തൃശൂർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലെ ഉപകരണങ്ങളുടെ പൂർണ ലിസ്റ്റില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട്: തൃശൂർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലെ ഉപകരണങ്ങളുടെ പൂർണ ലിസ്റ്റില്ലെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. ഉപകരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററുകൾ പരിശോധിച്ചപ്പോഴാണ് നാളിതുവരെ ലഭിച്ച ഉപകരണങ്ങളുടെ കൃത്യമായ രേഖപ്പെടുത്തലുകൾ വകുപ്പുകളിൽ നടത്തിയിട്ടില്ലെന്ന് വ്യക്തമായത്.

പ്രിൻസിപ്പലിന്റെ 2019 നവംമ്പർ 25ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലെ സ്റ്റോക്ക് വെരിഫിക്കേഷൻ നടത്തുന്നതിനായി സാങ്കേതിക മികവുള്ളവരും പ്രാപ്തരായവരുമായ വിവിധ ഡിപ്പാർട്ടുമെന്റുകളിലെ ഡോക്ടർമാരെ നിയമിച്ചിരുന്നു. എന്നാൽ നാളിതുവരെയും സ്റ്റോക്ക് വെരിഫിക്കേഷൻ പൂർത്തിയായിട്ടില്ല. ഉത്തരവ് പ്രകാരം നിയമിതരായ ജീവനക്കാർ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാത്തത് കുറ്റകരമായ അനാസ്ഥയാണ്. ഈ സാഹചര്യത്തിൽ സ്റ്റോക്ക് വെരിഫിക്കേഷന് നിയോഗിച്ച ജീവനക്കാർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. 

കേരള ഫിനാൻഷ്യൽ കോഡ് ചട്ടം പ്രകാരം സ്റ്റോക്ക് രജിസ്റ്ററുകൾ കൃത്യമായി പരിപാലിക്കുന്നതിനും സ്റ്റോക്ക് മെയിന്റനൻസ് നടത്തുന്നതിനും ഭരണവകുപ്പ് മെഡിക്കൽ കോളജിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശനമായ നിർദ്ദേശം നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ഉപകരണങ്ങളുടെ സ്റ്റോക്ക് വെരിഫിക്കേഷൻ അടിയന്തരമായി പൂർത്തീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

സെൻട്രൽ സ്കീം പ്ലാൻ ഫണ്ടുകളുടെ കാര്യത്തിൽ പി.ഇ.എം.എസുമായി ബന്ധപ്പെടുത്തിയ സെൻട്രൽ സ്കീം ഫണ്ടുകളൊഴികെ, സ്റ്റേറ്റ് പ്ലാൻ ഫണ്ട് തുകകൾ ബാങ്ക് അക്കൗണ്ടിൽ പാർക്ക് ചെയ്യാൻ പാടില്ല. ഇത്തരത്തിൽ തുക ബാങ്കിലിടുന്ന എച്ച്.ഒ.ടി മാർക്കെതിരെ ഭരണവകുപ്പ് അച്ചടക്കനടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - It is reported that Thrissur Medical College does not have a complete list of equipment in various departments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.