂടി ഒാടി 70,524 രൂപയുടെ അധിക കലക്ഷനുമായി 11,57,380 (106.49%) രൂപയാണ് നേടിയത്. 13,70,106 രൂപ ടാർജറ്റായി നിശ്ചയിച്ചിരുന്ന ബത്തേരി ഡിപ്പോയിൽ 14,30,655 രൂപ നേടി 60,549 (104.42 %) രൂപയുടെ അധികവരുമാനം ഉണ്ടാക്കി ശ്രദ്ധേയമായി. ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഡിപ്പോയാണ് ബത്തേരി. 9,31,069 രൂപയുടെ ടാർജറ്റിൽ 9,12,046 രൂപയാണ് കൽപറ്റ ഡിപ്പോക്ക് ചൊവ്വാഴ്ച നേടാനായത്.19,023 (97.96%) രൂപയുടെ കുറവാണ് ഉണ്ടായത്. ഏറ്റവും കൂടുതൽ കലക്ഷൻ ലഭിക്കുന്ന ജില്ലാ ഡിപ്പോ എന്ന പദവി ഇപ്പോൾ കൽപറ്റ ഡിപ്പോക്കാണ്.
കലക്ഷൻ കുറഞ്ഞ ഡിപ്പോയാണ് ജില്ലാ ഡിപ്പോ എന്ന വൈരുധ്യവും നിലനിൽക്കുന്നുണ്ട്. ജനങ്ങൾ കയറാനുണ്ടെങ്കിലും ഷെഡ്യൂളുകളുടെ ക്രമീകരണവും ആവശ്യമായ ബസുകൾ ലഭിക്കാത്തതും ഡിപ്പോകളുടെയും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. അപ്പോഴും മൂന്നു ഡിപ്പോകളിലെയും കെ.എസ്.ആർ.ടി.സിയെ ആത്മാർഥമായി സ്നേഹിക്കുന്ന ജീവനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും ഇടപെടലുകളാണ് മികച്ച കലക്ഷനുമായി മുന്നേറാൻ സഹായിക്കുന്നത്. പെട്ടെന്നുള്ള ട്രിപ് മുടക്കങ്ങൾ പല റൂട്ടുകളിലും വ്യാപകമാകുന്നുവെന്ന പരാതിയുണ്ട്. ഇത് പരിഹരിക്കാനാവശ്യമായ ബസുകളും ഷെഡ്യൂൾ ക്രമീകരണവുമാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത്. ഒപ്പം ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഒഴിവുകൾ നികത്താനുമുള്ള നടപടിയുമുണ്ടാകണം.
കൽപറ്റക്കുമുണ്ട് പറയാനേറെ...
കൽപറ്റ ഡിപ്പോയിൽ ഷെഡ്യൂളുകൾ നിശ്ചയിക്കുന്ന ജനറൽ കൺട്രോൾ ഇൻസ്പെക്ടറുടെ ഒഴിവ് നികത്താത്തതിനാൽ സർവിസുകളെ ബാധിക്കുന്നതായി ആക്ഷേപമുണ്ട്. നിലവിലുണ്ടായിരുന്നയാൾ കാസർകോഡ് ട്രാൻസ്ഫർ ആയതോടെയാണ് ഈ ഒഴിവ് വന്നത്. ജില്ല ഡിപ്പോ ആയിട്ടും അതിനുള്ള സൗകര്യമില്ലെന്നതാണ് യാഥാർഥ്യം. ജീവനക്കാർക്ക് വിശ്രമിക്കാൻ സ്ഥലമില്ലാത്തത് പ്രശ്നമാകുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞുള്ള മെക്കാനിക്കൽ ജീവനക്കാർക്കു പോലും വിശ്രമിക്കാൻ ഇടമില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ജില്ല ഡിപ്പോ പദവിയുള്ള കൽപറ്റയിൽ ഒാഫിസ് സൂപ്രണ്ട് ലോങ് ലീവിൽ പോയതും ഒാഫിസ് പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ബസുകൾ നന്നാക്കുന്ന സ്ഥലത്തെ അസൗകര്യങ്ങൾ മൂലം ദുരിതമനുഭവിക്കുന്നത് മെക്കാനിക്കൽ ജീവനക്കാരാണ്. ഷെഡ്യൂളുകൾക്ക് അനുസരിച്ച് മാത്രം കണ്ടക്ടർമാരെയും ഡ്രൈവർമാരെയും ക്രമീകരിച്ചതോടെ ലീവ് എടുക്കാൻ പോലും കഴിയുന്നില്ലെന്ന ആരോപണമുണ്ട്. ലീവിൽ പോയാൽ ട്രിപ്പ് മുടങ്ങുന്ന അവസ്ഥയുമുണ്ട്. നേരത്തെയുണ്ടായിരുന്ന ഡ്രൈവർമാരെ പലയിടത്തേക്ക് മാറ്റിയതോടെയാണ് ഈ പ്രശ്നം വന്നത്. ഡിപ്പോ ടൗണിന് ഉള്ളിലേക്ക് ആയതിനാൽ നല്ല കാൻറീൻ സൗകര്യമില്ലാത്തതും ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഡ്യൂട്ടി സമ്പ്രദായത്തിൽ മാറ്റം വന്നപ്പോഴും ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടിയെടുക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി.
