കു​ഞ്ഞിന്​ ജന്മം നൽ​കണമോയെന്ന​ തീരുമാനം സ്​ത്രീയുടെ അവകാശം; ആർക്കും തടയാനാവില്ലെന്ന്​ ഹൈകോടതി

കൊച്ചി: കുഞ്ഞിന്​ ജന്മം നൽകണോ വേണ്ടയോ എന്ന്​ തീരുമാനിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ തടയാനാവില്ലെന്ന്​ ഹൈകോടതി. അമ്മയാകണ​മെന്നോ വേണ്ടെന്നോ സ്ത്രീക്ക്​ തീരുമാനിക്കാം. അത്​ സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാ​ണെന്നും ജസ്റ്റിസ്​ വി.ജി. അരുൺ വ്യക്തമാക്കി.

സഹപാഠിയിൽനിന്ന്​ ഗർഭിണിയായ എം.ബി.എ വിദ്യാർഥിനിയുടെ 27 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയാണ്​ സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം. കടുത്ത മാനസികാഘാതം അനുഭവിക്കുന്ന പെൺകുട്ടിക്ക്​ ഗർഭം ഇനിയും തുടരേണ്ടിവന്നാൽ ജീവനുവരെ അപായമുണ്ടായേക്കാമെന്ന പ്രത്യേക മെഡിക്കൽ ബോർഡിന്‍റെ വിലയിരുത്തൽ പരിഗണിച്ചാണ്​ ജസ്റ്റിസ്​ വി.ജി. അരുൺ അനുമതി നൽകിയത്​.

നേരത്തേതന്നെ ക്രമം തെറ്റിയ ആർത്തവപ്രശ്നം നേരിടുന്ന യുവതി ആറാഴ്ചക്കുശേഷം അസ്വസ്ഥതകളെത്തുടർന്ന്​ ആശുപത്രിയിലെത്തി അൾട്രാ സൗണ്ട്​ സ്കാനിങ്​​ നടത്തിയപ്പോഴാണ്​ ഗർഭിണിയാണെന്ന്​ അറിയുന്നത്​. അന്നുമുതൽ മാനസികമായി അസ്വസ്ഥത നേരിടുകയാണ്​. സഹപാഠി ഉന്നതവിദ്യാഭ്യാസത്തിന്​ വിദേശത്ത്​​ പോയത്​ മാനസികാഘാതം കൂട്ടി​.

ഇനിയും ഗർഭാവസ്ഥയിൽ തുടരുന്നത്​ മാനസികാഘാതം വർധിപ്പിക്കുമെന്നും വിദ്യാഭ്യാസത്തെയും ​ജോലി ലഭ്യതയേയുമടക്കം ഭാവിയെ ബാധിക്കുമെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു​ ​യുവതിയുടെ ഹരജി. ഗർഭാവസ്ഥ 24 ആഴ്ച പിന്നിട്ടതിനാൽ മെഡിക്കൽ ടെർമിനേഷൻ ഓഫ്​ പ്രഗ്​നൻസി ആക്ട്​ പ്രകാരം ഗർഭം അലസിപ്പിക്കാൻ ആശുപത്രികൾ തയാറല്ലാത്തതിനാലാണ്​ കോടതിയെ സമീപിച്ചത്​.

കോടതി നിർദേശപ്രകാരം എറണാകുളം ഗവ. മെഡിക്കൽ കോളജ്​ സൂപ്രണ്ട്​ രൂപവത്​കരിച്ച മെഡിക്കൽ ബോർഡാണ്​ യുവതിയെ പരിശോധിച്ച്​ കോടതിക്ക്​ റിപ്പോർട്ട്​ നൽകിയത്​. ഗർഭാവസഥയിൽ തുടരുന്നത്​ നേരിട്ട്​ ശാരീരിക ആരോഗ്യത്തെ ബാധിക്കില്ലെങ്കിലും മാനസിക സമ്മർദം ജീവഹാനിക്ക്​ വരെ കാരണമായേക്കുമെന്ന്​ മെഡിക്കൽ ബോർഡ്​ ചൂണ്ടിക്കാട്ടി.

എന്നാൽ, യുവതി അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളും ഒറ്റപ്പെടലും വളരെ വലുതാണെന്നും നടപടിക്രമവുമായി ബന്ധപ്പെട്ട്​ ഏത്​ അപകട സാധ്യതയും നേരിടാൻ തയാറാണെന്നും യുവതിയുടെ അഭിഭാഷക അറിയിച്ചു. തുടർന്നാണ്​ കുഞ്ഞ്​ വേണമോ വേണ്ടയോ എന്ന്​ തീരുമാനിക്കാനുള്ള അവകാശം മാതാവിനാണെന്ന്​ വിലയിരുത്തി ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്​.

മെഡിക്കല്‍ കോളജ്​ ആശുപത്രിയിലോ മറ്റേതെങ്കിലും ആശുപത്രികളിലോ ഗര്‍ഭഛിദ്രം നടത്താനാണ് അനുമതി. നടപടികള്‍ക്കായി ആശുപത്രി സൂപ്രണ്ട് മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തണം. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കി യുവതി സാക്ഷ്യപത്രം നൽകണം. പുറത്തെടുക്കുന്ന സമയത്ത് ശിശുവിന് ജീവനുണ്ടെങ്കില്‍, ആരോഗ്യമുള്ള കുഞ്ഞായി വളരാനാവശ്യമായ മികച്ച പരിരക്ഷ ആശുപത്രി അധികൃതര്‍ ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - It is a woman's right to decide whether to give birth to a child -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.