ബേപ്പൂർ: ബേപ്പൂർ മത്സ്യബന്ധന തുറമുഖത്തുനിന്ന് ആഴക്കടൽ മീൻപിടിത്തത്തിന് പോയ യന്ത്രവത്കൃത ബോട്ടിനെക്കുറിച്ച് ഒരു വിവരവുമില്ലാതെ ഇന്നേക്ക് മൂന്നു വർഷം തികയുന്നു. ബേപ്പൂർ സ്വദേശികളായ കെ.ടി. ഷംസുദ്ദീൻ, ചേറക്കോട് കോയമോൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ‘അജ്മീർഷാ’ ബോട്ടും 16 തൊഴിലാളികളെയുമാണ് കാണാതായത്.
2021 മേയ് അഞ്ചിന് ബേപ്പൂരിൽനിന്ന് ചൂണ്ടപ്പണിക്ക് പുറംകടലിൽ പോയതിനുശേഷം 20 ദിവസം കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന്, ബോട്ട് കാണാനില്ലെന്നു കാണിച്ച് ഉടമകൾ പരാതി നൽകുകയായിരുന്നു. ടൗട്ടെ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് സന്ദേശം അന്നാണ് ലഭിച്ചത്.
രാത്രിയോടെ ടൗട്ടെ ആഞ്ഞുവീശി. മുന്നറിയിപ്പ് വന്നയുടനെ കടലിലുണ്ടായിരുന്ന ബോട്ടുകൾ ഏറ്റവുമടുത്ത ഹാർബറുകളിൽ അടുപ്പിച്ചെങ്കിലും അജ്മീർഷാ ബോട്ടിനെക്കുറിച്ച് വിവരം ലഭിച്ചില്ല. 15 ദിവസം കടലിൽ തങ്ങാനുള്ള ഭക്ഷ്യവസ്തുക്കളും മറ്റ് അത്യാവശ്യ സാമഗ്രികളും മാത്രമാണ് ബോട്ടിലുണ്ടായിരുന്നത്. 12 തമിഴ്നാട്ടുകാരും നാല് പശ്ചിമബംഗാൾ സ്വദേശികളുമായിരുന്നു ജോലിക്കാർ.
ബോട്ട് കണ്ടെത്താൻ ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും കോസ്റ്റ് ഗാർഡിന്റെ സാവിത്രിബായ് ഫൂലെ, വിക്രം എന്നീ കപ്പലുകളും ഡോണിയർ വിമാനങ്ങളും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബോട്ട് ഉടമകളുടെയും തൊഴിലാളികളുടെയും ബന്ധുക്കളുടെയും നേതൃത്വത്തിലും യന്ത്രവത്കൃത ബോട്ടുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നു.
പിന്നീട് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് വിവിധ മന്ത്രാലയങ്ങൾക്കും കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്കും നിവേദനം സമർപ്പിച്ചു. ജീവനക്കാരെയും ബോട്ടും കണ്ടെത്താനാവാത്തതിനാൽ ഇതിലെ 14 തമിഴ്നാട്ടിലെ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം തമിഴ്നാട് സർക്കാർ നഷ്ടപരിഹാരം നൽകി.
ഉടമകളുടെ ജീവിതോപാധിയായ ബോട്ടിന് ഇതുവരെ ഒരു നഷ്ടപരിഹാരവും സർക്കാറിൽനിന്ന് ലഭിച്ചിട്ടില്ല. അപകട സാഹചര്യങ്ങളിൽ ബോട്ടുടമകൾക്ക് കേന്ദ്ര-കേരള സർക്കാറുകൾ മതിയായ സഹായങ്ങൾ നൽകാത്തതിൽ മീൻപിടിത്ത മേഖല കടുത്ത പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.