ഗദ്ദർ

ഗദ്ദര്‍: വിടപറഞ്ഞത് മണ്ണിന്‍റെ പാട്ടുകാരന്‍

ഓരോ ഗാനവും ചൂഷകന്റെ നെഞ്ചില്‍ വെടിയുണ്ടയാകട്ടെ  എന്ന് പാടിയ ആന്ധ്രയുടെ വിപ്ലവ ചരിത്രത്തിൽ ആയുധത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വിമോചനത്തിനായി പോരാടിയ കവിയും ഗായകനുമാണ് ഗദ്ദർ. ഗുമ്മഡി വിറ്റല്‍ റാവു എന്ന ഗദ്ദറെ ഭരണകൂടങ്ങളും ചൂഷകരും ഭയന്നിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ ചെറുത്തുനില്‍പിന്റെ ശബ്ദമാണ് അദ്ദേഹത്തിലൂടെ മുഴങ്ങിയത്. ‘പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പിന്റെ’ സാംസ്കാരിക രംഗത്തെ പോരാളിയായിട്ടാണ് ഗദ്ദർ കേരളത്തിലെത്തിയത്.

വിപ്ലവകാരികൾ വെടുയേറ്റു വീഴുമ്പോൾ വിമോചനത്തിന്റെ പാട്ടുമായി ആന്ധ്രയുടെ ഗ്രാമവീഥികളിലൂടെ അദ്ദേഹത്തിന്റെ കലാസംഘം സഞ്ചരിച്ചു. 'മുളകുവിളഞ്ഞ പാടങ്ങളില്‍ നിന്ന് വിപ്ളവവീര്യമുള്ള കാറ്റുവീശി'. ‘ആല്‍വാല്‍’ എന്ന ചെറുഗ്രാമം താണ്ടിയുള്ള യാത്ര അവസാനിച്ചത് വെങ്കിടപുരത്തെ ഇരുനിലയിലുള്ള ഒരു വീടിനു മുന്നിലാണ്.

തോക്കായിരുന്നില്ല 'പാട്ടായിരുന്നു' അദ്ദേഹത്തിന്റെ ആയുധം. അത് ഗ്രാമീണ ജനങ്ങളുടെ മനസുകളിലേക്ക് തുളച്ചു കയറി. ‘‘എത്ര മാവോയിസ്റ്റുകളെ വേണമെങ്കിലും നേരിടാം. പക്ഷേ, ഗദ്ദറിന്റെ പാട്ടിനെ എതിരിടാന്‍ കഴിയില്ല.’’ ഭരണകൂടവും സായുധസേനയും പറയാതെ ഇക്കാര്യം സമ്മതിച്ചിരുന്നു. നിരന്തരം വധഭീഷണി നേരിട്ടിരുന്നു ഈ ജനങ്ങളുടെ പാട്ടുകാരന്‍. എന്നാല്‍, ഭരണകൂടത്തിന്‍െറയും വര്‍ഗശത്രുവിന്‍െറയും ഭീഷണികള്‍ക്ക് വഴങ്ങി ഗദ്ദര്‍ തന്‍െറ പാട്ട് പാതിവഴിയില്‍ അവസാനിപ്പിച്ചില്ല. കൂടുതല്‍ ഉച്ചത്തില്‍ പാടി. സാംസ്കാരിക പ്രവർത്തനത്തിലൂടെ മാവോയിസത്തിന് ജനകീയമുഖം നൽകി.

1949ല്‍ ആന്ധ്രയിലെ മേഥക്ക് ജില്ലയിലെ തൂപ്രാന്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ശേഷയ്യയ്യുടെയും ലാച്ചുമമ്മയുടെയും ദരിദ്ര ദലിത് കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. മഹാരാഷ്ട്രയില്‍ കല്‍പ്പണിക്കാരനായിരുന്നു അച്ഛൻ അംബേദ്കറിസ്റ്റാആയിരുന്നു. ഓര്‍മയുറക്കുന്നതിന് മുമ്പേ ഗദ്ദറും ജാതി വിവാചോനം അനുഭവിച്ച് തുടങ്ങി. വിറ്റല്‍ റാവുവെന്ന പേരില്‍ പോലും ജാതി വിരുദ്ധത നിറഞ്ഞിരുന്നു. ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തുന്നവരോടുള്ള വെല്ലുവിളിയും പ്രതിഷേധവുമായാണ് ശേഷയ്യ മകന് വിറ്റല്‍ റാവുവെന്ന സവര്‍ണനാമം നല്‍കിയത്.