കലക്ഷനിൽ മുന്നിൽ ബത്തേരി; ഒാടുന്നത് കടമെടുത്ത ബസുകളിൽ
കൽപറ്റ: ബസുകൾ മറ്റു ഡിപ്പോകളിൽ നിന്ന് കടമെടുത്തും ഡിപ്പോയിലുള്ള സ്പെയർ ബസുകൾ ഉപയോഗിച്ചും പൂജ-ഗാന്ധിജയന്തി അവധിക്കുശേഷം നാലു ദീർഘദൂര സ്പെഷ്യൽ സർവിസുകളാണ് ബത്തേരി ചരിത്രത്തിലാദ്യമായി ഒാപറേറ്റ് ചെയ്തത്. പരാധീനതകൾക്കിടയിലും ജീവനക്കാരുടെയും ബത്തേരി ഡിപ്പോ അധികൃതരുടെയും ജില്ല ഡിപ്പോ അധികൃതരുടെയും കൂട്ടായ പ്രവർത്തനത്തിെൻറ ഫലമായാണ് പല സർവിസുകളും സജീവമായി പോകുന്നത്. ദിവസ വരുമാനം 14,30,655 രൂപയിലെത്തിച്ച ബത്തേരി ഡിപ്പോക്ക് ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാനാകും. എന്നാൽ, അതിനുള്ള ബസുകളോ സൗകര്യമോ ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. സർവിസ് കാൻസലേഷൻ ആണ് ഡിപ്പോയിലെ പ്രധാന പ്രശ്നം. ഒാടുന്ന ബസുകൾ ഏതുനിമിഷമാണ് ഒാട്ടം നിർത്തുകയെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
കൂടുതൽ ചെയിൻ/ഒാർഡിനറി സർവിസുകൾ നടത്താൻ ബസില്ലാത്ത അവസ്ഥയാണ്. നാലു ബസുകൾ ഇതിനോടകം ഉപയോഗശൂന്യമായി. രണ്ടുമാസത്തിനകം ഒരു സൂപ്പർഫാസ്റ്റും ഫാസ്റ്റ് പാസഞ്ചറും ഡൗൺഗ്രേഡാകുന്നതോടെ പോയൻറ് ടു പോയൻറ് സർവിസിനെ ബാധിക്കും. ഒാർഡിനറി ബസുകളുടെ ക്ഷാമം വന്നതോടെ ഗ്രാമപ്രദേശത്തേക്ക് നടത്തുന്ന ഷെഡ്യൂളുകൾ മുടങ്ങാനും തുടങ്ങി. ബത്തേരി- പൂതാടി- കോഴിക്കോട് ഷെഡ്യൂളും മുടങ്ങിയിരുന്നു. മറ്റു പല റൂട്ടുകളിലും ട്രിപ്പ് മുടങ്ങുന്ന അവസ്ഥയുണ്ട്. പുതിയ ബസുകൾ ഉടനെ അനുവദിക്കുമെന്നാണ് അധികൃതർ പറയുന്നത്.
കൂടുതൽ ബസുകൾ അനുവദിച്ചാൽ ലാഭകരമായ ഇൻറർ/ഇൻട്രാ സ്റ്റേറ്റ് സർവിസുകൾ ബത്തേരിയിൽനിന്ന് തുടങ്ങാനാകും. എല്ലാ ഞായറാഴ്ചകളിലും ബത്തേരിയിൽനിന്നും രാത്രി 9.15ന് മാനന്തവാടി വഴിയുള്ള ബംഗളൂരു സർവിസിെൻറ വിജയവും ഇതാണ് െതളിയിക്കുന്നത്. കയറാൻ ആളുണ്ട്. എന്നാൽ, ആളുകൾക്ക് കയറാൻ പാകത്തിൽ ബസുകൾ ക്രമീകരിക്കണമെന്നുമാത്രം. കാസർകോഡ്ഡിപ്പോയിൽനിന്നും കൊണ്ടുവന്ന നാലു മലബാറും മൂന്നു ഫാസ്റ്റ് പാസഞ്ചർ ബസുകളും ഉപയോഗിച്ചാണ് ബത്തേരിയിൽ നിന്നുള്ള കോഴിക്കോട് ഷെഡ്യൂളുകളും മറ്റു സർവിസുകളും നടത്തുന്നത്. കൂടുതൽ അന്തർസംസ്ഥാന സർവിസുകൾ നടത്താനാകുന്ന ബത്തേരി ഡിപ്പോയെ ജില്ല ഡിപ്പോ ആയി ഉയർത്തി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം
ബത്തേരി ഡിപ്പോക്ക് അടിയന്തരമായി വേണ്ടത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.