പാലിന്റെ അളവ് കൂട്ടിക്കാണിച്ച് പ്രധാനാധ്യാപകൻ ഒരു ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്ന് റിപ്പോർട്ട്

കോഴിക്കോട് : പാലിന്റെ അളവ് കൂട്ടിക്കാണിച്ച് പ്രധാന അധ്യാപകൻ ഒരു ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്ന് ധനകാര്യ റിപ്പോർട്ട്. മലപ്പുറം കാവന്നൂർ ജി.എൽ.പി സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലാണ് പാലിന്റെ അളവ് കൂട്ടി കാണിച്ച് 2022-23, 2023-24 വർഷങ്ങളിൽ അധികമായി 1,00,862 രൂപ കൈപ്പറ്റിയത്. സ്കൂളിലെ പ്രധാനാധ്യാപകൻ പി. മനോജിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

അധികമായി കൈപ്പറ്റിയ 1,00,862 രൂപ സ്കൂളിലെ പ്രധാനാധ്യാപകൻ പി. മനോജിൽനിന്നും 18 ശതമാനം പിഴ പലിശ സഹിതം ഈടാക്കുന്നതിന് ഭരണ വകുപ്പ് നടപടി സ്വീകരിക്കണം. സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ രേഖകൾ, രജിസ്റ്ററുകൾ തുടങ്ങിയവ പരിശോധിക്കുകയും ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായ അടുക്കള, സ്റ്റോർ എന്നിവിടങ്ങൾ സന്ദർശിക്കുകയും ചെയ്തു. അതേസമയം, ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി സ്കൂ ളിലേക്ക് പാൽ വിതരണം നടത്തുന്ന വട്ടപ്പറമ്പ് ക്ഷീര സഹകരണ സംഘത്തിൽ (കെ.എസ്.എസ്) നിന്നും പാൽ വാങ്ങിയതുമായി ബന്ധപ്പെട്ട ബില്ലുകളും പരിശോധിച്ചു.

 

വട്ടപ്പറമ്പ് കെ.എസ്.എസിലെ രേഖകൾ പ്രകാരം വിതരണം ചെയ്ത പാലിന്റെ അളവും ഉച്ചഭക്ഷണപരിപാടിയുടെ ഭാഗമായി സ്ക്കൂൾ സമർപ്പിച്ച ബില്ലുകളിലെ പാലിന്റെ അളവും തമ്മിൽ വലിയ വ്യത്യാസമാണ് പരിശോധയിൽ കണ്ടെത്തിയത്. 2022 ജൂൺ ആറ് മുതൽ നവംമ്പർ 21 വരെ സൊസൈറ്റി രേഖകൾ പ്രകാരം വാങ്ങിയ പാല് 1620 ലിറ്ററാണ്. സ്കൂളിലെ രേഖകൾ പ്രകാരം ഇതേകാലത്ത് കുട്ടികൾക്ക് 2353 ലിറ്റർ പാൽ നൽകി. 738 ലിറ്റർ പാലാണ് അധികമായി സ്കൂളിൽ എത്തിയത്. ലിറ്റരിന് 50 രൂപ നിരക്കിൽ 36,689 രൂപ തട്ടി. 2022 ഡിസംബർ ഒന്ന് മുതൽ 2023 ജൂലൈ 31 വരെ സൊസൈറ്റിയിൽനിന്ന വാങ്ങിയത് 1275 ലിറ്റർ പാൽ ആണ്. സ്കൂളിൽ എത്തിയത് 2420 ലിറ്റർ എന്നാണ് കണക്ക്. പാലിലെ വ്യത്യാസം 1145 ലിറ്ററാണ്. ലിറ്ററിന് 56 നിരക്കിൽ 64,173 രൂപയാണ് എഴുതിയെടുത്തത്.

യഥാർഥത്തിൽ സ്കൂളിനു ലഭ്യമാക്കിയ പാലിന്റെ അളവനുസരിച്ച തുകയല്ല ഉച്ചഭക്ഷണ പദ്ധതി പ്രകാരം ക്ലെയിം ചെയ്തത്. സൊസൈറ്റിയിൽ നിന്ന് ബ്ലാങ്ക് ബിൽ നല്കിയിരുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഇതു സംബന്ധിച്ച വിശദീകരണം തേടി. സൊസൈറ്റിയിൽ നിന്ന് പാൽ നേരത്തേ പോകുന്നതിനാലും കുട്ടികൾക്ക് നൽകുന്ന പാലിന്റെ അളവ് കൃത്യമായി അറിയാത്തതിനാലും ബ്ലാങ്ക് ബില്ലുകൾ നൽകിയിരുന്നുവെന്നും തുടർന്ന് ഇത് ആവർത്തിക്കില്ലെന്നുമാണ് ഇതു സംബന്ധിച്ച വിശദീകരണത്തിൽ സൊസൈറ്റി സെക്രട്ടറി അറിയിച്ചത്.

അതേസമയം, പ്രധാനാധ്യാപകനായ പി. മനോജിന്റെ വിശദീകരണവും തേടി. സ്ക്കൂളിൽ കുട്ടികൾക്ക് വിതരണം ചെയ്ത പാലിന്റെ കണക്ക് രേഖപ്പെടുത്തിയതിലും പണം കൈപ്പറ്റിയതിലും പോരായ്മ‌കൾ വന്നിട്ടുണ്ടെന്ന് പ്രധാനാധ്യാപകൻ അംഗീകരിച്ചു. എന്നാൽ കെ- ടു രജിസ്റ്ററിൽ രേഖപ്പെടുത്തിയ അളവിലുള്ള പ്രകാരം പാലിന്റെ പണം കൈപ്പറ്റുകയും, എന്നാൽ ഇത്രയും അളവ് പാൽ സൊസൈറ്റിയിൽനിന്നു വാങ്ങിയില്ലെന്നും അദ്ദേഹം പറയുന്നു.

കുട്ടികളുടെ എണ്ണം കണക്കാക്കി അതിനനുസരിച്ചുള്ള അളവിൽ വാങ്ങുന്നത് പലപ്പോഴും പാൽ ബാക്കി വരുന്നതിനും പാഴായിപ്പോകുന്നതിനും കാരണമായി. അതിനാലാണ് പാലിന്റെ അളവിൽ കുറവു വരുത്തിയത് എന്നും അദ്ദേഹം വിശദീകരണം നൽകി. സ്കൂളിലെ പ്രധാനാധ്യാപകൻ പി. മനോജ് അധികമായി കൈപ്പറ്റിയ തുക ഈടാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - It is reported that the head teacher received more than 1 lakh rupees by adding up the quantity of milk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.