സ്കൂളിലെത്തിയ ആദ്യനാള്‍ മുതല്‍ ജാതിയുടെ പേരിലുള്ള പീഡനങ്ങള്‍ക്ക് വിറ്റലിന്റെ ജീവിതം സാക്ഷിയായി. പേരുകേട്ട് അസഹിഷ്ണുക്കളായ അധ്യാപകര്‍ പേരിലെ ‘റാവു’ എന്ന സവര്‍ണചിഹ്നം അറുത്തുമാറ്റി. വിറ്റല്‍ എന്നു മാത്രമാക്കി. ദാരിദ്ര്യവും ജാതിയുടെ പേരിലുള്ള അപമാനങ്ങളും ഉള്ളിലൊതുക്കി ബാല്യം പിന്നിട്ടു. ശേഷയ്യ മക്കള്‍ക്ക് മറാത്തി പാട്ടുകള്‍ പാടിക്കൊടുത്തു. അതിനിടെ അച്ഛന്‍ മരിച്ചു. പറക്കമുറ്റാത്ത അഞ്ചു മക്കളെയും ചേര്‍ത്തുപിടിച്ച് ലാച്ചുമമ്മ ജീവിതത്തിന്റെ കനൽവഴികള്‍ താണ്ടി. തളരാതെ, കൂലിവേല ചെയ്ത് കുടുംബംപോറ്റി. ജനങ്ങളെ വാക്കു കൊണ്ടും താളം കൊണ്ടും തന്നിലേക്ക് അടുപ്പിക്കുന്ന മാന്ത്രികവിദ്യ ഗദ്ദര്‍ പഠിച്ചത് അമ്മയില്‍ നിന്നാണ്.

വെടിയേറ്റു വീണാലും തളരാതെ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ഇച്ഛാശക്തിയും ഇരട്ടച്ചങ്കും ഗദ്ദറിലെത്തിയത് അമ്മയിലൂടെയാണെന്ന് ഗദ്ദർ അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞു. 'എന്‍െറ ചുണ്ടിലെ പാട്ട്, എന്‍െറ നെഞ്ചിലെ രോഷം, എന്‍െറ കൈയിലെ ചെങ്കൊടിച്ചുവപ്പ്... എല്ലാം അമ്മ തന്നതാണ്'. അമ്മ മടിയിലിരുത്തി നാട്ടുതാളങ്ങളിലുള്ള പാട്ടുകള്‍ പാടി. വിപ്ളവത്തിനു വേണ്ടിയും മണ്ണിനു വേണ്ടിയും തെലുങ്കാനക്കു വേണ്ടിയും പാടിയപ്പോഴും അതിലെല്ലാം അമ്മയെന്ന ആഴക്കടലിന്റെ അടങ്ങാത്ത അലമാലകളുണ്ടായി.

1968ല്‍ ഗദ്ദര്‍ എച്ച്.എസ്.സി പരീക്ഷ പാസായി. ആ സ്കൂളില്‍ പാസാകുന്ന ആദ്യ ദലിത് വിദ്യാര്‍ഥി. പിന്നീട്, പ്രീ യൂനിവേഴ്സിറ്റി പരീക്ഷ 77 ശതമാനം മാര്‍ക്കോടെ വിജയിച്ചു. തുടര്‍ന്ന്, ഉസ്മാനിയ സര്‍വകലാശാലക്ക് കീഴിലുള്ള എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്നു. എന്നാല്‍, വീട്ടിലെ സ്ഥിതി അനുദിനം വഷളായി. അങ്ങനെ പഠനം പാതി വഴിയിലുപേക്ഷിച്ചു. അന്നന്നത്തെ അന്നത്തിനായുള്ള വഴിതേടാന്‍ തുടങ്ങി. അലച്ചിലുകള്‍ക്കൊടുവില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിനുകീഴില്‍ പൊതുജനസമ്പര്‍ക്ക പരിപാടി അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു.

ഇതിനായി ‘ബാബുജി ബുരകഥാ പാര്‍ട്ടി’ എന്നൊരു കലാസംഘമുണ്ടാക്കി. ഒരു അവതരണത്തിന് 75 രൂപയായിരുന്നു പ്രതിഫലം. 1969ല്‍ പ്രത്യേക തെലുങ്കാന സംസ്ഥാനത്തിനായുള്ള സമരം നടന്നപ്പോള്‍ അതില്‍ പങ്കാളിയായാണ് ഗദ്ദര്‍ രാഷ്ട്രീയരംഗത്ത് ചുവടുറപ്പിക്കുന്നത്. സമര പ്രചാരണത്തിനായി ഗദ്ദറും സുഹൃത്തുക്കളും ചേര്‍ന്ന് ‘തെലുങ്കാന ഗോല സുന്ധലു’ എന്ന പേരില്‍ ഒരു ബുരകഥാ സംഘമുണ്ടാക്കി.

