വിദ്യാർഥിയെ മർദിച്ച ബി.ജെ.പി നേതാവിന് പൊലീസ് സംരക്ഷണം; നടപടി വിവാദത്തിൽ

കായംകുളം : ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ബാലനെ തടഞ്ഞുവെച്ച് മർദിച്ച ബി.ജെ പി നേതാവിനെതിരെ ദുർബല വകുപ്പുകളിട്ട് കേസ് എടുത്ത നടപടി വിവാദമാകുന്നു. കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഭാഗത്ത് ഭാഗത്ത് വാടകക്ക് താമസിക്കുന്ന ഫാത്തിമയുടെ മകൻ ഷാഫിക്കും (14) , 10 വയസുകാരനായ സഹോദരനും മർദ്ദനമേറ്റ സംഭവത്തിലാണ് പ്രതിയെ സഹായിക്കുന്ന സമീപനം പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായതായി ചർച്ച ഉയരുന്നത്.

ബി.ജെ.പി കാപ്പിൽ കിഴക്ക് വാർഡ് പ്രസിഡൻ്റായ ആലമ്പള്ളിൽ മനോജാണ് കേസിലെ പ്രതി. കഴിഞ്ഞ ഞായാഴ്ചയായിരുന്നു സംഭവം. സമ്മർദം ശക്തമായതോടെയാണ് സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷം കേസ് എടുക്കാൻ പൊലീസ് നിർബന്ധിതരായത്. എന്നാൽ ബാലാവകാശ നിയമം, സമൂഹത്തിൽ സ്പർധയുണ്ടാക്കൽ എന്നീ ഗുരുതര കുറ്റകൃത്യങ്ങൾ ഒഴിവാക്കി സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പുകൾ മാത്രമാണ് ഉൾപ്പെടുത്തിയത്. നെഞ്ചിനും കഴുത്തിനും സാരമായി പരിക്കേറ്റ ഷാഫി കായംകുളം ഗവ. ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലുമാണ് ചികിത്സ തേടിയത്. ഇവിടെ നിന്നുള്ള ഇൻ്റിമേഷൻ സ്റ്റേഷനിൽ എത്തിയിട്ടും ഗൗരവത്തിലെടുക്കാൻ തയ്യറായില്ല. വീട്ടുകാർ നൽകിയ പരാതിയും അവഗണിക്കുകയായിരുന്നു. തുടർന്ന് സാമൂഹിക പ്രവർത്തകർ ഇടപ്പെട്ടതോടെ ഗത്യന്തരമില്ലാതെ ബുധനാഴ്ച വൈകിട്ടോടെ പ്രതിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വി.ഐ.പി പരിഗണന നൽകി സ്വീകരിച്ച പൊലീസ് ദുർബല വകുപ്പുകൾ ചാർത്തി കേസ് എടുത്ത് വിട്ടയക്കുകയായിരുന്നു.

പ്രതിയെ സംരക്ഷിക്കുന്ന പൊലീസ് സമീപനം കടുത്ത പ്രതിഷേധത്തിന് കാരണമാകുകയാണ്. ഇതിനെതിരെയുള്ള പ്രതിഷേധം ബുധനാഴ്ച രാത്രി തന്നെ സാമൂഹിക പ്രവർത്തകരും വീട്ടുകാരും ജില്ല പൊലീസ് മേധാവിയെ ഫോണിൽ അറിയിച്ചിരുന്നു. വിഷയത്തിൽ ഇടപെടാമെന്ന ഉറപ്പ് ലംഘിച്ചാൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, ബാലാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകുമെന്നും വീട്ടുകാർ പറഞ്ഞു.

റോഡു വക്കുകളിൽ നിന്നും ശേഖരിച്ച ആക്രി സാധനങ്ങൾ വിറ്റ് ജീവിതം നയിക്കുന്ന കുട്ടികൾക്ക് നേരെയുണ്ടായ അക്രമം കടുത്ത പ്രതിഷേധങ്ങൾക്ക് കാരണമാകുകയാണ്. കാപ്പിൽ കിഴക്ക് വയലിൽ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയായ ഫാത്തിമയും കുടുംബവും കഴിഞ്ഞ 12 വർഷമായി കൃഷ്ണപുരം പഞ്ചായതിൽ വാടക വീടുകളിൽ താമസിക്കുകയാണ്. മൂന്ന് വർഷം മുമ്പാണ് കാപ്പിൽ കിഴക്ക് താമസത്തിന് എത്തിയത്. ഫാത്തിമ വീട്ട് ജോലികൾ ചെയ്താണ് കുടുംബം കഴിയുന്നത്. സ്കൂൾ അവധി സമയത്താണ് ഫാഫിയും സംഹോദരനും ആക്രി ശേഖരിക്കാൻ പോകുന്നത്.

Tags:    
News Summary - It is alleged that the police is preparing protection for the BJP leader who beat up the student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.