വിവാദമായ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ധാർമികതയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനാവിരുദ്ധമായ പ്രസംഗമാണ് സജി ചെറിയാൻ നടത്തിയതെന്നതിൽ ആർക്കും തർക്കമില്ലെന്നും ചെന്നിത്തല പറഞ്ഞു.
സജി ചെറിയാനെതിരെ തെളിവില്ല എന്നതാണ് ഇപ്പോൾ വാർത്തകളിലൂടെ അറിയുന്ന വിവരം. പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ ഏത് കാര്യത്തിനാണ് തെളിവ് കിട്ടുന്നത്. ഈ നടപടി ധാർമികമായി ശരിയല്ലെന്നാണ് പറയാനുള്ളത്. സജി ചെറിയാന്‍റെ കാര്യത്തിൽ നേരത്തെയുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാനുള്ള തീരുമാനം. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി പൊലീസ് റിപ്പോര്‍ട്ട് നൽകിയിരുന്നു. ഭരണഘടനയെ അവഹേളിക്കുന്നതരത്തിലുള്ള പരാമര്‍ശങ്ങളല്ല സജി ചെറിയാന്‍ എം.എല്‍.എ നടത്തിയതെന്നും മറിച്ച് വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ ജൂലൈയിൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം പരിപാടിയിൽ പ്രസംഗിക്കുമ്പോഴാണ് മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശമുണ്ടായത്. 'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്.
മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്.' എന്നിങ്ങനെയായിരുന്നു സജി ചെറിയാന്‍റെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.