പിന്നീട്, ബി. നരസിംഹ റാവുവിന്റെ ആര്‍ട്ട് ലവേഴ്സ് അസോസിയേഷനിലൂടെ ഗദ്ദര്‍ തന്‍െറ രാഷ്ട്രീയ- കലാപ്രവര്‍ത്തനം ശക്തമാക്കി. അസോസിയേഷനു വേണ്ടി തയാറാക്കിയ ‘‘അപുരോ റിക്ഷ...’’ എന്ന ഗാനമാണ് ഗദ്ദറിനെ ഏറെ ജനപ്രിയനാക്കിയത്. (പാട്ട് പിന്നീട് ബി. നരസിംഹറാവു തന്‍െറ റിക്ഷക്കാരെക്കുറിച്ചുള്ള സിനിമയില്‍ ഉള്‍പ്പെടുത്തി). ഈ പാട്ട് വന്‍ ഹിറ്റായതോടെ ഗദ്ദറിന്‍െറ പാട്ടുകള്‍ സമാഹരിച്ച് ഒരു പുസ്തകമിറക്കാന്‍ ബി. നരസിംഹറാവു തീരുമാനിച്ചു. ഈ പുസ്തകത്തിലാണ് ഗദ്ദര്‍ എന്ന പേര്‍ ആദ്യമായി ഉപയോഗിച്ചത്. ബ്രിട്ടീഷുകാരോട് പോരാടിയ ഗദ്ദര്‍ പാര്‍ട്ടിയോടുള്ള ബഹുമാനസൂചകമായി.

ബി. നരസിംഹറാവു വഴിയാണ് ഗദ്ദര്‍ മാവോയിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനാകുന്നത്. 1969 -70 കാലഘട്ടത്തിലാണ് ശ്രീകാകുളം സമരം നടക്കുന്നത്. ശ്രീകാകുളത്തെ മണ്ണിലൂടെ സഞ്ചരിച്ച് മാര്‍ക്സിസവും സായുധസമരവും അനുഭവപാഠമാക്കി. പിന്നീട് ഗദ്ദറിന് കനറ ബാങ്കില്‍ ജോലി കിട്ടിയെങ്കിലും വിപ്ളവം എന്ന വലിയ സ്വപ്നത്തിനായി അത് ഉപേക്ഷിച്ചു. 

തുടർന്ന് മാവോവാദികളുടെ സാംസ്കാരിക മുഖമായി ഗദ്ദർ. സാസ്കാരിക പ്രവർത്തനത്തിന് നാട്യപ്രജാമണ്ഡലി രൂപവത്കരിച്ചു. ഗദ്ദറിന്റെ വിപ്ളവജീവിതവും നാട്യപ്രജാമണ്ഡലിയും തമ്മില്‍ ഇഴചേര്‍ന്നുകിടക്കുകയാണ്. മണ്ണില്‍ പണിയെടുക്കുന്നവന്റെയുള്ളിലെ ജീവതാളവുമായി ഗദ്ദര്‍ മാര്‍ക്സിയന്‍ ചിന്തകളെ സമന്വയിപ്പിച്ചു. വിപ്ളവം, ചൂഷണം, അടിമത്തം, ആഗോള മുതലാളിത്തം, അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഗ്രാമീണരുടെ താളവും ശ്രുതിയും ഭാഷയും ചേര്‍ത്ത് ഗദ്ദര്‍ ആവേശത്തോടെ പാടുമ്പോള്‍ അതൊരു സായുധ സമരമായി മാറി.

നക്സല്‍വേട്ടയുടെ പേരില്‍ സര്‍ക്കാറുകള്‍ നടത്തിയ വ്യാജ ഏറ്റുമുട്ടലുകളില്‍ ജീവന്‍ പൊലിഞ്ഞവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് പൊലീസ് വിട്ടുകൊടുക്കാറില്ല. ആരുമറിയാതെ കുഴിച്ചുമൂടി. ഈ കിരാതനീതിക്കെതിരെ ഒരുകൂട്ടം അമ്മമാര്‍ക്കൊപ്പം ഗദ്ദർ സമരം ചെയ്തു. മകന്റെ മൃതദേഹം കാണാന്‍ അമ്മക്ക് അവകാശമുണ്ട്. ഈ അവകാശം നിഷേധിക്കാന്‍ ഒരു ഭരണകൂടത്തിനും അധികാരമില്ലെന്ന് അദ്ദേഹംപറഞ്ഞു.

അമ്മമാര്‍ക്ക് മക്കളുടെ മൃതദേഹമെങ്കിലും കാണാനും സത്യമറിയാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനുമുള്ള അവകാശം നേടിയെടുക്കാനുള്ള സമരം നടത്തി. ഇതിനായി മൃതദേഹം പത്തുപതിനഞ്ച് ദിവസം സൂക്ഷിച്ചുവെച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യിപ്പിച്ച സംഭവമുണ്ടായി. അതോടെ പൊലീസിന്റെ കണ്ണിലെ കരടായി ഗദ്ദർ. ആറുതവണ ജയില്‍വാസം. നിരവധിതവണ ഒളിവിലായി പ്രവർത്തനം.

പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പിനു വേണ്ടി സര്‍ക്കാറുമായുള്ള സന്ധി സംഭാഷണങ്ങളില്‍ പങ്കെടുത്തത് ഗദ്ദറും വരവരറാവുവും ‘ജി.കെ’ എന്ന് വിളിക്കുന്ന ജി. കല്യാണറാവുവുമാണ്. 1997 ഏപ്രില്‍ ആറിന് ഗദ്ദറിന്റെ വീട്ടിലേക്ക് സഹായമഭ്യര്‍ഥിച്ച് എത്തിയ നാലുപേരിൽ ഒരാൾ ഗദ്ദറിനുനേരെ തുരുതുരാ വെടിയുതിര്‍ത്തു. സെക്കന്ദരാബാദിലെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി. ആന്ധ്രയാകെ പ്രതിഷേധം ഇരമ്പി. സര്‍ക്കാറിനും പൊലീസിനും എതിരെ യുവാക്കളും കര്‍ഷകരും വിദ്യാര്‍ഥികളും തെരുവിലിറങ്ങി. തെരുവുകളില്‍ അമര്‍ഷം ആളിക്കത്തി. . ഒരു തോക്കിനും തോല്‍പിക്കാനാകാത്ത ആ ജീവിതം വിപ്ളവത്തിന്റെ പാതിയിലേക്ക് മെല്ലെ തിരിച്ചുവന്നു.

പൊലീസിന്റെ ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിലെന്ന് ഗദ്ദര്‍ ആരോപിച്ചു.ഒടുവിൽ മാവോയിസ്റ്റ് പ്രസ്ഥാനവും ദലിതരെ അവഗണിക്കുകയാണെന്ന വിമർശനം ഗദ്ദർ ഉയർത്തി. പാര്‍ട്ടിയെ നയിക്കുന്നതും സവര്‍ണ മനസാണെന്ന് അദ്ദേഹം പറഞ്ഞു. മാവോവാദി പ്രസ്ഥാനത്തോട് വിടപറഞ്ഞ ഗദ്ദര്‍ അംബേദ്കറുടെയും ബുദ്ധന്‍റെയും ചിന്തകളുടെ വക്താവായി. വിപ്ലവത്തോടൊപ്പം ദലിത് ചിന്തകളും ഇഴ ചേര്‍ത്തതാണ് ഗദ്ദറിന്റെ ആശയലോകം. ദലിതരാണ് ഈ രാജ്യത്തെ ജനാധിപത്യ ദുര്‍വ്യയത്തിന്റെ പരീക്ഷണ മൃഗങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കാരണം, ജാതിയും വർഗവും വേര്‍പെടുത്താനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. ഗ്രാമങ്ങളാണ് ഈ നാടിന്‍െറ അടിസ്ഥാനശില. ജാതി വ്യവസ്ഥയാണ് ഗ്രാമങ്ങളെ നിയന്ത്രിക്കുന്നത്.

ഭൂപരിഷ്കരണ നിയമങ്ങള്‍ നടപ്പാക്കിയിട്ടും ദലിതര്‍ ഇപ്പോഴും ഭൂരഹിതരായിത്തുടരുന്നുവെന്നും ഇന്ത്യയില്‍ ദലിതര്‍ വോട്ട് ചെയ്യനുള്ള യന്ത്രങ്ങള്‍ മാത്രമാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ജാതി ഇന്ത്യയിലെ ഒരു സാമൂഹിക യാഥാര്‍ഥ്യമാണെന്നും ഇത് അവഗണിച്ചു കൊണ്ടുള്ള ഒരു സാമൂഹിക മുന്നേറ്റവും ഇവിടെ സാധ്യമല്ലെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇത് തിരിച്ചറിയുന്നില്ലെന്നും പാര്‍ട്ടിയെ നയിക്കുന്നത് സവര്‍ണ മനസാണെന്നും ഗദ്ദർ വിലയിരുത്തി.

ഞാൻ മരിച്ചാല്‍ ദലിതനായതിനാല്‍ എന്നെ പൊതുശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ ആരും അനുവദിക്കില്ല. ഞാനിന്നും എന്‍റെ നാട്ടില്‍ തൊട്ടുകൂടാത്തവനാണ്. ഈ നാട്ടിലുള്ള എല്ലാവരുടെയും വയറുനിറക്കാന്‍ കഷ്ടപ്പെടുന്നത് എന്‍റെ ജനതയാണ് -ഗദ്ദർ കുറിച്ചു.  
Tags:    
News Summary - It was said by the singer of the soil - Gaddar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.