പത്തനംതിട്ട : മുൻവിരോധത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. മലയാലപ്പുഴ ഏറം മുണ്ടക്കൽ ചെറിയത്ത് മേമുറിയിൽ വീട്ടിൽ പ്രസന്നനെ(56)യാണ് ശിക്ഷിച്ച് പത്തനംതിട്ട അഡി.സെഷൻസ് കോടതി ഒന്ന് ജഡ്ജി ജയകുമാർ ജോൺ വിധി പുറപ്പെടുവിച്ചത്. കേസിൽ ഒന്നാം പ്രതി മലയാലപ്പുഴ ഏറം മുണ്ടക്കൽ മുരുപ്പേൽ വീട്ടിൽ സോമനാഥൻ വിചാരണക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും ബന്ധുക്കളാണ്.
2010 സെപ്റ്റംബർ 19 ന് മലയാലപ്പുഴ കടുവാക്കുഴിയിൽ സുരേഷ് കുമാറാണ് ഒന്നാം പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. രണ്ടാം പ്രതിയായ പ്രസന്നൻ കൊലപാതകത്തിന് വേണ്ട സഹായം ചെയ്തുകൊടുത്തതായി കണ്ടെത്തി പ്രേരണക്കുറ്റത്തിനാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക സുരേഷിന്റെ ഭാര്യക്ക് നഷ്ടപരിഹാരമായി നൽകണം. പിഴയടച്ചില്ലെങ്കിൽ ആറുമാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു.
സഹോദരിയുടെ വസ്തു തന്റെ എതിർപ്പ് അവഗണിച്ച് സുരേഷ് വാങ്ങുകയും വീടുവെക്കുകയും ചെയ്തതിന്റെ പേരിലാണ് പ്രസന്നന്റെ നേതൃത്വത്തിൽ അക്രമം അഴിച്ചുവിട്ടത്.
അച്ഛൻ സുകുമാരനെ പ്രതികൾ വഴിയിൽ തടഞ്ഞുനിർത്തി ഉപദ്രവിച്ചത് കണ്ട് തടസ്സംപിടിച്ചപ്പോൾ സോമനാഥൻ അരയിൽ കരുതിയ പിച്ചാത്തി എടുത്ത് സുരേഷിന്റെ ഇടതുചെവിക്ക് താഴെ കഴുത്തിന്റെ ഭാഗത്ത് കുത്തുകയായിരുന്നു. രക്ഷപ്പെട്ട് ഓടിയ സുരേഷ് കുറച്ചകലെ കുഴഞ്ഞുവീണു. സുകുമാരനും മറ്റും ചേർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
സുകുമാരന്റെ മൊഴിപ്രകാരം പത്തനംതിട്ട പൊലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന സി.എസ്. സുജാതയാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലപ്പെട്ട സുരേഷിന് ഭാര്യയും അഞ്ചുവയസ്സുള്ള കുഞ്ഞും ഉണ്ടായിരുന്നു. അന്നത്തെ പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ കെ.എ. വിദ്യാധരനാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദ് ഹാജരായി.
ചെറുപ്പത്തിൽ വിധവയാകേണ്ടിവന്ന യുവതിയുടെയും അച്ഛനെ നഷ്ടപ്പെട്ട കുഞ്ഞിന്റെയും സ്ഥിതി ബോധ്യപ്പെട്ട കോടതി, ഇരുവർക്കും 10 വർഷത്തോളം അനാഥലയത്തിൽ കഴിയേണ്ടിവന്ന സാഹചര്യവും പരിഗണിച്ചു. ശിക്ഷ വിധിക്കുന്നതിൽ ഇക്കാര്യങ്ങൾ നിർണായകമായി. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെങ്കിലും, ജീവപര്യന്തം തടവ് നീതി നടപ്പാക്കുന്നതിൽ പര്യാപ്തമാണെന്ന് കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.