സെബോളൻകോസി സുമ

ഇറ്റ് ഫോക്: കലയിലും വംശീയത വിടാതെ ദക്ഷിണാഫ്രിക്ക

തൃശൂർ: ദക്ഷിണാഫ്രിക്കയുടെ തനത് സംഗീതവും നൃത്തവും മരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ദക്ഷിണാഫ്രിക്കൻ തിയറ്റർ ആർട്ടിസ്റ്റ് സെബോളൻകോസി സുമ. രാജ്യാന്തര നാടകോത്സവത്തിൽ (ഇറ്റ്ഫോക്) ബ്രറ്റ് ബെയ്‍ലി സംവിധാനം ചെയ്യുന്ന ‘സാംസൺ’ നാടകത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് ഇദ്ദേഹം. പ്രധാന നഗരമായ ‘കേപ്ടൗൺ’ എന്നത് പാശ്ചാത്യനാടക സ്വാധീനമുള്ള പ്രദേശമായി.

വർണവിവേചനം പ്രകടമാണ്. കലയുൾപ്പെടെ എല്ലാ മേഖലയിലും വംശീയത പ്രകടമാണ്. വെളുത്തവരാണ് ഇവിടെ നാടക പ്രൊഡക്ഷൻ ഹൗസുകളെ നിയന്ത്രിക്കുന്നത്. യുവ കറുത്ത വംശജരെ കാണുന്നതുതന്നെ അപൂർവം. സർക്കാർ ഫണ്ടുകൾ ലഭിക്കുന്നതിലും നടത്തിപ്പിലും ക്രമക്കേട് വ്യാപകമാണെന്നും സെബോളൻകോസി സുമ പറയുന്നു.

കോവിഡ് സമയത്ത് പട്ടിണിയിലായ നാടകപ്രവർത്തകർക്ക് സർക്കാർ അനുവദിച്ച 250 മില്യൺ റാണ്ട് അപ്രത്യക്ഷമായി. ആർക്കും സഹായം ലഭിച്ചില്ല. നാടകപ്രവർത്തകർ പ്രതിഷേധിച്ചെങ്കിലും സർക്കാർ വകവെച്ചില്ല. ഒടുവിൽ പ്രതിഷേധം അവസാനിപ്പിക്കേണ്ടിവന്നു. കോവിഡ് സമയത്ത് പുറത്തിറങ്ങി പ്രതിഷേധിക്കുന്നത് കുറ്റകരവുമാക്കിയിരുന്നു. സംസ്കാരം കൊണ്ട് സമ്പന്നമായ ജോഹന്നാസ് ബർഗിലും പ്രിറ്റോരിയയിലും തനത് സംഗീതം മണ്ണിൽ കിടന്നുമരിക്കുകയാണ്.


ജനതയിൽ വേരുറച്ച തനത് സംഗീതത്തെ പ്രോത്സാഹിപ്പിക്കാൻ ആരും മുതിരുന്നില്ല. തെരുവു നൃത്തങ്ങളും അതിൽ ഇഴപിരിഞ്ഞ സംസ്കാരവും സംഗീതവും അകന്നുപോയിരിക്കുന്നു. കലയുമായി ബന്ധപ്പെട്ട പരമ്പരാഗത സ്ഥാപനങ്ങൾ തകർക്കപ്പെട്ടു. വ്യാപാരവത്കരിക്കപ്പെട്ട ആഫ്രിക്കൻ സംഗീതത്തിനുവേണ്ട ചേരുവ മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്നത്.

വിമർശനങ്ങൾ അധികാരികളുടെ ശത്രുത ക്ഷണിച്ചുവരുത്തുമെന്നതിനാൽ അധികമാരും പ്രതികരിക്കാറില്ല. ഒപറകളും ബാലെകളും പരമ്പരാഗത കലാമേഖലകളെ പിന്തള്ളിയിരിക്കുന്നു. പലതിലും യൂറോപ്യൻ ക്ലാസിക്കുകളാണ് ഇതിവൃത്തം. ബ്രെറ്റ് ബെയ്‍ലിയുടെ നേതൃത്വത്തിലെ നാടകസംഘമുൾപ്പെടെ അപൂർവം അവസരങ്ങളാണ് ഉള്ളത്. സാംസ്കാരികമായും ചരിത്രപരമായും വ്യത്യസ്തമായ ജോഹന്നാസ് ബർഗിലാണ് പരമ്പരാഗത കലകൾക്ക് വേരുള്ളത്. അധികം പ്രതീക്ഷ വെച്ചുപുലർത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ItFolk: South Africa with racism in art

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-03 07:06 GMT